ങ്ങളുടെ സംയോജനഫലമായ ഒരു ഗുണമാണെന്നു പറയുമ്പോൾ അതിനെ എന്തുകൊണ്ടു ഘടകങ്ങളായി വിശ്ലേഷിപ്പിക്കാൻ കഴിയുന്നില്ല എന്നു ചോദിച്ചേയ്ക്കാം. ഉത്തരമുണ്ട്. നാഡീകോശപരമായ പ്രവർത്തനങ്ങളിലൂടെയുള്ള തരംതിരിക്കലിനു ഒരു പരിധിയുണ്ട്. വീണക്കമ്പികളുടെ ഓരോ ചലനത്തിൽനിന്നും ഉണ്ടാകുന്ന ശബ്ദവീചികളെല്ലാം തിരിച്ചറിയാൻ നമ്മുടെ ശ്രവണേന്ദ്രിയത്തിന് കഴിയുന്നില്ല. ഒരു പ്രത്യേക പരിധി കഴിഞ്ഞാൽ ഈ സൂക്ഷ്മഘടകങ്ങളെ വിവേചിച്ചറിയാൻ നാഡീകോശ പ്രവർത്തനത്തിനു കഴിയാതെ വരുന്നു. ഓരോ ജീവിയുടെയും വിവേചനശക്തിയുടെ പരിധി നിർണയിക്കപ്പെടുന്നത് അതിന്റെ ജീവശാസ്ത്രപരമായ ഘടനയുടെ സങ്കീർണതയനുസരിച്ചാണ്. ഈ പരിധിക്കു താഴെയുള്ള എല്ലാ പ്രചോദനങ്ങളും വിശ്ലേഷണം ചെയ്യാൻ പറ്റാത്തതായി അനുഭവപ്പെടുമെന്നേയുള്ളു.
മനസ്സിനെക്കുറിച്ചുള്ള വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വ്യാഖ്യാനങ്ങളെല്ലാം അഭിമുഖീകരിക്കുന്ന പല സങ്കീർണ്ണപ്രശ്നങ്ങൾക്കും ഈ ചിന്താഗതി പരിഹാരമേകുന്നു. മാനസിക പ്രവർത്തനങ്ങളെന്നപേരിൽ നാം വ്യവഹരിക്കുന്ന പ്രതിഭാസങ്ങളെല്ലാംതന്നെ, നാഡീവ്യൂഹത്തിൽ നടക്കുന്ന തികച്ചും ഭൗതിക രാസപ്രവർത്തനങ്ങളുടെ പ്രതീകാത്മകമായ വിവരണങ്ങളാണെന്നു വരുമ്പോൾ, വസ്തുനിഷ്ഠ ഗവേഷണങ്ങൾ നടത്താനുള്ള കളമൊരുങ്ങുന്നു. നാഡീവ്യൂഹത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെയെല്ലാം രഹസ്യം അനാവരണം ചെയ്യപ്പെടുന്നതോടെ, ദുരൂഹമെന്ന് ഇന്ന് കണക്കാക്കിപ്പോരുന്ന മനശാസ്ത്ര പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടും. തന്മൂലം മാനസികപ്രക്രിയകൾ എന്നെന്നും നമുക്കജ്ഞാതമായി നില കൊള്ളുമെന്ന വാദഗതി തള്ളിക്കളയേണ്ടിയിരിക്കുന്നു.