Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രപഞ്ചത്തെക്കുറിച്ച് വസ്തുനിഷ്ഠമായ യാതൊരറിവുമില്ലാതിരുന്ന കാലത്ത് രൂപം കൊണ്ട അബദ്ധജടിലമായ വിശ്വാസങ്ങൾ. പിൽക്കാലത്ത് സംഘടിതമതങ്ങളുടെ പ്രോക്താക്കൾ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനായി വിനിയോഗിച്ചതിന്റെ ഫലമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, ഡാർവിനുമുമ്പ് പ്രസിദ്ധ പ്രകൃതിശാസ്ത്രജ്ഞനായ ലാമാർക്കും, ഒരു തത്ത്വചിന്തകനും അതേസമയം ശാസ്ത്രജ്ഞനുമായിരുന്ന ഹെർബർട് സ്പെൻസറും പരിണാമവാദത്തിന് ശാസ്ത്രീയരൂപം നൽകാൻ ശ്രമിക്കുകയുണ്ടായി. ഉപയോഗങ്ങളുടെയും ഉപയോഗ ശൂന്യതയുടെയും അടിസ്ഥാനത്തിൽ, ജീവികൾ തങ്ങളുടെ ജീവിതകാലത്ത് വ്യത്യസ്ത പരിതസ്ഥിതികൾക്കനുസൃതമായി ആർജ്ജിക്കുന്ന സ്വഭാവങ്ങളാണ് പരിണാമത്തിനടിസ്ഥാനമെന്ന് ലാമാർക്ക് സമർത്ഥിച്ചു. പക്ഷേ, ഇതിനുപോൽബലകമായി അദ്ദേഹം ഉയർത്തിപ്പിടിച്ച തത്ത്വചിന്ത തികച്ചും അശാസ്ത്രീയമായിരുന്നു. ഒരു നിർദ്ദിഷ്ട ലക്ഷ്യത്തിലേയ്ക്ക് മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടിട്ടുള്ള പാതയിലുടെ മുന്നേറാനുള്ള അന്തർജ്ജന്യമായ ഒരു പ്രേരണ എല്ലാ ജീവികളിലും നിലനിൽക്കുന്നുണ്ടെന്നും അതിന്റെ പ്രകടരൂപമാണ് ജൈവപരിണാമത്തിൽ കാണുന്നതെന്നും അദ്ദേഹം കരുതി. ലാമാർക്കിന്റെ പരിണാമസിദ്ധാന്തത്തിന് വസ്തുനിഷ്ഠമായ അടിത്തറയില്ലെന്നു പിൽക്കാലത്ത് തെളിയുകയുണ്ടായി. എന്നാൽ ജൈവപരിണാമ സിദ്ധാന്തത്തെ, വസ്തുനിഷ്ഠമായ ശാസ്ത്രീയ വസ്തുതയുടെ നിലവാരത്തിലേയ്ക്കുയർത്താൻ ഡാർവിന് കഴിഞ്ഞു.

ഡാർവിനിസം

1833-ൽ ചാൾസ് ഡാർവിൻ എന്ന ചെറുപ്പക്കാരനായ ഒരു ഇംഗ്ലീഷുകാരൻ എച്ച്.എം.എസ്. ബീഗിൾ എന്ന കപ്പലിൽ, പ്രകൃതിശാസ്ത്രജ്ഞനെന്ന നിലയ്ക്ക് ഒരു ലോകപര്യടനത്തിന് പുറപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും മറ്റുമായ സവിശേഷതകൾ ജീവികളുടെ വിതരണത്തിലും സ്വഭാവവിശേഷത്തിലും ചെലുത്തുന്ന സ്വാധീനവും അതിന്റെ ഫലങ്ങളും അദ്ദേഹത്തിെൻറ പ്രത്യേക ശ്രദ്ധയെ ആകർഷിക്കുകയുണ്ടായി. ആ ലോകപര്യടനം കഴിഞ്ഞ് 1837-ൽ ഡാർവിൻ സ്വന്തം നാട്ടിൽ തിരിച്ചെത്തിയത് വിവിധ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ച് തികച്ചും വിപ്ലവകരങ്ങളായ ചില ആശയഗതികളോടു കൂടിയാണ്. തുടർന്നുള്ള ഇരുപതുവർഷക്കാലത്തോളം വളർത്തുമൃഗങ്ങളിലും സസ്യങ്ങളിലും മറ്റു വിവിധ ജീവികളിലും നിരന്തരമായി പരീക്ഷണനിരീക്ഷണങ്ങൾ നടത്തി തന്റെ ആശയഗതികൾക്ക് ഉപോൽബലകമായ വസ്തുതകൾ അദ്ദേഹം ശേഖരിച്ചു.

ഇന്ന് നിലവിലുള്ള ജീവജാതികൾ അഥവാ സ്പീഷീസുകൾ എല്ലാം മുമ്പു നിലനിന്നിരുന്ന വിവിധ സ്പീഷീസുകളിൽനിന്ന് പ്രകൃതിയിൽ നടക്കുന്ന പരിതഃസ്ഥിതിക്കനുസൃതമായ തിരഞ്ഞെടുപ്പുവഴി അഥവാ പ്രകൃതിനിർദ്ധാരണം വഴി ഉത്ഭവിച്ചതാണെന്നായിരുന്നു ഡാർവിന്റെ വിപ്ളവകരമായ ആശയത്തിന്റെ അന്തസ്സത്ത. ഈ സിദ്ധാന്തത്തിന് വസ്തുനിഷ്ഠമായ അടി