താൾ:ദീപാവലി.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോഴിക്കും മല്ലുതട്ടീടാം;-കുരുവിക്കും പഠിച്ചിടാം;
അന്യന്നു ധനമാരേകു-മവൻ ശൂര,നവൻ ബുധൻ.

തരക്കേടുകളെന്തെല്ലാം-ദാതാവിൽക്കുടികൊൾകിലും
ദാനാംബുവിൻ പ്രവാഹത്തിൽ-ത്തനിയേ മാഞ്ഞുപോയിടും,

ദാതാവിൻ മുന്നിൽ വീഴുന്ന-ദരിദ്രന്റെ മുദശ്രുവാൽ
കുളിർക്കുന്നു തപിക്കുന്ന-കുംഭിനിക്കു ഹൃദന്തരം.

സർവ്വസ്വവും സന്ത്യജിച്ചു-ചാകും ലുബ്‌ധൻ ബഹുപ്രദൻ;
വാനിലും ചെ,ന്നതോടാത്തു-വാഴും ത്യാഗി മിതംപചൻ.

പ്രഥ ദാനത്തിനാൽ നേടീ-പയ്യും കല്ലും മരങ്ങളും;
ദാതാവിനത്രേ മാന്യത്വം; ദാനം ചെയ്യുക! ചെയ്യുക!!


വിദ്യാപദ്ധതി

വിത്തമെന്തിനു മർത്ത്യനു-വിദ്യ കൈവശമാകുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?

വിദ്യ വിട്ടു നരന്നാമോ-വിശ്വംഭരയിൽ വാഴുവാൻ?
ആയുധം കയ്യിലേറാത്തോ-നടരാടുന്നതെങ്ങനേ?

വിദ്യയാം പ്രാണനേവന്നു- വേർപെട്ടു നിലകൊള്ളുമോ
 സമ്പത്തും മററുമവനു ശവം ചാർത്തിന മാലകൾ.

അജ്ഞനായ് ജീവിതംപോക്കാ-നാർക്കു ധാർഷ്‌ട്യമുദിച്ചിടും.
വാലും കൊമ്പും വെടിഞ്ഞുള്ള-മഹിഷം തന്നെയപ്പുമാൻ.

കാണേണ്ടതൊന്നും കണ്ടീടാ; കേൾക്കേണ്ടുന്നതു കേട്ടിടാ;
ഓതേണ്ടതോതിടാ; മേവു-മജ്ഞനന്ധൈഡമൂകനായ്.

മേനിയെത്ര തടിച്ചാലും -വിദ്യാഹീനൻ വെറും തൃണം;
മറി,ച്ചതു ചടച്ചാലും-മനീഷിയമൃതാശനൻ.

മണിയും ചരലും കല്ലു;- മർത്ത്യർ വിജ്ഞനുമജ്ഞനും;
ഔജ്ജ്വല്യത്തിൻ പ്രഭവത്താ-ലറിവൂ വേർതിരിച്ചു നാം.

പുറങ്കണ്ണു തുറപ്പിപ്പൂ-പുലർവേളയിലംശുമാൻ;
അകക്കുണ്ണു തുറപ്പിക്കാ-നാശാൻ ബാല്യത്തിലെത്തണം.

അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും;
ആജീവനാന്തമാനന്ദ-മരുളും വിദ്യനല്‌കുവോൻ.

കൊണ്ടുപോകില്ല ചോരന്മാർ;-കൊടുക്കുന്തോറുമേറിടും;
മേന്മ നൽകും മരിച്ചാലും ;- വിദ്യതന്നെ മഹാധനം.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/13&oldid=173392" എന്ന താളിൽനിന്ന് ശേഖരിച്ചത്