താൾ:പ്രപഞ്ചവും മനുഷ്യനും.djvu/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിണാമവാദിയായ കണാദനെ സംബന്ധിച്ചിടത്തോളം 'സൂക്ഷ്മപരിണാമമുള്ളതുമാണ് മനസ്സ്. അതു പ്രത്യക്ഷവിഷയമല്ല. ഇങ്ങനെ പരസ്പരവിരുദ്ധങ്ങളായ ഒട്ടേറെ ആശയഗതികൾ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നു.

അതിപുരാതനകാലം മുതൽക്കെ നമ്മുടെ പൂർവ്വികർ മനസ്സിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയതാണ്. അതിനനുസൃതമായി രൂപംകൊണ്ട സങ്കല്പങ്ങളാണ് ആ പദത്തിനു ചുറ്റും പരിവേഷം ചാർത്തിക്കൊണ്ട് അർത്ഥപുഷ്ടിയുണ്ടാക്കുന്നതും. ഇത്തരം സങ്കല്പങ്ങളെല്ലാം കാലപ്പഴക്കം കൊണ്ടു മാത്രം 'സത്യ'ങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കയാണ്. ' ജീവ'ന്റെ കാര്യത്തിലെന്നപോലെ ഇവിടെയും സാധാരണക്കാർ സത്യമായി അംഗീകരിച്ചുവരുന്ന ഒരു സങ്കല്പമുണ്ട്. 'മനസ്സ്'എന്നത് എന്താണെന്ന് തങ്ങൾക്കു വാസ്തവത്തിൽ അറിവില്ലെന്ന പരമാർത്ഥം അവഗണിച്ചുകൊണ്ട് ഭൗതികാതീതമായ ഒരു പ്രതിഭാസമാണെന്നും, അതിനാൽ ശാസ്ത്രീയപഠനം കൊണ്ട് അതിനെക്കുറിച്ചു എന്തെങ്കിലും മനസ്സിലാക്കാൻ കഴിയില്ലെന്നുമാണ് ആ സങ്കല്പം. എന്നാൽ ഇങ്ങനെയൊരഭിപ്രായം പറയണമെങ്കിൽ മനസ്സ് എന്താണെന്നു വ്യക്തമായി അറിഞ്ഞിരിക്കണ്ടേ? അതൊട്ടറിഞ്ഞുകൂടാതാനും. അപ്പോൾ ആദ്യമായി നാം ചെയ്യേണ്ടത് ഇത്തരം മുൻ വിധികളെ മാറ്റി നിർത്തുകയാണ്. എന്നിട്ട് അല്പം വിശകലനബുദ്ധിയോടെ പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുകയാണ്.

മനസ്സ് എന്ന സങ്കല്പം

നമ്മുടെ മുന്നിലുള്ള ഈ സങ്കീർണ്ണപ്രശ്നം നിരൂപണബുദ്ധിയോടെ വിശകലം ചെയ്യണമെങ്കിൽ ആദ്യംതന്നെ 'മനസ്സ്' എന്ന പദംകൊണ്ട് സാധാരണഗതിയിൽ നാമർത്ഥമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നു പരിശോധിക്കണം. ചിന്ത, ബുദ്ധി, ധൈര്യം, ഭയം, കോപം, ദയ, സ്നേഹം, ക്രൂരത, സുഖം, ദുഃഖം തുടങ്ങിയ വിവിധ സ്വഭാവങ്ങളെല്ലാം തന്നെ മനസ്സിന്റെ സാമ്രാജ്യത്തിലുൾപ്പെടുത്തിയിരിക്കുകയാണു നാം. പുരാതനകാലത്ത് ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൂടി ഹൃദയത്തിലാണു നടക്കുന്നതെന്ന ധാരണ നിലനിന്നിരുന്നു. അതുകൊണ്ടാണ് 'ഹൃദിസ്ഥമാക്കുക' മുതലായ വാക്കുകൾ ഇന്നും നിലനിൽക്കുന്നത്. എന്നാൽ ഹൃദയം രക്തചംക്രമണത്തെ നിയന്ത്രിക്കുന്ന ഒരവയവം മാത്രമാണെന്ന് രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഹിരാക്ലീറ്റസ് എന്ന ശാസ്ത്രജ്ഞൻ തെളിയിച്ചെങ്കിലും ഭാഷയിൽനിന്ന് ഇന്നും ആ പദപ്രയോഗം നീങ്ങി കിട്ടിയിട്ടില്ല. അതുപോലെ എല്ലാ വികാരങ്ങളും ഹൃദയത്തിലാണ് ജന്മമെടുക്കുന്നതെന്ന് അഭ്യസ്തവിദ്യരടക്കമുള്ള ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്നും വിശ്വസിക്കുന്നു. ഒരാളുടെ ഹൃദയം മറ്റൊരാളിലേയ്ക്കു മാറ്റിവെച്ചാൽ ആദ്യത്തെയാളുടെ വികാരങ്ങൾ അപരനിലേയ്ക്കു പകരുന്നില്ലെന്നും അയാൾ തന്റെ പഴയ വികാരങ്ങളുമായിത്തന്നെ ജീവിതം തുടരുമെന്നും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ടിന്ന്. എന്നാൽ പോലും തങ്ങളുടെ പഴയ വിശ്വാസത്തെ ചോദ്യം ചെയ്യാനും തിരുത്താനും മടിക്കുന്നവരാണധികം പേരും. ബുദ്ധിപരമായ പ്രവർത്ത