Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നട്ടെല്ലുള്ള ജന്തുക്കൾ

പാലിയോസോയിക് മഹാകല്പത്തിലെ അടുത്ത കല്പമായ ഓർഡോവിഷ്യൻ 48 കോടി വർഷങ്ങൾക്കുമുമ്പാരംഭിക്കുകയും 4 ½ കോടി വർഷങ്ങളോളം നിലനിൽക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ആദ്യത്തെ പ്രാഥമിക മത്സ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നട്ടെല്ലുള്ള ജീവികളിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ പ്രതിനിധികളാണിവ. ഈ ഘട്ടത്തിലും 3 കോടി കൊല്ലം നീണ്ടുനിന്ന അടുത്ത കല്പമായ സൈലൂറിയനിലും വൈവിധ്യമാർന്ന രീതിയിൽ മത്സ്യങ്ങൾ പരിണമിക്കുകയും വ്യത്യസ്ത മത്സ്യജാതികൾ ആവിർഭവിക്കുകയും ചെയ്തു. കരയിലെ പ്രാഥമിക സസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് സൈലൂറിയൻ കല്പത്തിലാണ്. അതുപോലെ തന്നെ ചിലതരം മത്സ്യങ്ങളിൽ ശ്വാസകോശങ്ങൾക്കു തുല്യമായ അവയവങ്ങൾ ഉടലെടുക്കുകയും അവ കരയിലേക്കു അല്പാല്പം കയറിക്കൂടാൻ ആരംഭിക്കുകയും ചെയ്തിരുന്നു.

40 ½ കോടി വർഷങ്ങൾക്കുമുമ്പാരംഭിച്ച് 6 ½ കോടിയോളം വർഷം നീണ്ടുനിന്ന അടുത്ത കല്പമായ ഡിവോണിയനിലാണ്, കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള തവളയുടെ വംശത്തിൽപ്പെട്ട ഉഭയവാസികൾ പ്രത്യക്ഷപ്പെട്ടത്. ജൈവ പരിണാമ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഘട്ടമായിരുന്നു ഇത്. കാരണം, വിജനമായി കിടന്നിരുന്ന വിശാലമായ കരകളെ സജീവമാക്കിത്തീർക്കുകയും തുടർന്നുള്ള അത്ഭുതാവഹമായ പരിണാമങ്ങൾക്ക് കളമൊരുക്കുകയും ചെയ്തത് ഈ ജന്തുവിഭാഗങ്ങളുടെ കരയിലേയ്ക്കുള്ള രംഗപ്രവേശമായിരുന്നു. ഇതേസമയത്തുതന്നെ, സമുദ്രത്തിലെന്നപോലെ ശുദ്ധജലാശയങ്ങളിലും മത്സ്യങ്ങൾ വൈവിധ്യത്തിലും എണ്ണത്തിലും പെരുകിക്കൊണ്ടിരുന്നു.

നാലുകോടി വർഷം നീണ്ടുനിന്ന മിസിസിപ്പിയൻ കല്പമാണടുത്തത്. ഈ ഘട്ടത്തിലാണ് അസ്ഥിമത്സ്യങ്ങളിൽനിന്ന് വ്യത്യസ്തമായ സ്രാവുകളെപ്പോലുള്ള തരുണാസ്ഥിമത്സ്യങ്ങൾ അത്യധികമായി പെരുകിയത്. ഈ സമയത്ത്, ഈർപ്പമുള്ള ചർമ്മത്തോടുകൂടിയ തവളകളെപ്പോലുള്ള ഉഭയവാസികൾ നദികളുടേയും തടാകങ്ങളുടേയും കരയിൽ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഈർപ്പമുള്ള ചർമ്മം വരണ്ടുപോകാതിരിക്കാനായി അവയ്ക്ക് ഇടയ്ക്കിടെ വെള്ളത്തിലേയ്ക്ക് തിരിച്ചുവരേണ്ടിയിരുന്നു. മാത്രമല്ല, മുട്ടയിടാനും കുഞ്ഞുങ്ങൾക്കു വളരാനും ജലത്തെത്തന്നെ ആശ്രയിക്കാൻ അവർ നിർബന്ധിതരായിരുന്നു. ഈ കാലത്ത് ഭൂമിയാകെ പുൽച്ചെടികളെക്കൊണ്ടും പായലുകളെക്കൊണ്ടും നിറഞ്ഞുകഴിഞ്ഞിരുന്നു.

മുപ്പതുകോടി വർഷങ്ങൾക്കുമുമ്പാരംഭിച്ചതും നാലുകോടി വർഷം നീണ്ടുനിന്നതുമായ അടുത്ത കല്പം പെൻസിൽവേനിയൻ എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിലാണ് ആദ്യത്തെ ഇഴജന്തുക്കൾ പ്രത്യക്ഷപ്പെടുന്നത്. ഉഭയവാസികളുടെയും ഇഴജന്തുക്കളുടെയും പൊതു പൈതൃകസ്ഥാനം അല