അമ്മയ്‌ക്കൊപ്പം വളർത്തീടു,-മച്ഛന്നൊപ്പം ഹിതം തരും;
വേളിക്കൊപ്പം സുഖിപ്പിക്കും; വിദ്യ സർവ്വാർത്ഥസാധകം.
തൻവീട്ടിലജ്ഞനും പൂജ്യൻ;-തൻനാട്ടിലരചാളുവോൻ;
വിദ്യാസമ്പന്നനാരാധ്യൻ- വിശ്വത്തിങ്കലശേഷവും.
പഠിക്കണം നാമോരോന്നു-ബാല്യംതൊട്ടു നിരന്തരം;
പഠിത്തം മതിയാക്കീടാം- പ്രാണൻ മേനി വിടുന്ന നാൾ.
പിശുക്കാൽപ്പിഴുകും ലക്ഷ്‌മി; -പേർത്തും ഗർവാൽ സമുന്നതി;
അനഭ്യാസത്തിനാൽ വിദ്യ;- യമർഷത്താൽ വിവേകവും.
ബാലൻതൻ വിദ്യയാലൊറ്റ-ബ്‌ഭവനത്തിന്നിരുട്ടുപോം.
ബാലൻതൻ വിദ്യയാൽ വായ്‌ക്കും - പ്രകാശം പലവീട്ടിലും.
വൈരമില്ലാകരം തോറും ;- മൗക്തികം ശുക്തിയേതിലും ;
ചന്ദനം കാനനം നീളെ; -സ്സംഖ്യാവാനേതു ദിക്കിലും.
വിദ്യതന്നെപരം നേത്രം ;- ബുദ്ധിതന്നെ പരം ധനം;
ദയതന്നെ പരം പുണ്യം; - ശമംതന്നെ പരം സുഖം.
വിശേഷബുദ്ധിയെന്തിന്നു-വിരിഞ്ചൻ മർത്ത്യനേകിനാൻ?
വിദ്യയാൽജ്ഞാനമാർജ്ജിപ്പാൻ-ജ്ഞാനത്താൽ മുക്തിനേടുവാൻ.
അനന്തം വിദ്യയാം സിന്ധു-വായുസ്സത്യന്തഭങ്‌ഗുരം;
പാരത്തിലെത്തണം താനും-പ്രാപിപ്പാൻ പരമം പദം.
അപവർഗ്ഗദമിത്തിർത്ഥ-മാവോളം സേവ ചെയ്‌തിടാം,
ഒക്കും മട്ടിസ്സമുദ്രത്തി-ലോടിക്കാം കപ്പലെപ്പൊഴും.
പുസ്‌തകപദ്ധതി
പണ്ടുള്ള പണ്‌ഡിതശ്രേഷ്‌ഠർ-പരലോകം ഗമിക്കിലും
പുസ്‌തകാകൃതി പൂണ്ടിന്നും-ഭൂഷിപ്പിക്കുന്നു ഭൂതലം.
കാലം കബളമാക്കീട്ടും-കനിഞ്ഞു രഘുവീരനെ
വാല്‌മീകിയിന്നും വാഴിപ്പൂ-മഹാരാജാധിരാജനായ്.
ഒരൊറ്റയുപകർത്താവാ-രൂഴിക്കെന്നുരചെയ്യുവാൻ
ലേശവും സംശയം വേണ്ട;-ലിപികണ്ടുപിടിച്ചവൻ.
വെളുത്ത കടലാസോടു-കറുത്ത മഷി ചേരവേ
പാരിടത്തിന്നു വന്നല്ലോ-ഭാഗധേയം നമസ്‌തവും.
മരങ്ങളഞ്ചുതാൻ നില്‌പൂ-വാനിൽക്കാമിതമേകുവാൻ;
സംഖ്യയറ്റൂഴിമേൽക്കാണ്മൂ-സൽഗ്രന്ഥാമരശാഖകൾ.