താൾ:പ്രപഞ്ചവും മനുഷ്യനും.djvu/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടായി. വളർത്തുമൃഗങ്ങളുടെ വംശപാരമ്പര്യത്തിൽ നിന്നും പ്രജനനത്തിൽ നിന്നും ധാരാളം തെളിവുകൾ കണ്ടുകിട്ടുകയുണ്ടായി. ജീവികളുടെ ഭൂമിശാസ്ത്രപരമായ വിതരണം ഇതിലേയ്ക്കു വെളിച്ചം വീശുന്ന ഒട്ടേറെ തെളിവുകൾ നൽകി. ഭൂവിജ്ഞാനപരമായ പുരാജീവിപഠനങ്ങളാണ് ഏറ്റവും വ്യക്തമായ തെളിവുകൾ പ്രദാനം ചെയ്തത്. ഒരേ ജാതിയിലുള്ള പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന വിവിധ രീതിയിലുള്ള അവയവങ്ങൾ വ്യത്യസ്ത ജീവികളിൽ രൂപംകൊണ്ടിട്ടുള്ളതും സഹായകമായ തെളിവുകളാണ്. ഭ്രൂണശാസ്ത്രത്തിൽനിന്നും ഉപയോഗശൂന്യമായി അവശേഷിച്ചിട്ടുള്ള അവയവങ്ങളിൽനിന്നും ഇതുപോലെ ഒട്ടേറെ തെളിവുകൾ ചൂണ്ടിക്കാണിക്കാവുന്നതാണ്. വ്യത്യസ്ത ജീവികളുടെ ഘടനാപരമായ താരതമ്യപഠനം അവ തമ്മിലുള്ള അഭേദ്യബന്ധം വ്യക്തമാക്കാൻ സഹായിക്കുന്ന തെളിവുകൾ തരുന്നു. ഒരേ വിഭാഗത്തിൽ പെട്ടവയും എന്നാൽ ബാഹ്യപ്രകൃതത്തിൽ വമ്പിച്ച വൈവിധ്യമുള്ളവയുമായ ജീവികൾ ആന്തരികമായ മൗലികഘടനയിൽ അസാമാന്യമായ സാദൃശ്യം പുലർത്തുന്നു. എലിയും പൂച്ചയും പുലിയും സിംഹവും ആടും പശുവും കുതിരയും കഴുതയും കുരങ്ങും മനുഷ്യനുമെല്ലാമടങ്ങുന്ന സസ്തനജീവികളുടെ ആന്തരികമായ അവയവഘടന അത്ഭുതാവഹമായ വിധത്തിൽ സാദൃശ്യം പുലർത്തുന്നതാണ്. ഇതു സൂചിപ്പിക്കുന്നത് ഇവയെല്ലാം ഒരേ പൈതൃകത്തിൽ നിന്ന് ഉത്ഭവിച്ചവയാണെന്നാണ്.

ഓരോ ജീവിയുടെയും ഭ്രണപരമായ വളർച്ചയിൽ അതു മുമ്പ് കടന്നു വന്നിട്ടുള്ള പ്രധാനപ്പെട്ട പരിണാമ ദശകളെല്ലാം പ്രകടമാവുന്നു. നട്ടെല്ലുള്ള ജീവികളുടെയെല്ലാം ഭ്രൂണവളർച്ചയിലെ ആദ്യ ദശകൾ അത്ഭുതാവഹമായ വിധത്തിൽ സദൃശങ്ങളാണ്. ആദ്യഘട്ടം പിന്നിട്ട് പോകുംതോറുമാണ് അവയുടെ വൈവിധ്യം ക്രമേണ പ്രകടമായി തുടങ്ങുന്നത്. മനുഷ്യന്റെ ഏറ്റവും ആദ്യദശ ഏകകോശജീവിയുടേതിനോടു തുല്യമാണ്. പിന്നീടത് പ്രാഥമിക ബഹുകോശജീവികളുടെ രൂപമാർജ്ജിക്കുന്നു. ഒരു ഘട്ടത്തിൽ മത്സ്യങ്ങളും നമ്മുടെ പൂർവ്വികരായിരുന്നു എന്നു വ്യക്തമാക്കുംവിധം അവയുടെ ശ്വസനാവയവങ്ങളായ ഗില്ലുകളെപ്പോലുള്ള അവയവങ്ങൾ മനുഷ്യഭ്രൂണത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ ഓരോ ജീവികളുടെയും ഭ്രൂണപരമായ വളർച്ച പരിശോധിച്ചാൽ അതിന്റെ വംശചരിത്രപരമായ വസ്തുതകളെക്കുറിച്ചു ചിലതെല്ലാം മനസ്സിലാക്കാൻ കഴിയും.

ലക്ഷക്കണക്കിനും കോടിക്കണക്കിനും വർഷങ്ങൾക്കു മുമ്പ് മൺമറഞ്ഞുപോയ ജീവികളുടെ അവശിഷ്ടങ്ങളെക്കുറിച്ചു പഠിക്കുന്ന പുരാജീവിവിജ്ഞാനമാണ് ജൈവപരിണാമചരിത്രം സുവ്യക്തമാക്കുന്ന തെളിവുകളേറെ നൽകിയിട്ടിട്ടുള്ളത്. ഭൂവിജ്ഞാനപരമായ ഗവേഷണങ്ങളുടെ ഫലമായി വിവിധ കാലഘട്ടങ്ങളിൽ ഏതെല്ലാം തരം ജീവികളാണ് ജീവിച്ചിരുന്നതെന്നു മനസ്സിലാക്കാൻ നമുക്കിന്നു കഴിഞ്ഞിട്ടുണ്ട്. ഇന്നു ജീവിച്ചിരിക്കാത്ത ഒട്ടേറെ വ്യത്യസ്ത ജീവികളുടെ അവശിഷ്ടങ്ങൾ ഇങ്ങനെ ലഭ്യമായിട്ടുണ്ട്. അതു പോലെ ഇന്നു ജീവിച്ചിരിക്കുന്ന തരത്തിലുള്ള ജീവികൾ എക്കാലത്തും