Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള വികാരങ്ങൾ വരെ 'മാനസികം' എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്ലാ പ്രക്രിയകളും നടക്കുന്നത് മസ്തിഷ്കത്തിലും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുമാണ്.

എല്ലാ മാനസിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിലാണെന്നു വരുമ്പോൾ 'മനസ്സ്' എന്നു നാം വിളിക്കുന്ന പ്രതിഭാസം മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ലല്ലോ. എന്നാൽ പരസ്പരവിരുദ്ധങ്ങളെന്നു കരുതാവുന്ന വികാരങ്ങളും വിചാരങ്ങളും ഒരേ പ്രതിഭാസത്തിന്റെ രണ്ടു വശങ്ങളാണെന്നു കരുതാമോ? ഏതായാലും വികാരങ്ങൾക്കു ജന്മം നൽകിയ അതേ മസ്തിഷ്കപ്രവർത്തനങ്ങൾ തന്നെയാവില്ല വിചാരങ്ങൾക്കു രൂപം നൽകുന്നത്. മസ്തിഷ്കത്തിലെ വ്യത്യസ്ത ഭാഗങ്ങളായിരിക്കണം വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾക്കു നിദാനം. അപ്പോൾ വളരെയൊന്നും പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന വിവിധ വികാരവിചാരങ്ങളെല്ലാം തന്നെ ഒരേ പൊതുസ്വഭാവത്തിനു കീഴിൽ വർത്തിക്കുന്നു എന്നു വരുന്നു. ഈവിധ മാനസിക പ്രവർത്തനങ്ങളുടെയെല്ലാം ആകെത്തുകയെ 'മനസ്സ്'എന്നു വിളിക്കുന്നതിൽ പന്തികേടുണ്ട്.

വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുപോകാൻ മസ്തിഷ്കത്തിന് എങ്ങനെ കഴിയുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. ഒരു ഉദാഹരണം നോക്കാം. ആധുനിക കാലഘട്ടത്തിലെ ഏതെങ്കിലുമൊരു ഗവണ്മെന്റിന്റെ പ്രവർത്തനരീതി നോക്കുക. രാജ്യത്തെ പരസ്പരബന്ധമില്ലാത്തതെന്നു തോന്നാവുന്ന വിവിധ പ്രശ്നങ്ങൾക്കായി വിവിധ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കീഴിൽ അനവധി വകുപ്പുകളുണ്ട്. അവയെല്ലാം തന്നെ തനതായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. എന്നാൽ ഈ പ്രവർത്തനങ്ങളുടെ ഫലമായി രാജത്തിന്റെ വൈവിധ്യമാർന്ന പ്രശ്നങ്ങൾ പരിഹൃതമാകുന്നു. ഇങ്ങനെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നതെങ്കിലും ഗവണ്മെന്റ് എന്ന ഏകസ്ഥാപനമാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നു നാം കരുതുന്നു. ഒരർത്ഥത്തിൽ ഗവണ്മെന്റ് എന്നത് നമ്മുടെ ഒരു സങ്കല്പമാണ്. യഥാർത്ഥത്തിലുള്ളത് വിവിധ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാൽ കൂട്ടായ ഉത്തരവാദിത്വവും പരസ്പരധാരണയുള്ളതുമായ ഏതാനും വകുപ്പുകളും അവയുടെ തലവന്മാരുമാണ്. പോലെ മനസ്സ് എന്നതും നമ്മുടെ ഏറ്റവും സുന്ദരമായ ഭാവനകളിലൊന്നാണ്. യഥാർത്ഥത്തിൽ മാനസികപ്രവർത്തനങ്ങളെന്നറിയപ്പെടുന്ന വിവിധ വികാര വിചാരങ്ങൾക്കു നിദാനമായ മസ്തിഷ്കഭാഗങ്ങളും അവയുടെ പരസ്പരാഭിമുഖ്യമുള്ള പ്രവർത്തനങ്ങളുമാണു നിലനിൽക്കുന്നത്. ഇതിനുപരിയായി മസ്തിഷ്കത്തിൽനിന്നു വ്യത്യസ്തമായോ അതിനതീതമായോ വർത്തിക്കുന്ന ഒരു മനസ്സിനെക്കുറിച്ചു നിലനിൽക്കുന്ന ധാരണകൾ, മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ നിരർത്ഥകങ്ങളാണെന്നു കാണാവുന്നതാണ്.