താൾ:പ്രപഞ്ചവും മനുഷ്യനും.djvu/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിലനിന്നിരുന്നില്ല. ഉദാഹരണത്തിന് ഒരു കോടി വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടത്തിൽ മനുഷ്യനോടു സാദൃശ്യം പുലർത്തുന്ന ജീവികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ ഒരു കോടി വർഷം മുമ്പുമുതൽ ഏതാണ്ട് അമ്പതിനായിരം വർഷം മുമ്പുവരെയുള്ള കാലഘട്ടത്തിൽ കുരങ്ങുവർഗ്ഗത്തിൽ പെട്ട ജന്തുക്കളെയും ഇന്നത്തെ മനുഷ്യരെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിലുള്ള പലതരം മനുഷ്യക്കുരങ്ങുകളും മനുഷ്യസദൃശരായ പൂർവികജന്തുക്കളും നിലനിന്നിരുന്നു. ഇതുപോലെ ഇന്നു നിലവിലുള്ളവയും മൺമറഞ്ഞവയുമായ ജീവിലോകത്തെ മുഴുവൻ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രം, പുരാജീവി ഗവേഷണഫലമായി ലഭിച്ച തെളിവുകൾ നിരത്തിവെച്ചാൽ നമുക്കു ലഭിക്കും.

ഇങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള തെളിവുകളെല്ലാം കാണിക്കുന്നത് ഡാർവിൻ സിദ്ധാന്തം ശരിയാണെന്നും ജീവികളെല്ലാം പരസ്പരം ബന്ധമുള്ളവയും പൊതുപൈതൃകത്തിൽ നിന്ന് ഉടലെടുത്തവയുമാണെന്നാണ്.

അപാകതകൾ

ജൈവപ്രതിഭാസത്തിനെൻറ ആന്തരിക രഹസ്യങ്ങളെക്കുറിച്ച് ഡാർവിന്റെ കാലത്തു വ്യക്തമായ ധാരണകളൊന്നുമില്ലാതിരുന്നതുകൊണ്ടു തന്നെ ഡാർവിന്റെ പ്രകൃതിനിർദ്ധാരണതത്ത്വത്തിൽ മൗലികമായ ചില അപാകതകളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനമായത് ഡിവ്രീസ് ചൂണ്ടിക്കാട്ടിയതുപോലെ പ്രകൃതിനിർദ്ധാരണം ‘അർഹതയുള്ളവരുടെ അതിജീവനം‘ വിശദീകരിക്കുന്നുണ്ടെങ്കിൽ ‘അർഹതയുള്ളവരുടെ ആവിർഭാവം‘ എങ്ങനെയാണെന്നു വ്യക്തമാക്കുന്നില്ല എന്നതാണ്. ജീവികളുടെ അനന്തമായ വൈവിധ്യമാണ് അർഹതയുള്ളവരുടെ ആവിർഭാവത്തിനു നിദാനം. എന്നാൽ ഈ വൈവിധ്യത്തിനു നിദാനമെന്താണ്? അല്ലെങ്കിൽ ഈ വൈവിധ്യം തലമുറകൾതോറും പകർത്തപ്പെടുന്നതെങ്ങനെയാണ്? ഇതു വിശദീകരിക്കാനായി ഡാർവിൻ ആവിഷ്കരിച്ചിരുന്ന 'പാൻജിൻ' സിദ്ധാന്തം എത്ര ബാലിശമായിരുന്നുവെന്നു മുന്നൊരദ്ധ്യായത്തിൽ വ്യക്തമാക്കിയിരുന്നുവല്ലോ.

ഡാർവിന്റെ ചരിത്രപ്രസിദ്ധമായ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് ആറുകൊല്ലം കഴിഞ്ഞപ്പോൾ അതായത് 1865-ൽ മെൻഡൽ തന്റെ വംശപാരമ്പര്യനിയമങ്ങൾ ആവിഷ്ക്കരിക്കുകയുണ്ടായി. എന്നാൽ ഡാർവിന്റെ ഗ്രന്ഥം സൃഷ്ടിച്ചുവിട്ട കോലാഹലത്തിൽ പെട്ട് മെൻഡേലിയൻ സിദ്ധാന്തങ്ങൾ മുങ്ങിപ്പോയി. 1900-ൽ മെൻഡലിന്റെ സിദ്ധാന്തങ്ങൾ പുനരാവിഷ്ക്കരിക്കപ്പെട്ടതോടെയാണ് പാരമ്പര്യഘടകങ്ങൾ തലമുറകളിലേയ്ക്കു പകരുന്നതിനടിസ്ഥാനമായി വർത്തിക്കുന്ന നിയമങ്ങളെക്കുറിച്ചു ശാസ്ത്രജ്ഞന്മാർ ബോധവാന്മാരായത്.

മെൻഡലിന്റെ സിദ്ധാന്തങ്ങൾ ഡാർവിന്റെ സിദ്ധാന്തങ്ങൾക്കു കടകവിരുദ്ധമാണ്. കാരണം എല്ലാ ജീവികളെയും നിയന്ത്രിക്കുന്ന പാരമ്പര്യഘട