ക്രോമസങ്ങളിലാണ് എന്നു വ്യക്തമായതോടെ നൂറ്റാണ്ടുകളായി സങ്കല്പങ്ങളുടെയും പരികല്പനകളുടെയും മൂടുപടത്തിൽ ഒതുങ്ങി നിന്നിരുന്ന ആശയങ്ങൾക്കു വസ്തുനിഷ്ഠമായ അടിസ്ഥാനം ലഭിച്ചു.
എല്ലാ ജീവകോശങ്ങളുടെയും ന്യൂക്ലിയസുകളിലുള്ള ക്രോമസങ്ങളിൽ അണിനിരക്കുന്ന ഈ പാരമ്പര്യഘടകങ്ങൾക്ക് ഒരു ഡാനിഷ് സസ്യശാസ്ത്രജ്ഞനായ വിൽഹെം ജോഹാൻസൻ നൽകിയ പേരാണ് ജീൻ. അതിനുശേഷം കഴിഞ്ഞ അമ്പതുവർഷത്തിനിടയ്ക്കു ജീനിനെക്കുറിച്ച് ശാസ്ത്രം വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകൾ അനവധിയുണ്ട്. ഈ അടുത്തകാലത്ത് ജീനിന്റെ പ്രവർത്തനരീതികളെക്കുറിച്ച് വെളിവായിട്ടുള്ള വസ്തുതകൾ മാനവസമുദായത്തിന്റെ ചരിത്രത്തിൽ ദൂരവ്യാപകങ്ങളായ അനന്തരഫലങ്ങളുളവാക്കുവാൻ പോന്നവയാണ്.
ജീനിന്റെ ഘടനയെക്കുറിച്ച്, പ്രവർത്തനരീതികളെക്കുറിച്ച്, സവിശേഷതകളെക്കുറിച്ച് ആധുനികശാസ്ത്രം കരസ്ഥമാക്കിയിട്ടുള്ള വസ്തുതകൾ എന്തെല്ലാമാണെന്നും, മാനവസമുദായത്തെ ഇത്തരം കണ്ടുപിടുത്തങ്ങൾ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുണ്ടെന്നും പരിശോധിക്കുന്നതിനു മുമ്പായി ഈ ജീനുകളും ക്രോമസങ്ങളും ഏതു പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുവോ അതേക്കുറിച്ച്, അഥവാ ജീവകോശത്തെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ നമുക്കു പരിചിന്തിക്കാം.