പത്മനാഭപിള്ള മുതൽപേരു ഇംഗ്ലീഷ് കാരുടെ വധസംഭവസ്ഥലങ്ങളായ കൊല്ലം, പറക്കാടു, പള്ളാത്തുരുത്തി ൟ സ്ഥലങ്ങളിൽ വച്ചു തൂക്കപ്പെട്ടു. ൟ നൂതനദിവാൻ വേലുത്തമ്പിയുടെ സംബന്ധക്കാരെ നാടുകടത്തിയതുകൂടാതെ അയാളുടെ വീടുമുതലായവയും തട്ടിനിരത്തി.
ദിവാൻ ഉമ്മിണിത്തമ്പി സാമർത്ഥ്യവും ബുദ്ധിയുള്ളവനും സാമാന്യം രാജ്യസ്ഥിതി അറിയാവുന്നവനും ആയിരുന്നു എങ്കിലും അധികാരത്തിൽ അത്യാഗ്രഹവും മുൻ വാഴ്ചക്കാരനെക്കാൾ യശ്ശസ്സു സമ്പാദിക്കണമെന്നുള്ള അഭിപ്രായവും ഉള്ളവനായിരുന്നു.
മഹാരാജാവിന്റെ പ്രീതിയുണ്ടായിരിക്കയാൽ ൟ ദിവാൻ സ്വേഛാനുകൂലം യാതൊരു തടസ്ഥവും കൂടാതെ കാൎയ്യ വിചാരം തുടങ്ങി.
അയാളുടെ ഏൎപ്പാടുകളിൽ ഗുണപ്രദമായി അനേകം ഉണ്ടായിരുന്നു. അവയിൽ i പലസ്ഥലത്തും ഠാണാക്കൾ ഏൎപ്പെടുത്തി ii നാഞ്ചിനാട്ടുകാർ ഗവൎന്മേന്റിൽ ബോധിപ്പിക്കേണ്ടതായ ഓരോ കാൎയ്യാദികൾ പ്രമാണിച്ചു സംഘം കൂടുന്ന നടപ്പിനെ വിരോധിച്ചു. iii ആ സ്ഥലത്തു കാവലുകൾ ഏപ്പെടുത്തി. iv തിരുവനന്തപുരത്തിനും നെയ്യാറ്റുംകരക്കും മദ്ധ്യെയുള്ള കരയുള്ള ഒരുസ്ഥലത്തു കാടുകൾ വെട്ടിത്തെളിച്ചു കടകൾ കൊട്ടാരങ്ങൾ അഗ്രഹാരങ്ങൾ മുതലായവ കെട്ടി അവിടെ പലസ്ഥലത്തുനിന്നും നെയ്ത്തുകാരെ വരുത്തി പാൎപ്പിച്ചു. അതിനു മഹാരാജാവിന്റെ ബഹുമാനത്തിനും ഓൎമ്മക്കും വേണ്ടി ബാലരാമപുരം എന്ന നാമധേയവും കല്പിച്ചു. വിഴിഞ്ഞം എന്ന സ്ഥലത്തിനെ ഒരു പ്രബലപ്പെട്ട കച്ചവടസ്ഥലവും തുറമുഖവും ആക്കണമെന്ന് അയാൾക്ക് വളരെ താല്പൎയ്യമുണ്ടായിരുന്നു.