താൾ:പ്രപഞ്ചവും മനുഷ്യനും.djvu/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മേഖലയിൽ രൂഢമൂലമായിരിക്കും. ജാക്സൺ മദ്ധ്യമേഖലയെന്ന് വിളിച്ചത് ഇതിനെയാണ്. ഫ്രോയ്ഡ് ഇതിന് ഈഗോ എന്നും പേരു നൽകി. പാവ് ലോവിന്റെ നിഗമനങ്ങളനുസരിച്ച് നിരുപാധിക റിഫ്ലെക്സുകളേക്കാൾ കൂടുതൽ പരിവർത്തനവിധേയവും അനുവർത്തനപരവും ആർജിതവുമായ സ്വഭാവങ്ങൾക്കാസ്പദമായ വ്യവസ്ഥിത റിഫ്ലെക്സുകൾ (സോപാധിക റിഫ്ലെക്സുകൾ) ആണ് ഈ മേഖലയെ പ്രതിനിധാനം ചെയ്യുന്നത്.

അവസാനത്തെ മേഖല പ്രധാനമായും മനുഷ്യമസ്തിഷ്കത്തിൽ മാത്രമേ വളർന്നു വികസിച്ചിട്ടുള്ളൂ. ഉയർന്ന നിലവാരം പുലർത്തുന്ന സ്തന്യപങ്ങളിലും മറ്റു ജന്തുക്കളിലും ചില ഭാഗങ്ങൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. മനുഷ്യമസ്തിഷ്കത്തിൽ പൂർവദളങ്ങളുടെയും പരൈറ്റോ-ഓക്സിപിറ്റോ-ടെമ്പറൽ ദളങ്ങളുടെയും സംയോജക കോർടെക്സുകളുടെയും അമിത വളർച്ചയെത്തിയ ഭാഗങ്ങളാണ് ഈ മേഖലയെ പ്രതിനിധീകരിക്കുന്നത്. ജാക്സൺ ഉയർന്ന മേഖലയെന്നും, ഫ്രോയ്ഡ് സൂപ്പർഈഗോ എന്നും ഇതിന് പേരു നൽകി. ഉയർന്ന തരത്തിലുള്ള എല്ലാ മാനസിക പ്രവർത്തനങ്ങളും വാർത്താവിനിമയവും മറ്റും നടക്കുന്നതിവിടെയാണ്. പാവ് ലോവ് ഭാഷയെ ദ്വിതീയ സിഗ്നൽ എന്നാണ് വിളിക്കുന്നത്‌. തന്മൂലം ഭാഷയുടെ മാധ്യമമുപയോഗിച്ച് കൊണ്ട് നടക്കുന്ന മാനസിക പ്രവർത്തനങ്ങളുടെ ഈ മേഖലയെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയെന്നു പാവ് ലോവ് വിളിക്കുന്നു. ഈ വിവിധ മേഖലകൾ അഭേദ്യമായവിധം ബന്ധപ്പെട്ടുകൊണ്ടാണ് എല്ലാ ജീവികളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലകളുടെയെല്ലാം ഒത്തു ചേർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഓരോ ജീവിയും പ്രകടിപ്പിക്കുന്ന എല്ലാ സ്വഭാവങ്ങളും രൂപം കൊള്ളുന്നത്‌. ഈ നാഡീ വ്യൂഹമേഖലകൾ, ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവയാണെന്ന കാര്യവും ശ്രദ്ധേയമാണ്. ശരീരത്തിലെ എല്ലാ പ്രവർത്തനവ്യവസ്ഥകളുടെയും കൂട്ടായ പ്രവർത്തനമാണ് ഓരോ ജന്തുവിന്റെയും വ്യക്തിത്വത്തിനാധാരം. അപ്പോൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിനാധാരമായ എല്ലാ ജൈവപ്രവർത്തനങ്ങൾക്കും കൂടി 'മനസ്സ്' എന്ന് പൊതുസംജ്ഞ നൽകുന്നത് നിരർത്ഥകമാണെന്നു വ്യക്തമാണ്.

Jj93.JPG