താൾ:പ്രപഞ്ചവും മനുഷ്യനും.djvu/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു22

നാഡീവ്യൂഹം ഘടനയും പ്രവർത്തനരീതിയും


ജീവവസ്തുവിന്റെ മൗലികഘടകത്തെയാണ് നാം ജീവകോശം എന്നുവിളിക്കുന്നത്‌. ഏകകോശജീവി ഒരേ കോശംകൊണ്ടുതന്നെ ആവശ്യമായ എല്ലാ കൃത്യങ്ങളും നിർവഹിക്കുമ്പോൾ, ബഹുകോശജീവികൾ വിവിധ കോശങ്ങൾക്കായി ജോലി വിഭജനം നടത്തുന്നു. മനുഷ്യനടക്കമുള്ള ഏറ്റവും ഉയർന്ന തരം ജന്തുക്കളിൽ ഇത്തരം ജോലി വിഭജനങ്ങൾ അതീവ സങ്കീർണ്ണമാണ്. ആരംഭത്തിൽ ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്ന ഏറെക്കുറെ സമാനാകൃതിയിലുള്ള കോശങ്ങൾ കാലക്രമത്തിൽ സവിശേഷീകരണ പ്രക്രിയയിലൂടെ, ഘടനയിലും പ്രവർത്തനത്തിലും യാതൊരു സാമ്യവുമില്ലാത്തവണ്ണം വിഭിന്നങ്ങളായി തീരുന്നു. അസ്ഥികൂടം, പേശികൾ, രക്തവും രക്തവാഹിനികളും, നാഡീവ്യൂഹം എന്നിങ്ങനെ പോകുന്നു ആ വിഭജനപ്രക്രിയയുടെ പരിണതഫലങ്ങൾ. ഇങ്ങനെ വിവിധ രീതിയിലും രൂപത്തിലും ഉടലെടുക്കുന്ന കോടാനുകോടി കോശങ്ങളുടെ പരസ്പരബദ്ധമായ പ്രവർത്തനത്തിലൂടെയാണ് മനുഷ്യൻ മനുഷ്യനായി നിലനിൽക്കുന്നത്. മറ്റെല്ലാ ജീവികൾക്കുമെന്നപോലെ മനുഷ്യനും ആന്തരികമായ അവയവങ്ങളുടെ പ്രവർത്തനത്തെ കോർത്തിണക്കുന്നതോടൊപ്പം, ചുറ്റുപാടുമായി രമ്യതയിൽ വർത്തിക്കേണ്ടതുമുണ്ട്. ആന്തരികസ്ഥിതിയുടെയും ബാഹ്യപരിതഃസ്ഥിതിയുടെയും മാറ്റങ്ങൾക്കും രൂപഭേദങ്ങൾക്കും അനുസരിച്ച്, ഓരോ ജീവകോശത്തിന്റെയും ആകെത്തുകയായ ജീവശരീരത്തെയും അതിന്റെ വളർച്ചയെയും നിയന്ത്രിക്കുകയും ചെയ്യുന്ന, സവിശേഷഘടനയും പ്രവർത്തനശേഷിയുമുള്ള ജീവ കോശങ്ങളുടെ വ്യവസ്ഥയാണ്‌ നാഡീവ്യൂഹം. ഇവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ശരീരത്തിലെ മറ്റൊരു വ്യവസ്ഥയാണ്‌ ഹോർമോണുകളുൽപാദിപ്പിക്കുന്ന അന്തസ്രോതഗ്രന്ഥികൾ. ഈ രണ്ടു കോശവ്യൂഹങ്ങളും മറ്റുള്ള വിവിധതരം കോശങ്ങളെപ്പോലെതന്നെ, ആദ്യകാല വളർച്ചക്കിടയിൽ പ്രാഥമിക കോശങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ്‌ രൂപാന്തരം ഭവിച്ചുണ്ടായവയാണ്.

ഉത്തേജകത്വം

അചേതനവസ്തുക്കളിൽനിന്നു സചേതനവസ്തുക്കളെ വേർതിരിച്ചു നിറുത്തുന്ന അവയുടെ അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷമാണ്‌ ഉത്തേജകത്വം. ബാഹ്യപരിതസ്ഥിതിയിൽ നിന്നുളവാകുന്ന താപം, പ്രകാ