Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വേച്ഛയാ ചെയ്യുന്ന എല്ലാ ചേഷ്ടകളുടെ കർത്താവും 'ഞാൻ' തന്നെയാണ്. ഞാൻ എഴുതുന്നു, ഞാൻ സംസാരിക്കുന്നു തുടങ്ങിയവ. ഈ രണ്ടുവിഭാഗത്തിലുംപെട്ട പ്രവർത്തനങ്ങൾ സംജ്ഞാനാഡികളാലും ചേഷ്ടാ നാഡികളാലും നിയന്ത്രിക്കപ്പെടുന്നവയാണ്. ഈ രണ്ടുവിഭാഗം നാഡികളുടെയും കേന്ദ്രസ്ഥാനമാകട്ടെ പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയുമാണ്. ഇവിടത്തെ ബോധേന്ദ്രിയ കേന്ദ്രങ്ങളിലും ചേഷ്ടാകേന്ദ്രങ്ങളിലും എത്തിച്ചേരുന്ന പ്രവർത്തനശൃംഖലകളുടെയെല്ലാം കർത്താവ് എല്ലായ്പോഴും 'ഞാൻ' തന്നെയാണ്. എന്നാൽ ഉപരി കേന്ദ്രങ്ങളുമായി ബന്ധം പുലർത്താതെ ചേതനാനുചേതനാഡീവ്യൂഹങ്ങളുടെ നിയന്ത്രണത്തിൽ വർത്തിക്കുന്ന ഒട്ടേറെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളിൽ 'ഞാൻ' ഭാഗഭാക്കാകുന്നില്ല. ഹൃദയസ്പന്ദനം, രക്തചംക്രമണം, ശ്വാസോച്ഛ്വാസം, ചയാപചയം തുടങ്ങി ജീവന് പ്രധാനങ്ങളായ ഒട്ടേറെ സങ്കീർണ്ണ പ്രവർത്തനങ്ങൾ 'എന്റെ' അറിവും അനുവാദവും കൂടാതെ നടന്നുകൊണ്ടിരിക്കുന്നു. അപ്പോൾ ശാരീരിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ 'ഞാൻ' സമഗ്രമായ അധീശത്വം വഹിക്കുന്നില്ല. എന്തുകൊണ്ട്?

ഏകീകരണകേന്ദ്രം

ജന്തുശരീര പ്രവർത്തനങ്ങളുടെ സമഗ്രമായ ഐക്യത്തിന് കളമൊരുക്കുന്നത് നാഡീവ്യൂഹമാണ്. നിശ്ചിതമായ പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളെ ബാഹ്യപരിതഃസ്ഥിതിയുമായി പൊരുത്തപ്പെടുത്തുകയെന്ന കൃത്യമാണു നാഡീവ്യൂഹം പ്രധാനമായും നിർവ്വഹിക്കുന്നത്. നാഡീകോശങ്ങളിലെ രാസവൈദ്യുത പ്രവർത്തനങ്ങളിലൂടെ, ചോദനങ്ങൾ സ്വീകരിച്ച് അനുയോജ്യമായ പ്രതികരണങ്ങളെയും മറ്റും കോഡുകളാക്കി മാറ്റി സമാഹരിക്കാനും മുദ്രണം ചെയ്യാനുമുള്ള കഴിവ് മനുഷ്യന്റെ പൂർവ്വമസ്തിഷ്കത്തിലെ ഉപരി കേന്ദ്രങ്ങൾക്കുണ്ട്. ഈ ഉപരികേന്ദ്രത്തിലാണ് ബോധേന്ദ്രിയങ്ങളും ചേഷ്ടാ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്. ഈ കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനരഹിതമായാൽ അവയോടു ബന്ധപ്പെട്ട 'ഞാനും' അപ്രത്യക്ഷമാകുന്നു. ജന്മനാ അന്ധനായ ഒരുവനിൽ 'ഞാൻ' എന്ന ഭാവം രൂപപ്പെടുത്തുന്നതിൽ 'കാണുന്ന ഞാൻ' ഭാഗമാക്കാകുന്നില്ല. ശ്രവണേന്ദ്രിയങ്ങൾ കൂടി നിഷ്ക്രിയമായ ഒരുവനിൽ 'കേൾക്കുന്ന ഞാനും' ഉണ്ടാവില്ല. ഈ അവസ്ഥയിൽ ഞാൻ നിലനില്ക്കുന്നത് രുചി, ഗന്ധ, സ്പർശ കേന്ദ്രങ്ങളിലും ചേഷ്ടാകേന്ദ്രങ്ങളിലുമായിട്ടാണ്.

മയക്കുമരുന്നുകളുപയോഗിച്ചു പൂർവമസ്തിഷ്കത്തിലെ എല്ലാ ഉപരികേന്ദ്രങ്ങളേയും നിരോധാവസ്ഥയിലാക്കുന്നു എന്നിരിക്കട്ടെ. ഞാൻ പരിപൂർണ്ണമായും അപ്രത്യക്ഷമാകുന്നു. ഈ അവസ്ഥയിലും ആന്തരികാവയവങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥകൾ അന്യൂനമായി പ്രവർത്തിക്കുന്നു. ആ പ്രവർത്തനങ്ങളിൽനിന്നും 'ഞാൻ' എന്ന ബോധം ഉടലെടുക്കുന്നില്ല. ഇതിൽനിന്നും 'ഞാൻ' എന്ന ഭാവം ഉടലെടുക്കുന്നതിനു പൂർവമസ്തിഷ്കത്തിന്റെ പ്രവർത്തനം അനിവാര്യമാണെന്നു വ്യക്തമാവുന്നു. ഈ