Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുറ്റിക്കൊണ്ടിരിക്കുന്ന അപ്രദിക്ഷിണ ദിശയ്ക്കെതിരായാണു കറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ഉപഗ്രഹങ്ങളെ ഗലീലിയോ തന്റെ ദൂരദർശിനി കൊണ്ട് ആദ്യമായി കണ്ടുപിടിച്ചപ്പോൾ ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിനു ലഭിച്ച വസ്തുനിഷ്ഠമായ ഒരു തെളിവായി അദ്ദേഹം ഇതിനെ ഉപയോഗിക്കുകയുണ്ടായി. എന്നിട്ടും അക്കാലത്തെ മതാന്ധരായിരുന്ന ശാസ്ത്രജ്ഞന്മാർ ഇതംഗീകരിക്കാൻ തയ്യാറയിരുന്നില്ലെന്നതും സ്മർത്തവ്യമാണ്.

വലിപ്പത്തിൽ രണ്ടാമത്തേതായ ശനിക്കു പല കാര്യത്തിലും വ്യാഴവുമായി സാദൃശ്യമുണ്ട്. സൂര്യനിൽനിന്നു 20 കോടി മൈലകലെയാണ് അതു സ്ഥിതിചെയ്യുന്നത്. ഇരുപത്തഞ്ചു വർഷം വേണം സൂര്യനെ ഒരു പ്രാവശ്യം ചുറ്റാൻ. പക്ഷെ സ്വയം തിരിയുന്നതിനു പത്തുമണിക്കൂർ മതി. കാഴ്ചയിൽ വളരെ വലുതാണെങ്കിലും വളരെ ഭാരം കുറഞ്ഞ ഗ്രഹമാണ് ശനി. വ്യാഴത്തെപ്പോലെ അമോണിയയും മീതേനും ഹൈഡ്രജനുമാണ് പ്രധാന ഘടകങ്ങൾ. ഇവ അത്യധികം തണുത്തുറഞ്ഞ് അഥവാ -243o F-ൽ സ്ഥിതിചെയ്യുന്നു. ശനിക്കുമുണ്ട് ഉപഗ്രഹങ്ങൾ-ഒമ്പതെണ്ണം. ഇവയിൽ ഏറ്റവും ദൂരത്തിലുള്ളത് മറ്റുള്ളവയ്ക്കെതിരായ ദിശയിൽ സഞ്ചരിക്കുന്നു. ഒരു കാര്യത്തിൽ ശനി മറ്റുള്ള ഗ്രഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് അതിനുചുറ്റും സഞ്ചരിക്കുന്ന അതിബൃഹത്തായ ഒരു വലയം അഥവാ മൂന്നു വലയങ്ങൾ ഉണ്ട്. ഈ വലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത് വേറിട്ടുനിൽക്കുന്ന ഘനപദാർത്ഥങ്ങൾ കൊണ്ടാണ്. ഓരോ വലയത്തിനും 40,000 മൈൽ വീതിയും 10 മൈൽ കനവുമുണ്ടായിരിക്കും. ഈ വലയങ്ങളുടെ വ്യത്യസ്തഭാഗങ്ങൾ പല വേഗത്തിലാണു ചുറ്റിത്തിരിയുന്നത്. മണൽത്തരികളോളം വലിപ്പമുള്ള കഷ്ണങ്ങൾ ചേർന്നാണ് ഈ വലയങ്ങളുണ്ടായിരിക്കുന്നത്. മഞ്ഞുറഞ്ഞു കട്ടിയായതും കല്ലുപോലുള്ള ഭാഗങ്ങളും ഇവയിലുണ്ടാകും. ശനിയുടെ ഉപഗ്രഹങ്ങളിലൊന്ന് നിരോധനമേഖലയിൽ കിടന്ന് ചിന്നിച്ചിതറിയതിന്റെ ഫലമായിരിക്കാം ഈ വലയങ്ങളെന്നു ചിലർ കരുതുന്നു.

സൗരയൂഥത്തിന്റെ ഏറ്റവും ഇരുണ്ട മേഖലകളിൽ സ്ഥിതിചെയ്യുന്നവയാണ് യുറാനസും നെപ്റ്റ്യൂണും പ്ലൂട്ടോവും. അവയിൽനിന്നു നോക്കിയാൽ സൂര്യൻ ഒരു വിദൂര നക്ഷത്രമാണെന്നേ തോന്നൂ. യുറാനസ്സിലേയ്ക്കു സൂര്യനിൽനിന്നു 200 കോടി മൈലാണ് ദൂരം. നെപ്റ്റ്യൂണിലേയ്ക്കു 300 കോടിയും. 85 കൊല്ലം കൊണ്ടാണ് യുറാനസ് ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നത്. നെപ്റ്റ്യൂൺ ഇതിന്റെ ഇരട്ടി സമയമെടുത്തിട്ടാണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. ഈ രണ്ടു ഗ്രഹങ്ങളും മിക്ക കാര്യങ്ങളിലും സമന്മാരാണ്. വലിപ്പം ഒപ്പമാണ്. മീതേനും അമോണിയയുമാണ് പ്രധാന ഘടകങ്ങൾ. വ്യാഴത്തിലെയും ശനിയിലെയും പോലെ ഹൈഡ്രജൻ അത്ര അധികമില്ല. ഈ വക സാമ്യങ്ങളുണ്ടെങ്കിലും യുറാനസിന് ഒരു പ്രത്യേകതയുണ്ട്. മറ്റു ഗ്രഹങ്ങളെല്ലാം സൂര്യനു ചുറ്റും അപ്രദിക്ഷണമായി ചുറ്റിക്കൊണ്ടിരിക്കുമ്പോൾ യുറാനസ് മാത്രം അവയുടെ ദിശയ്ക്കു സമകോണമായി