Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാഡീപരവും ഹോർമോൺ സംബന്ധിയുമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ആദ്യകാലങ്ങളിൽ കരുതിപ്പോന്നിരുന്നത്, ആമാശയം ശൂന്യമായിരിക്കുമ്പോൾ നമുക്ക് വിശപ്പു തോന്നുകയും, നിറഞ്ഞിരിക്കുമ്പോൾ തൃപ്തി തോന്നുകയും ചെയ്യുന്നുവെന്നാണ്. ഒറ്റനോട്ടത്തിൽ യുക്തിസഹമെന്നു തോന്നാവുന്ന ഈ സിദ്ധാന്തം ശരിയല്ല. ആമാശയം ചുരുങ്ങുകയും നിറയുകയും ചെയ്യുന്നത് വിശപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും, വിശപ്പുണ്ടാകുന്നതിനോ ഇല്ലാതാകുന്നതിനോ ഇതു രണ്ടും അനിവാര്യമല്ല. ആധുനിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രനാഡീവ്യൂഹമാണ് ഭക്ഷണം ഉൾക്കൊള്ളുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നത്. പാർശ്വ അധോതലാമസിലാണ് ഉത്തേജകമായ നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്നത്. ഭക്ഷണം ദഹിച്ചുചേരുമ്പോൾ, ഒരു നിരോധനപ്രക്രിയ ഉത്തേജിക്കപ്പെടുകയോ, ഭക്ഷണകേന്ദ്രത്തിലെ പ്രവർത്തനം ചുരുങ്ങുകയോ ചെയ്യുന്നുണ്ടായിരിക്കണം. പക്ഷേ, ആവശ്യമായ ഭക്ഷണം ലഭിച്ചുകഴിഞ്ഞു എന്നുള്ളത് ഈ പ്രവർത്തന വ്യവസ്ഥ മനസ്സിലാക്കുന്നതെങ്ങനെയാണെന്നറിവില്ല. നാഡികൾ വഴിയല്ല ഈ വിവരം അറിയിക്കുന്നത്. എന്തുകൊണ്ടെന്നാൽ ആമാശയത്തിലേയ്ക്കുള്ള നാഡികൾ വിച്ഛേദിച്ചാലും ഭക്ഷണ ക്രമീകരണം മുറപോലെ നടക്കും. രക്തത്തിലുള്ള പഞ്ചസാരയായിരിക്കാം ഈ വാർത്ത എത്തിച്ചുകൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നതെന്നു കരുതപ്പെടുന്നു.

മസ്തിഷ്കത്തിന്റെ പാർശ്വഭാഗങ്ങളിലെ ഉത്തേജക കേന്ദ്രങ്ങൾ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഭക്ഷണം കഴിക്കാനുള്ള അഭിവാഞ്ഛ തീരെ ഇല്ലാതാകുന്നു. ഈ പരീക്ഷണത്തിന് വിധേയമാക്കിയ ജന്തുക്കൾ കുന്നുകൂടി കിടക്കുന്ന ഭക്ഷണവസ്തുക്കളിൽ കിടന്നു വിശപ്പുകൊണ്ട് ചത്തുപോയിട്ടുണ്ട്. അതേസമയം, ഈ കേന്ദ്രങ്ങളിൽ വൈദ്യുതോത്തേജനമുളവാക്കിയാൽ, തൃപ്തിയായിരിക്കുന്ന ജന്തുക്കൾ പോലും തിന്നാനും കുടിക്കാനും തുടങ്ങും. ഈ പാർശ്വ കേന്ദ്രങ്ങളിലേയ്ക്ക്, ശരീരത്തിലെ ഊർജ്ജസംഭരണത്തെക്കുറിച്ചുള്ള വിവരം എത്തിക്കുന്നത്, രക്തത്തിലുള്ള പഞ്ചസാരയുടെ തോത് വഴിയോ, മസ്തിഷ്കത്തിൽ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടുന്ന തോതനുസരിച്ചോ ആയിരിക്കും എന്നു ചില ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിച്ചിട്ടുണ്ട്. മറ്റു ചിലരുടെ അഭിപ്രായത്തിൽ ശരീരത്തിന്റെ പൊതുവിലുള്ള ഊർജ്ജ വിനിമയപ്രവർത്തനങ്ങളുടെ ഭാഗമെന്ന നിലയ്ക്ക്, താപനഷ്ടവും താപസംരക്ഷണവും സംബന്ധിച്ച പ്രക്രിയകളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് ഭക്ഷണത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ. അധോതലാമസ് കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ കോർടെക്സിലെ ഉപരിമേഖലകളിൽ ശരിയായവിധം സമന്വയിക്കപ്പെടുന്നതു കൊണ്ടാണ് വിശപ്പുമായി ബന്ധപ്പെട്ട അനുയോജ്യമായ സ്വഭാവ പ്രതികരണങ്ങളുണ്ടാവുന്നത്.