താൾ:പ്രപഞ്ചവും മനുഷ്യനും.djvu/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവയെല്ലാം തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് പല തവണത്തെ ആവർത്തനം വഴിയാണ്. ഈ ബന്ധങ്ങൾ സുസ്ഥാപിതമായിക്കഴിഞ്ഞാൽ ആ വസ്തുവിൽനിന്ന് അല്ലെങ്കിൽ സംഭവത്തിൽനിന്ന് ഏതെങ്കിലും ഒരു ഇന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്ന പ്രചോദനമുണ്ടായാൽ അതു മസ്തിഷ്കത്തിലെ ബന്ധപ്പെട്ട മറ്റെല്ലാ കേന്ദ്രങ്ങളെയും ഉത്തേജിപ്പിക്കുകയും അതിന്റെ മറ്റെല്ലാ ഗുണങ്ങളും സ്മൃതിപഥത്തിൽ തെളിയുകയും ചെയ്യുന്നു. 'അമ്മ' എന്ന പദം പഠിച്ചുകഴിഞ്ഞാൽ പിന്നീട് ആ പദം കേൾക്കാനിടയാവുമ്പോൾ പ്രസ്തുത വ്യക്തിയുടെ ദർശനപരവും മറ്റുമായ രൂപം മസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടും. ഇതുപോലെ സംസാര കേന്ദ്രം സ്വായത്തമാക്കുന്ന ഓരോ പദത്തോടും അതാതു പദവുമായി ബന്ധപ്പെട്ട ബാഹ്യവസ്തുവിൽനിന്ന് അഥവാ സംഭവത്തിൽ നിന്ന് ഉള്ള സിഗ്നലുകളെ ബന്ധപ്പെടുത്തിക്കൊണ്ടാണ് നാം ഭാഷ കൈകാര്യം ചെയ്യാൻ പഠിക്കുന്നത്.

ഭാഷ തികച്ചും സാമൂഹ്യമായ ഒരു പ്രതിഭാസമാണ്. മനുഷ്യന്റെ സാമൂഹ്യജീവിതമാണ് ഭാഷയുടെ ആവിർഭാവത്തിന് വഴിതെളിച്ചത്. അതേസമയം, ഭാഷയാണ് ആധുനിക മനുഷ്യന്റെ സ്രഷ്ടാവ്. ഇന്ദ്രിയദ്വാര സ്വായത്തമാകുന്ന, പരിതഃസ്ഥിതിയിലുള്ള വിവിധ പ്രതിഭാസങ്ങളെയെല്ലാം ഭാഷാപദങ്ങളുപയോഗിച്ച് പ്രതീകവല്ക്കരിക്കാൻ കഴിയുന്നതു വഴി, വിവിധ പ്രതിഭാസങ്ങളുമായി നേരിട്ടുള്ള ബന്ധം നിലനിർത്താതെ തന്നെ അവയെക്കുറിച്ചുള്ള സ്മരണ നിലനിർത്താൻ കഴിയുന്നു. അതുമൂലം ഇത്തരത്തിലുള്ള വിവിധ വസ്തുക്കളെക്കുറിച്ചുള്ള സ്മരണകൾ തമ്മിൽ ബന്ധിപ്പിക്കാനും നമുക്ക് കഴിയുന്നു. ഇത്തരം പ്രക്രിയകളെയാണ് നാം ചിന്ത, ഭാവന എന്നെല്ലാം വിളിക്കുന്നത്. ചിന്തയും ഭാവനയുമെല്ലാം തന്നെ ഭാഷയുടെ മാധ്യമത്തിലൂടെയാണ് നടക്കുന്നത്. നാം എല്ലായ്പോഴും ചിന്തിക്കുന്നത്, ഭാഷയിലൂടെയാണ്. ഒന്നിനെക്കുറിച്ചും വാക്കുകളിലൂടെയല്ലാതെ ചിന്തിക്കാൻ നമുക്കു സാദ്ധ്യമല്ല.

ജനനം മുതൽ, നാമിടപഴകാനിടയാവുന്ന എല്ലാ സംഭവങ്ങളും മസ്തിഷ്കത്തിൽ മുദ്രണം ചെയ്യപ്പെടുന്നു. വളർന്നുവരുംതോറും ഭാഷാപദങ്ങളുപയോഗിച്ച് പ്രഥമ സിഗ്നൽ വ്യവസ്ഥയിലെ വാർത്തകളെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയിലേയ്ക്ക് വീണ്ടും നാം 'കോഡ്' ചെയ്യുന്നു. ഇതെല്ലാം തന്നെ മസ്തിഷ്കത്തിലെ കോടിക്കണക്കിനു കോശങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ വാർത്തകൾ തമ്മിൽ അഥവാ അവയെ ഉൾക്കൊള്ളുന്ന നാഡീകോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുമ്പോൾ പുതിയ ആശയങ്ങൾ രൂപം കൊള്ളുന്നു. എല്ലാ തരത്തിലുള്ള സർഗ്ഗാത്മകതയുടെയും ഭാവനയുടെയും ക്രിയാത്മകചിന്തയുടെയും അടിസ്ഥാനം, മസ്തിഷ്കകോശങ്ങൾ തമ്മിൽ പുതിയ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവ് ആണ്. ഈ കഴിവ് വിവിധ വ്യക്തികളിൽ വ്യത്യസ്തരീതിയിലായിരിക്കും. മസ്തിഷ്ക കോശങ്ങളുടെ മൗലിക