താൾ:ദീപാവലി.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരസുഖമുള്ളോനു-സന്തോഷം സർവദുഃഖവും;
ദീനപ്പായിൽക്കിടപ്പോനു-തിക്തകം ജീവനാഥയും

മിതഭോഗത്തിൽ നിഷ്കർഷ,-മൃദുവാക്യം മനഃസ്ഥിതി;
സൽകർമ്മരതിയിമ്മൂന്നും-സർവർക്കും സൗഖ്യദായകം

തനിക്കു മാത്രമായല്ലീ-ദ്ധാത്രി നിർമ്മിച്ചതീശ്വരൻ;
എന്ന തത്ത്വം ഗ്രഹിച്ചീടി-ലേവനും മിതഭോഗിയാം

പണ്ടേ ചപലമാം ചിത്തം-പാനത്താൽ ഭ്രാന്തമാക്കൊലാ;
ഏറും കുരങ്ങിന്നേവൻതാ-നേണിവെച്ചുകൊടുത്തിടും?

മദ്യത്താൽ മത്തനാം മർത്ത്യൻ;-മത്തിനാൽപ്പാപിയായിടും;
പാപത്താൽ നരകം പൂകും;-പാനം സർവവിപല്പ്രദം.

ഉഷസ്സിൽക്കോഴി പൊന്തിക്കു-മോമൽശംഖൊലി കേൾക്കിലേ
പുണ്യംപ്രതിദിനം നേടൂ-പുമാൻതൻ ശ്രവണേന്ദ്രിയം

കാലത്തുണർന്നു സൂര്യന്റെ-കതിർപ്പൊന്നലയാഴിയിൽ
മുങ്ങിക്കുളിച്ചീടുന്നീലേ-മുറയ്ക്കെന്നെന്നുമിക്ഷിതി?

ഉത്ഥാനം ചെയ്യണം നാമു-മുഷ്ണരശ്മിയൊടപ്പമായ്;
പാലിച്ചുകൊൾകയും വേണം-പങ്കം പറ്റാതെ നമ്മളെ

കേരളാംബ വിശുദ്ധിക്കു-കേളികേട്ട നിതംബിനി;
അദ്ദേവിതന്നപത്യങ്ങൾ-ക്കശുചിത്വം നിരക്കുമോ?

വർഷത്തിൽ വിധി രണ്ടൂഴം-വർഷാകാലത്തെ നൽകവേ
എങ്ങില്ല തെളിനീർ നമ്മൾ-ക്കെന്നും നിർമ്മലരാകുവാൻ?

അശുചിത്വം പെടാത്തോർ താ-നരോഗദൃഢവിഗ്രഹർ
സൽസങ്ഗമത്തിന്നർഹന്മാർ,-സർവർക്കും പ്രിയദർശനർ

ദേഹം, വസന, മാഹാരം,-ഗേഹം തൊട്ടുള്ളതൊക്കെയും
മാലിന്യമറ്റിരിപ്പോർക്കേ-മനസ്സംശുദ്ധി വന്നിടൂ.

സൽഗുണപദ്ധതി
കായത്തിൻ ഭൂഷണം വസ്ത്രം;-കയത്തിൻ ഭൂഷണം ജലം;
വാനത്തിൻ ഭൂഷണം സൂര്യൻ;-മനസ്സിൻ ഭൂഷണം ഗുണം;

ഗുണമില്ലാത്ത നരനും-മണമില്ലാത്ത പുഷ്പവും
തിരക്കുകൂട്ടി നിൽക്കുന്നു-തൃണത്തിൻ കിട നേടുവാൻ

ദേഹമാമിഗ്ഗൃഹത്തിങ്കൽ-ച്ചേതസ്സാം സ്വർണ്ണസമ്പുടം
ഗുണരത്നങ്ങൾ സൂക്ഷിപ്പാൻ-കുറാർന്നേകി നമുക്കജൻ

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/6&oldid=173421" എന്ന താളിൽനിന്ന് ശേഖരിച്ചത്