താൾ:പ്രപഞ്ചവും മനുഷ്യനും.djvu/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


25

വാഞ്ഛകളും വികാരങ്ങളും

നമ്മുടെ ബോധപൂർവമായ നിയന്ത്രണത്തെ അതിജീവിക്കുന്ന നിരവധി വാഞ്ഛകൾ അഥവാ ആഗ്രഹങ്ങൾ നമ്മിലുടലെടുക്കാറുണ്ട്. വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികവാസന, മാതൃത്വബോധം, സൗന്ദര്യബോധം തുടങ്ങി വിവിധതരത്തിൽപെട്ട അഭിവാഞ്ഛകൾ നമ്മുടെ ബോധപൂർവമായ നിയന്ത്രണത്തെ കീഴ്പെടുത്തുക പതിവുണ്ട്. ഇവയോരോന്നും ശമിപ്പിക്കുന്നതിന് സാഹചര്യത്തിനൊത്തവിധം നാം കണ്ടുപിടിക്കുന്ന മാർഗ്ഗങ്ങൾ നമ്മുടെ വ്യക്തിത്വത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ശാരീരികമായ ആവശ്യങ്ങളാണ് ബാഹ്യമായ അഭിവാഞ്ഛകളായി രൂപപ്പെടുന്നത്. ആന്തരികമായ ശാരീരികപ്രവർത്തനങ്ങൾക്ക് അനുപേക്ഷണീയമായ ഭക്ഷണം, വെള്ളം, ഓക്സിജൻ എന്നിവയുടെ ആവശ്യം നേരിടുമ്പോൾ ചില അവയവങ്ങളിൽ പ്രകടമായ അസ്വാസ്ഥ്യങ്ങളുടലെടുക്കുന്നു. പിന്നീട് അവ കൂടുതൽ വ്യാപകമായ വിധത്തിൽ പൊതുവായ ശാരീരികപ്രവർത്തനങ്ങളെയും ബാധിക്കുന്നു.

കഴിഞ്ഞ ദശകങ്ങളിലെ മനശ്ശാസ്ത്രപരമായ ഗവേഷണങ്ങളിൽ, പഠനം, വ്യക്തിത്വം, സാമൂഹ്യസ്വഭാവം തുടങ്ങിയവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ വാഞ്ഛകൾ ഒരടിസ്ഥാനഘടകമായി തീർന്നിരുന്നു. തന്മൂലം, വിവിധതരത്തിലുള്ള അഭിവാഞ്ഛകൾക്കടിസ്ഥാനമായ ശരീരക്രിയാപരപ്രക്രിയകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് സമഗ്രമായ വിശദീകരണം നൽകത്തക്കവിധമുള്ള ശാസ്ത്രീയവസ്തുതകൾ ഇനിയും ലഭ്യമായിട്ടില്ലെന്നത് ഒരു വാസ്തവമാണ്. എങ്കിലും, ഇവയ്ക്കെല്ലാം പരമാവധി തൃപ്തികരമായ പരിഹാരമേകാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്; നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

വിശപ്പ്

ഓരോ ജന്തുവും ഓരോ നിമിഷവും ഒട്ടേറെ ഊർജം ശാരീരികപ്രവർത്തനങ്ങൾക്കായി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. ജൈവവ്യവസ്ഥ തുടർന്നും നിലനിർത്തിക്കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ നഷ്ടപ്പെടുന്ന ഊർജ്ജം മുഴുവനും വീണ്ടെടുക്കേണ്ടതുണ്ട്. ഭക്ഷണം കഴിക്കുന്നതുവഴി ജന്തുക്കൾ ഈ പ്രശ്നം പരിഹരിക്കുകയാണു ചെയ്യുന്നത്. അപ്പോൾ, നഷ്ടപ്പെട്ടുപോകുന്ന ഊർജത്തിന് പകരമായി ഭക്ഷണരൂപത്തിൽ ഊർജത്തെ ഉൾക്കൊള്ളാനുള്ള പ്രവണതയെ അഥവാ അഭിവാഞ്ഛയെയാണ് നാം വിശപ്പ് എന്നു വിളിക്കുന്നത്. ഈ പ്രവണതയെ നിയന്ത്രിക്കുന്ന