താൾ:പ്രപഞ്ചവും മനുഷ്യനും.djvu/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കരിച്ച ഏതോ പ്രാഥമിക ഉഭയജീവിയിൽ നിന്നാണ് ഇഴജന്തുക്കൾ ആവിർഭവിച്ചത്. ഇന്നത്തെ പല്ലി, അരണ, പാമ്പ്, ആമ, മുതല തുടങ്ങിയവയെല്ലാം ഇഴജന്തുക്കളാണ്. പക്ഷേ, ഇവയെല്ലാം അന്നത്തെ പ്രാഥമിക ജന്തുക്കളിൽനിന്ന് പിൽക്കാലത്ത് പരിണമിച്ചുണ്ടായവയാണ്. ഇതേ കാലഘട്ടത്തിൽ തന്നെ, ഭൂമിയുടെ വിവിധഭാഗങ്ങളിലായി വമ്പിച്ച വനങ്ങൾ വളർന്നുവരികയുണ്ടായി. ഈ സമയത്തെ ഇഴജന്തുക്കളുടെ ചർമ്മം, ശുഷ്ക്കിച്ചതായിരുന്നതുകൊണ്ട് അവയ്ക്ക് ശരീരത്തിലെ ജലം നഷ്ടപ്പെടാതെ കഴിക്കാനും അങ്ങനെ ഉഭയവാസികളെപ്പോലെ ജലത്തെ ആശ്രയിക്കാതിരിക്കാനും കഴിഞ്ഞു. സുരക്ഷിതകവചത്തോടുകൂടിയ ഇഴജന്തുക്കളുടെ മുട്ടകൾ ജലത്തെ ആശ്രയിക്കാതെ കുഞ്ഞുങ്ങൾക്കു വളരാനുള്ള സാഹചര്യമൊരുക്കി.

പാലിയോസോയിക് മഹാകല്പത്തിലെ അവസാനകല്പമായ പെർമിയനാണ് അടുത്തത്. 26 കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ച അതു 3½ കോടി വർഷം നീണ്ടുനിന്നു. ഈ കാലഘട്ടത്തിൽ കോണിഫർ (സൂചിമുന)മരങ്ങൾ അത്യധികം വളർന്നു പെരുകുകയുണ്ടായി. അതുപോലെ പനമരങ്ങളുടെയും മറ്റും ബന്ധുക്കളും രംഗപ്രവേശം ചെയ്തു. വരണ്ട ചർമ്മത്തോടു കൂടിയ ഇഴജന്തുക്കൾ വളരെയേറെ വളർന്നു വികസിച്ചു. ഭൂമിയുടെ വൻകരകൾ പലതും ഇവയുടെ സാമ്രാജ്യങ്ങളായി മാറി. കരയിൽ ഇവയെ ആക്രമിക്കാൻ പറ്റിയ ജന്തുക്കളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ.

ദിനോസോറുകൾ

പാലിയോസോയിക് മഹാകല്പത്തിനു ശേഷമുള്ള മിസോസോയിക് മഹാകല്പമാണടുത്തത്. ഈ മഹാകല്പത്തെ മൂന്നു കല്പങ്ങളായി വിഭജിച്ചിരിക്കുന്നു-ട്രയാസിക്, ജുറാസിക്, ക്രെട്ടേഷ്യസ്. ഇതിലാദ്യത്തേതായ ട്രയാസിക് കല്പം 22 ½ കോടി വർഷങ്ങൾക്കു മുമ്പാരംഭിക്കുകയും 4 ½ കോടി വർഷം നിലനില്ക്കുകയും ചെയ്തു. ഇഴജന്തുക്കളിൽ പെട്ട അത്ഭുതാവഹമായ ഒരു വിഭാഗം ജന്തുക്കൾ ആവിർഭവിച്ചത് ഈ കല്പത്തിലാണ്. നമുക്കൂഹിക്കാൻപോലും കഴിയാത്തത്ര വലിയ ഭീമാകാര ജന്തുക്കളായിരുന്നു ഇവ. ദിനോസോറുകൾ എന്നാണിവ അറിയപ്പെട്ടിരുന്നത്. 80-ഉം 100-ഉം അടി നീളവും, 20-30 അടി ഉയരവുമുണ്ടായിരുന്ന ചില പർവ്വതസദൃശജന്തുക്കളും ഇവയിലുൾപ്പെട്ടിരുന്നു. സാധാരണയിൽ കവിഞ്ഞ ഈ ശാരീരിക വളർച്ച തന്നെയാണ് പിൽക്കാലത്ത് ഇവയെ ഉന്മൂലനം ചെയ്തത്.

അടുത്ത കല്പമായ ജുറാസിക് 18 കോടി വർഷങ്ങൾക്കു മുമ്പാണാരംഭിച്ചത്. അതിന്റെ കാലയളവ് 5 കോടി വർഷമായിരുന്നു. ദിനോസോറുകൾ ഭൂമിയെ അടക്കി ഭരിച്ചിരുന്നത് ഈ കാലത്താണ്. അവ അത്രയധികം പെരുകിയിരുന്നു. ഇതേ സമയം അതിപ്രധാനങ്ങളായ ചില പരിണാമങ്ങൾ കൂടി നടക്കുന്നുണ്ടായിരുന്നു. താരതമ്യേന ചെറിയ ഒരു വിഭാഗം ദിനോസോറുകളിൽനിന്ന് പറക്കാൻ കഴിവുള്ള ചില ജന്തുക്കൾ ഈ കാലഘട്ടത്തിൽ ഉടലെടുക്കുകയുണ്ടായി. ഇഴജന്തുക്കളുടേതു പോലത്തെ വാലും