താൾ:പ്രപഞ്ചവും മനുഷ്യനും.djvu/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്യാനുള്ള കഴിവ് വ്യക്തമായും ചുരുങ്ങുന്നു. അനുമസ്തിഷ്കവും മസ്തിഷ്കത്തിലെ ഏറ്റവും പ്രധാന ഭാഗമായ സെറിബ്രവും തമ്മിൽ വിപുലമായ പ്രതിപ്രവർത്തനം നിലനിൽക്കുന്നു. അനുമസ്തിഷ്കത്തിന്റെ ബന്ധങ്ങൾ അനവധിയാണ്. അതു മസ്തിഷ്കത്തിന്റെ പല ഭാഗങ്ങളും നിയന്ത്രിക്കുകയും അവയാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

അനുമസ്തിഷ്കത്തെ തുടർന്നുള്ള മദ്ധ്യമസ്തിഷ്കം താഴെക്കിടയിലുള്ള നട്ടെല്ലു ജന്തുക്കളിൽ ഒരു സുപ്രധാന സമാകലനകേന്ദ്രമാണ്. ദൃശ്യവ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങൽ (മുകൾ ഭാഗത്തെ കോളിക്കുലൈ) അതിലുണ്ട്. ഉയർന്ന നട്ടെല്ലു ജന്തുക്കളിൽ ശ്രവണകേന്ദ്രങ്ങളും കൂടി ഇതിൽ രൂപം കൊള്ളുന്നു. സസ്തനികളിൽ കൺപോളകൾ പെട്ടെന്ന് അടയ്ക്കുന്നതും മറ്റും കോളിക്കുലൈ വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. അതുപോലെ തന്നെ കൃഷ്ണമണിയുടെ സങ്കോചത്തിനും പൂർവമസ്തിഷ്കം ആവശ്യമാണ്. പക്ഷേ, ഭൂരിപക്ഷം ദർശന പ്രതികരണങ്ങളും, സെറിബ്രത്തിലെ ദർശനകേന്ദ്രങ്ങളാണ് നിയന്ത്രിക്കുന്നത്. മധ്യമസ്തിഷ്കത്തിന് തൊട്ടു മുന്നിലായി മസ്തിഷ്കം കുറുകെ മുറിച്ചാൽ നായയ്ക്കും പൂച്ചയ്ക്കും സ്വയം തെറ്റുതിരുത്താനും ഏറെക്കുറെ നിവർന്നുനിൽക്കാനും കഴിയും. പക്ഷേ, കുരങ്ങുകൾക്കും മനുഷ്യനും മറ്റും നിൽക്കാൻപോലും കഴിയില്ല. മത്സ്യങ്ങളിലും ഉഭയവാസികളിലും മധ്യമസ്തിഷ്കം ഏറ്റവും പ്രധാനപ്പെട്ട സമാകലനകേന്ദ്രമായി പ്രവർത്തിക്കുന്നു; അവയുടെ ഭൂരിപക്ഷം സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ സസ്തനികളിൽ അല്പം ചില ദൃശ്യ ശ്രവണ റിഫ്ളെക്സുകൽ മാത്രമേ ഈ ഭാഗം നിയന്ത്രിക്കുന്നുള്ളു. സങ്കീർണ്ണമായ സമാകലനം മസ്തിഷ്കത്തിന്റെ പൂർവ്വഭാഗങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുന്നു.

തലാമസും അധോതലാമസും ബന്ധപ്പെട്ട അവയവങ്ങളുമടങ്ങിയതാണ് മസ്തിഷ്കത്തിന്റെ അടുത്ത ഭാഗം. ഇവയ്ക്കു മസ്തിഷ്ക പ്രവർത്തനങ്ങളിൽ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട് എന്നുള്ളതു ഇന്ന് ഏറെക്കുറെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പക്ഷികളിലും സസ്തനികളിലും പല പ്രധാന സംവേദനകേന്ദ്രങ്ങളും തലാമസിൽ സ്ഥിതി ചെയ്യുന്നുണ്ട്. സസ്തനികളിൽ, വാർത്തകൾ സെറിബ്രത്തിലേയ്ക്ക് പുനഃപ്രേഷണം ചെയ്യുന്ന കേന്ദ്രങ്ങളായും അവ പ്രവർത്തിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് ശേഖരിക്കപ്പെടുന്നതും അവിടെനിന്ന് പുറപ്പെടുവിക്കുന്നതുമായ ചില ഹോർമോണുകൾ അധോതലാമസിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. പക്ഷികളിലും സസ്തനികളിലും 'താപസ്ഥാപി' ആയി പ്രവർത്തിക്കുന്ന താപ സംവേദക കോശങ്ങളും അധോതലാമസിലാണുള്ളത്. ചുരുക്കത്തിൽ ഒട്ടേറെ സ്വയംപ്രവർത്തകവും അന്തസ്രാവിപരവുമായ ധർമ്മങ്ങളെ നിയന്ത്രിക്കുന്നത് അധോതലാമസാണ്. വികാരപരമായ പ്രവർത്തനങ്ങളെയും സങ്കീർണ്ണമായ ജന്മവാസനകളെയും നിയന്ത്രിക്കുന്നതിൽ ഇതിന് സുപ്രധാന സ്വാധീനശക്തിയുണ്ട്.