Jump to content

താൾ:ദീപാവലി.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം പതിപ്പിന്റെ അവതാരിക

ന്മാർഗ്ഗപ്രതിപാദകങ്ങളായ അഞ്ഞൂറു ശ്ലോകങ്ങളടങ്ങിയ ഒരു കൃതിയാകുന്നു 'ദീപാവലി'. ഈ പുസ്തകത്തിലെ പദ്യങ്ങൾ എല്ലാം അനുഷ്ടുഭ്‍വൃത്തത്തിൽതന്നെ രചിച്ചിട്ടുള്ളവയാകയാൽ അവ സാക്ഷാൽ 'ശ്ലോകങ്ങൾ' തന്നെയാണ് എന്നു പറയേണ്ടതില്ലല്ലോ. ഈ വൃത്തത്തിൽ അനവധി സുഭാഷിതപദ്യങ്ങൾ ആദികവിയായ വാല്മീകി മഹർഷിയുടെ കാലം മുതല്ക്കുതന്നെ സംസ്കൃതസാഹിത്യത്തിൽ കാവ്യാന്തർഗ്ഗതങ്ങളായും മുക്തകങ്ങളായും കാണ്മാനുണ്ട്. അവയ്ക്കു ബാലന്മാരെയും ബാലികമാരെയും സന്മാർഗ്ഗത്തിൽ നയിപ്പിക്കുന്നതിനുള്ള ശക്തി അല്പമൊന്നുമല്ല; പ്രായം ചെന്നവർക്കും അവ മുഖസ്ഥമായാലുണ്ടാകാവുന്ന പ്രയോജനം വളരെയുണ്ട്. അത്തരത്തിലുള്ള പദ്യങ്ങൾക്കു ഭാരതഭൂമിയിലുള്ള അന്യാദൃശ്മായ പ്രചാരംതന്നെ അവയുടെ ആകർഷകതയെ പ്രകടമായി തെളിയിക്കുന്നു.

സുഭാഷിതപദ്യങ്ങൾ സങ്ഗ്രഹിക്കുന്ന ശീലം എന്നിക്കു വളരെക്കാലമായുണ്ട്. ആവക പദ്യങ്ങൾ എന്റെ ഉപന്യാസങ്ങളിൽ ധാരാളം ഞാൻ സന്ദർഭോചിതമായുദ്ധരിക്കാറുമുണ്ട്. സംസ്കൃതഭാഷ പരിചയമില്ലാത്ത പല കേരളീയരും ആ മാതിരിയിലുള്ള കുറെ പദ്യങ്ങൾ മലയാളത്തിൽ സംക്രമിപ്പിക്കുന്നത് അഭിലഷണീയമാണെന്ന് എന്നോടു പ്രസ്താവിച്ചിട്ടുള്ളതിനെ അനുസ്മരിച്ചാണ് ഞാൻ 'ദീപാവലി'യുടെ രചനയ്ക്ക് ഒരുമ്പെട്ടത്. ഇരുപത്തഞ്ചു വിഷയങ്ങൾ തിരഞ്ഞെടുത്ത് ഓരോ വിഷയത്തെ അധികരിച്ച് ഇരുപതീതുപദ്യങ്ങൾ ഞാൻ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തീട്ടുണ്ട്. ഇവയിൽ ചില പദ്യങ്ങൾ തർജ്ജിമയായും, മറ്റു ചിലവ ആ മാതിരി ആശയങ്ങളിൽ ആധുനികമനഃസ്ഥിതി അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തിയതായും, ഇനിയും ചിലവ സ്വകപോലകല്പിതങ്ങളായും, മറ്റും വായനക്കാർക്ക് കാണാവുന്നതാണ്. ഇത് ഒരു സ്വതന്ത്രകവിതയാകണമെന്ന് എനിക്ക് ഒന്നുകൊണ്ടും ഉദ്ദേശമില്ലാത്തതിനാൽ പൂർവ്വസൂരികളുടെ ആശയങ്ങൾ സ്വീകരിക്കുന്നതിൽ ഞാൻ അശേഷം വൈമുഖ്യം പ്രദർശിപ്പിച്ചിട്ടില്ല. അധ്യേതാക്കൾക്കു നല്ല ആശയങ്ങളടങ്ങിയ പദ്യങ്ങൾ വേണമെന്നേ ആഗ്രഹമുണ്ടായിരിക്കൂ എന്നെനിക്കറിയാം; ആ ആഗ്രഹം നിറവേറ്റുവനാനല്ലാതെ ഞാൻ മറ്റൊന്നിനും മുതിർന്നിട്ടില്ലാത്തതുകൊണ്ട് ഈ കൃതി ആദ്യന്തം സ്വകപോലകല്പിതമാക്കേണ്ട ആവശ്യവുമില്ല. 'ദീപാവലി'യിലേ ശ്ലോകങ്ങൾ ചെറുതാണെങ്കിലും അവ പ്രായേണ അർത്ഥസമൃദ്ധങ്ങളും അലങ്കാരരുചിരങ്ങളും ധ്വനിപ്രധാനങ്ങളുമാണെന്നു സഹൃദയന്മാർക്കു ഗ്രഹിക്കുവാൻ കഴിയുന്നതാണ്. ഇതു പ്രാധാന്യേന വിദ്യാർത്ഥികളെ അഭിമുഖീകരിക്കേണ്ട ഒരു ഗ്രന്ഥമാകയാൽ ലാളിത്യാദിഗുണങ്ങളുടെ വിഷയത്തിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/2&oldid=203483" എന്ന താളിൽനിന്ന് ശേഖരിച്ചത്