Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


12

ജീവകോശം

അൽഭുതങ്ങളുടെ കലവറ

ർവ്വ ജീവജാലങ്ങളുടെയും അനുപമമായ ഗുണവിശേഷങ്ങളാണ് വളർച്ചയും പുനരുല്പാദനവും. ഈ പ്രതിഭാസങ്ങളുടെ അന്തർധാരയായി വർത്തിക്കുന്നതാകട്ടെ, ജീവശരീരങ്ങളുടെ മൗലികഘടകങ്ങളായ കോശങ്ങളുടെ വിഭജനമാണ്. മാതൃപിതൃ ബീജസംയോഗത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ഏക ഭ്രൂണകോശം വിഭജിക്കുന്നു. അതിന്റെ ഫലമായി രൂപം കൊള്ളുന്ന സമാനകോശങ്ങൾ, ക്രമത്തിൽ അത്ഭുതാവഹമായ സവിശേഷീകരണ പ്രക്രിയയിലൂടെ പ്രത്യേകാവയവങ്ങളോടുകൂടിയ നിർദ്ദിഷ്ടജീവിയായി വളരുന്നു. വിഭജനത്തിലൂടെ ഒരു ജീവകോശം നിർവ്വഹിക്കുന്നത് ഏതൊരചേതന വസ്തുവിനും കഴിയാത്ത അത്ഭുത പ്രതിഭാസമാണ്. സ്വയം ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്ന കോശങ്ങൾ ജീവശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അങ്ങേ അറ്റത്തെ വൈവിധ്യം പ്രകടിപ്പിച്ചുകൊണ്ട് അനന്യലഭ്യമായ ശില്പചാതുരി പ്രകടമാക്കും വിധം അണിനിരക്കുന്നത്. ഈ കോശ വിഭജനവും അവിടന്നങ്ങോട്ടുള്ള സവിശേഷീകരണ പ്രക്രിയയും മനസ്സിലാക്കാൻ ഒരു ജീവകോശത്തിന്റെ സാമാന്യ രൂപരേഖ വ്യക്തമാകണം.

ആദ്യം തന്നെ ഒരു ജീവകോശമെന്നു പറയുന്നതുകൊണ്ട് എന്താണ് അർത്ഥമാകുന്നതെന്ന് വിശദമാക്കേണ്ടതുണ്ട്. കോശം എന്നതുകൊണ്ട് അറ എന്നേ അർത്ഥമുള്ളു. ജീവശരീരം മുഴുവൻ അറകൾപോലുള്ള ഘടകങ്ങളാൽ നിർമ്മിതമാണെന്ന വസ്തുത അറിയപ്പെട്ടിട്ട് അധികകാലമായിട്ടില്ല. 1665-ൽ റോബർട്ട് ഹുക്ക് തന്റെ സൂക്ഷ്മദർശിനിയിലൂടെ വളരെ നേരിയതായി ചെത്തിയെടുത്ത ഒരു കോർക്കിൻ കഷണം വച്ചുനോക്കിയപ്പോൾ, അത് അസംഖ്യം കൊച്ചു കൊച്ചറകൾകൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്ന് കാണുകയുണ്ടായി. ഈ അറകൾക്ക് നൽകിയ പേരാണ് കോശം അഥവാ സെൽ. പിന്നീട്, എല്ലാ ജീവശരീരങ്ങളും ഇത്തരം അറകൾ ചേർന്നുണ്ടായതാണെന്നും ജീവവസ്തുവിന്റെ അടിസ്ഥാനപരമായ ഏകകം കോശമാണെന്നുമുള്ള, സുപ്രസിദ്ധമായ 'കോശസിദ്ധാന്തം' 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയോഡർഷ്വാനും ചേർന്നവതരിപ്പിക്കുകയുണ്ടായി. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു.