എല്ലാവരും അംഗീകരിക്കുന്നുണ്ട്. ഇങ്ങനെ രൂപീകൃതമാകുന്ന സങ്കീർണ്ണ തന്മാത്രകൾക്ക് കൊളോയ്ഡീയവിലയനങ്ങൾ രൂപീകരിക്കാനുള്ള പ്രവണതയുണ്ടെന്ന് ഒപാരിൻ മനസ്സിലാക്കി. ജീവശരീരങ്ങളിലെ പ്രോട്ടോപ്ലാസമോ, സസ്യഎണ്ണകളോ ജന്തുഎണ്ണകളോ പോലുള്ള വസ്തുക്കളോ ജലത്തിൽ കലർത്തിയാൽ, അവ ജലവുമായി യോജിക്കാതെ, സ്വതന്ത്ര കണികകളായി ചിതറിക്കിടക്കും. ഇങ്ങനെയുള്ള വസ്തുക്കൾ ജലത്തിലും അത്യധികം കലക്കിയാൽ അവ കുറുകിയ ലായനികളായി തീരുന്നു. ഇത്തരം ലായനികളാണ് കൊളോയ്ഡീയ വിലയനങ്ങൾ എന്നു പറയുന്നത്. ഇവയിലുള്ള സങ്കീർണ്ണ തന്മാത്രകളെല്ലാം ഒത്തുചേർന്ന് ജലത്തിൽ ലയിക്കാതെ പ്രത്യേകം പ്രത്യേകം ഘടനകളായി നിലനില്ക്കുന്നു.
ആദിമ ജലാശയങ്ങളിൽ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ന്യൂക്ളിക്കമ്ളങ്ങൾ തുടങ്ങിയ സങ്കീർണ്ണ തന്മാത്രകൾ രൂപം കൊണ്ടപ്പോൾ അവയെല്ലാം ഈ രീതിയിൽ ഒത്തുചേരാനുള്ള പ്രവണത പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെയുള്ള തന്മാത്രകളെല്ലാം ചേർന്ന് ജലകണികകളുടെ ഒരാവരണത്തോടുകൂടി, ചെറുചെറു ഘടനകളായി രൂപംകൊള്ളാൻ തുടങ്ങി. ഇങ്ങനെ ജലത്തിൽ നിന്ന് വേർതിരിഞ്ഞു നിന്ന ഇത്തരം ബിന്ദുക്കളെയാണ് കൊയാസർവേറ്റുകളെന്നു വിളിക്കുന്നത്. ആദ്യം ചെറു ബിന്ദുക്കളായിട്ടാണിവ രൂപം കൊണ്ടതെങ്കിലും പിന്നീട് ഇത്തരം പല ബിന്ദുക്കൾ ചേർന്ന് സങ്കീർണ്ണ കൊയാസർവേറ്റുകളുണ്ടായി. ഇത്തരം കൊയാസർവേറ്റുബിന്ദുക്കളെ കൃത്രിമമായി സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവ പ്രോട്ടോപ്ളാസവുമായി വളരെ സാദൃശ്യം പുലർത്തുന്നുണ്ട്.
ജലാശയങ്ങളിൽ രൂപംകൊണ്ട എണ്ണമറ്റ കൊയാസർവേറ്റുകളിൽ ചിലവയിൽ, ന്യൂക്ളിക്കമ്ളങ്ങളും എൻസൈമുകളും മറ്റും ഒത്തുചേരുകയും വിവിധതരത്തിലുള്ള പ്രവർത്തന വ്യവസ്ഥകൾക്കു കളമൊരുക്കുകയും ചെയ്തു. അവയിൽ പലതും ഇത്തരം പ്രവർത്തനങ്ങൾമൂലം തകർന്നുപോയപ്പോൾ മറ്റു ചിലവ അതിജീവിക്കാനുള്ള കെല്പ് നേടി. സ്വയം പ്രതിരൂപങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഡി.എൻ.എ. അടങ്ങിയ കൊയാസർവേറ്റുകൾ സ്വയം വിഭജിച്ച് വംശം വർദ്ധിപ്പിക്കാൻ തുടങ്ങി. അതേ സമയം ഈ കഴിവ് ലഭിക്കാത്തവയെല്ലാം നശിക്കുകയും, അതിജീവിക്കുന്നവയ്ക്ക് ആഹാരമായി തീരുകയും ചെയ്തു. വിഭജിക്കാൻ കഴിവു നേടിയവ നിരന്തരം വർദ്ധിക്കാൻ തുടങ്ങിയപ്പോൾ അവയുടെ വളർച്ചയ്ക്കും പുനരുല്പാദനത്തിനും ആവശ്യമായ ജൈവയൗഗികങ്ങൾ ചുറ്റുപാടിൽനിന്നും ലഭിക്കാതായിത്തുടങ്ങി. ഈ ഘട്ടത്തിൽ സൂര്യപ്രകാശം ആഗിരണം ചെയ്ത് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കാനുള്ള കഴിവ് ചിലവയ്ക്കു ലഭിച്ചു. അപ്പോൾ മറ്റുള്ളവയെ അപേക്ഷിച്ച് ഇത്തരം ജീവരൂപങ്ങൾക്ക് അതിജീവിക്കാനുള്ള കഴിവ് വർദ്ധിച്ചു. ഇവ അത്യധികം പെരുകിയപ്പോൾ ഈ കഴിവില്ലാത്തവയ്ക്കുള്ള ഭക്ഷണമായി ഇവ ഉപകരിക്കപ്പെടാൻ തുടങ്ങി. അങ്ങനെ സ്വന്തമായി ഭക്ഷണം നിർമ്മിക്കാൻ കഴിവുള്ളവയും പുറത്തുനിന്നു ശേഖ