Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറെക്കുറെ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലൈംഗികവൃത്തികളുമായി ബന്ധപ്പെട്ട ചില സ്വഭാവങ്ങൾ സുഷുമ്നാകാണ്ഡത്തിൽ വെച്ചുതന്നെ ഏകീകരിക്കപ്പെടുന്നുണ്ട്. എന്നാൽ അവിടന്നങ്ങോട്ടു മുകളിലേയ്ക്കുള്ള ഭാഗങ്ങളിൽ അതായത്, മെഡുല, പോൺസ്, സെറിബെല്ലം, മധ്യമസ്തിഷ്കം എന്നീ ഭാഗങ്ങളിൽ ലൈംഗികവാഞ്ഛയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കാര്യമായി പ്രവർത്തിക്കുന്നില്ല. പക്ഷേ, മധ്യമസ്തിഷ്കത്തിനു തൊട്ടു മുന്നിലായി സ്ഥിതിചെയ്യുന്ന മസ്തിഷ്കഭാഗത്തെ ചില കേന്ദ്രങ്ങൾ, ലൈംഗികവാഞ്ഛയെയും സ്വഭാവത്തെയും നേരിട്ടും പരോക്ഷമായും നിയന്ത്രിക്കുന്നു. ഈ ഭാഗം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ ലൈംഗികവാഞ്ഛ തീരെ ഇല്ലാതാകുന്നതുകാണാം. അതുപോലെ അധോതലാമസിന്റെ പിൻമധ്യഭാഗത്തെ കേന്ദ്രവും ലൈംഗികവാഞ്ഛയെ നേരിട്ടു നിയന്ത്രിക്കുന്നുണ്ട്. ഈ ഭാഗങ്ങൾ, ഹോർമോണുകൾ വഴിയാണ് ലൈംഗികവാഞ്ഛകളെ നിയന്ത്രിക്കുന്നത്. എന്തുകൊണ്ടെന്നാൽ ഈ ഭാഗങ്ങൾ പ്രവർത്തനരഹിതമാക്കിയാൽ ലൈംഗികവാഞ്ഛ ഇല്ലാതാകുന്നുണ്ടെങ്കിലും, അവയുടെ നിയന്ത്രണത്തിലുള്ള ഹോർമോണുകൾ ആവശ്യാനുസാരം നൽകുകയാണെങ്കിൽ അപ്രത്യക്ഷമായ വാഞ്ഛകൾ പുനരുത്തേജിക്കപ്പെടും. മറ്റു മസ്തിഷ്കഭാഗങ്ങൾ പലതും പരോക്ഷമായി മാത്രമേ ലൈംഗികവാസനകളുമായി ബന്ധപ്പെട്ടിട്ടുള്ളു.

പ്രാഥമിക വാഞ്ഛകളുടെ കൂട്ടത്തിൽ പെടുത്താവുന്നവയായിട്ട് മറ്റു പല മൗലികവാസനകളുമുണ്ട്. എല്ലാ ശിശുക്കളുടെയും മൗലികമായ ഒരു പൊതുസ്വഭാവമാണ് നിരന്തരമായ പ്രവർത്തനോന്മുഖത. ശരീരക്രിയാപരമായ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഊർജ്ജമാണ് ഈ ഊർജസ്വലതയ്ക്കു നിദാനം. ശരീരത്തിന്റെ മൗലികമായ ഊർജോല്പാദന ശേഷിയിലുള്ള അന്തരമാണ് ഒരു കുട്ടിയെ വികൃതിയാക്കുമ്പോൾ മറ്റൊരുവനെ ശാന്തശീലനാക്കുന്നത്. അടിസ്ഥാനപരമായ ഈ ഊർജസ്വലതയെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുടെ സ്വഭാവമനുസരിച്ച് ഓരോ വ്യക്തിയുടെയും മൗലികസ്വഭാവങ്ങൾ രൂപീകരിക്കപ്പെടുന്നു. ഈ നിരന്തരമായ ഊർജസ്വലതയെ നിയന്ത്രിക്കുന്നതു കേന്ദ്രനാഡീവ്യൂഹവും മാംസപേശികളുടെ പ്രവർത്തനസ്വഭാവവുമാണ്. പ്രാഥമികമായ ഈ ഊർജസ്വലതയെ വളർച്ച പ്രാപിച്ച മസ്തിഷ്കത്തോടുകൂടിയ എല്ലാ മൃഗങ്ങളും ഏറെ പ്രയോജനകരമായ വിധത്തിൽ ഉപയോഗിക്കുന്നു. ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നതിനും പുതിയ അന്തരീക്ഷത്തിൽ നിലനില്ക്കുന്നതിനും ആദ്യമായി വേണ്ടത് പരിതഃസ്ഥിതിയെക്കുറിച്ചു പഠിക്കുകയാണ്. ഇന്ദ്രിയദ്വാരാ ചുറ്റുപാടിനെക്കുറിച്ചു പഠിക്കാൻ മനുഷ്യനെപ്പോലെതന്നെ മറ്റു പല മൃഗങ്ങളും അതിയായ ആകാംക്ഷയുള്ളവരാണ്. ഒരു നായയേയോ, പൂച്ചയേയോ പുതിയൊരു മുറിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ ആദ്യമായി അത് ആ മുറി മുഴുവൻ മണത്തുനോക്കും. നമ്മുടെ ബുദ്ധിപരമായ വളർച്ചയെ സഹായിക്കുന്ന 'ജിജ്ഞാസ' എന്ന സ്വഭാവത്തിന്റെ പ്രാഥമിക പ്രതിബിംബമാണിത്. മാനവസമുദായത്തിന്റെ നിരന്തരമായ പുരോഗതിക്കു കളമൊ