പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ ആപേക്ഷികസിദ്ധാന്തവും തുടർന്ന് രംഗപ്രവേശം ചെയ്ത ക്വാണ്ടം ബലതന്ത്രത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെട്ടതോടെ, പഴയ ഭൗതികവാദം തകർന്നിരിക്കുന്നു എന്നും, പ്രപഞ്ചം മുഴുവനും തന്നെ തികഞ്ഞ അനിശ്ചിതത്വത്തിലാണ് നിലനില്ക്കുന്നതെന്നുമുള്ള ആശയവാദവീക്ഷണം മുൻകൈ നേടി. പഴയ യാന്ത്രികഭൗതികവാദത്തിന്റെ മറുവശമായ മറ്റൊരു ഏകപക്ഷീയതയായിരുന്നു ഇത്.
എന്നാൽ ഇപ്പോൾ വീണ്ടും, ഈ ഏകപക്ഷീയത യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന ബോധം ശാസ്ത്രജ്ഞന്മാരിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വെറും അനിശ്ചിതത്വവും അരാജകത്വവുമല്ല പ്രകൃതിയിലുള്ളതെന്ന യാഥാർത്ഥ്യവും ചിലരെങ്കിലും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. നോബൽ സമ്മാനിതനായ ഇലിയാ പ്രിഗോഗിന്റെ (Illya Prigogine)പ്രസിദ്ധമായ ഗ്രന്ഥം, "അരാജകാവസ്ഥയിൽനിന്ന് ഉരുത്തിരിയുന്ന ക്രമം" (Order out of Chaos,1984) ഈ പുതിയ പ്രവണതയുടെ നല്ലൊരു ദൃഷ്ടാന്തമാണ്. പക്ഷേ പ്രകൃതിയിലെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന ക്രമവും ക്രമരാഹിത്യവും തമ്മിൽ അനിവാര്യതയും യാദൃച്ഛികതയും തമ്മിലുള്ള വൈരുധ്യാധിഷ്ടിത ബന്ധത്തിന്റെ ചലനനിയമം ഉൾക്കൊള്ളാൻ കഴിയാത്ത ഗ്രന്ഥകാരൻ ക്രമരാഹിത്യവും ക്രമവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ വേണ്ടി നടത്തുന്ന സൈദ്ധാന്തികകസർത്തുകൾ കാണുമ്പോൾ സഹതാപം തോന്നും. ഇത് പ്രിഗോഗിന്റെ മാത്രം അവസ്ഥയല്ല. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും മാറി മാറി ആധിപത്യം ചെലുത്തിയ നിർണ്ണയവാദവും അനിശ്ചിതത്വവാദവും യാഥാർത്ഥ്യത്തിന്റെ ഓരോ വശങ്ങളെ ഏകപക്ഷീയമായി മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു. ഇത് പരിഹരിക്കാൻ വൈരുധ്യാധിഷ്ടിത രീതിയ്ക്ക് കഴിയുമെന്നുള്ള കാര്യത്തിൽ സംശയത്തിന് അവകാശമില്ല. മോളിക്യുലർ ബയോളജിയിലെ ആധുനിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനിശ്ചിതത്വമാണ് ജീവലോകത്തിൽ നടമാടുന്നതെന്ന് സ്ഥാപിക്കാൻ ശ്രമിച്ച മറ്റൊരു നോബൽ സമ്മാനിതനായ ഷാക്വമൊണാദിന്റെ "യാദൃശ്ചികതയും അനിവാര്യതയും" എന്ന കൃതിയെക്കുറിച്ചുള്ള എന്റെ പഴയ നിരൂപണം (1978-ൽ എഴുതിയത്) രണ്ടാം പതിപ്പിൽതന്നെ രണ്ടാം അനുബന്ധമായി ചേർത്തത് ഈ പതിപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനികശാസ്ത്രരംഗത്ത് നിലനിൽക്കുന്ന ദാർശനികമായ ശൂന്യതയുടെ പ്രശ്നവും വൈരുധ്യാധിഷ്ടിത ഭൗതികവാദം അതിന് നൽകുന്ന പരിഹാരവും ഈ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. '79-ൽ പ്രസിദ്ധീകരിച്ച "വിപ്ലവത്തിന്റെ ദാർശനികപ്രശ്നങ്ങളിൽ" ഈ ദാർശനികസമീപനത്തിന്റെ പ്രാധാന്യം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ സമീപനം ഉപയോഗിച്ചുകൊണ്ട് മുഴുവൻ പ്രകൃതിശാസ്ത്രങ്ങളെയും സാമൂഹ്യശാസ്ത്രങ്ങളെയും, കൂടുതൽ സമഗ്രമായ വൈരുധ്യാധിഷ്ടിത രീതിയിലൂടെ വിലയിരുത്താൻ കഴിയും. പക്ഷേ, അത്തരമൊരു വിലയിരുത്തലിന് ആ കൃതിയിൽ ശ്രമിച്ചിട്ടില്ല; ചില സൂചനകൾ നൽകുക മാത്രമാണ് ചെയ്തത്.