താൾ:തപ്തഹൃദയം.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ജയഭേരി
ഉണരുവിൻ സഹജരേ! ഭാരതോർവ്വീതനയരേ!
ശനിയൊഴിഞ്ഞിന്നു വീണ്ടും മനുഷ്യരായ് നാം
എഴുന്നേറ്റു നിവർന്നുയ,ർന്നെവിടെയുമിപ്പുലരി-
യൊഴുക്കുന്ന പൊൻപുഴയിൽത്തുടിച്ചു നീന്താം.
അടിമച്ചങ്ങലയെല്ലാമയഞ്ഞഴിഞ്ഞറ്റുവീണു;
തടങ്കൽക്കൽത്തുറുങ്കെങ്ങും താനേ തുറന്നു.
സ്വതന്ത്രരായ് സകലരുമീനിമിഷംമുതൽ; നമ്മൾ-
ക്കിതിൽപ്പരമൊരു ഭാഗ്യമെന്തിനിവേണ്ടൂ?
പരവശരായ്ക്കിടന്നു നരകിച്ചുപോയി നമ്മൾ
നിരവധി ദിനങ്ങളായ് നിർജ്ജീവപ്രായർ.
അറുതിപെട്ടല്ലോ വല്ലവിധവുമശ്ശാപം; നാമും
മറുകരയെത്തിയല്ലോ മാൽക്കടൽനീങ്ങി
ചിരപ്രതീക്ഷിതമാമിശ്ശുഭമുഹൂർത്തത്തെക്കാണ്മാൻ
തരംവന്ന നമ്മളെത്ര ചരിതാർത്ഥന്മാർ?

II



പരിണാമമിതെങ്ങിനെ വന്നുചേർന്നു ഭാരതത്തി-
ന്നിരുപതാംനൂറ്റാണ്ടിലെപ്പരമാശ്ചര്യം?
അശരണജനങ്ങൾതൻസുഹൃത്തൊരാളതാകാണ്മിൻ!
കൃശഗാത്ര, നർദ്ധനഗ്നൻ, ഗതവയസ്കൻ.
അപരമല്ലിതിൻഹേതു, വവിടത്തേ വരിഷ്ഠമാം
തപശ്ചര്യതൻപ്രഭാവം; സന്ദേഹമില്ല.
പിടിച്ചുവെച്ചടക്കിത്താൻ വളരെനാൾ ഭുജിച്ചതാം
സ്ഫുടരുചി തിരളുന്ന സാമ്രാജ്യശ്രീയേ,
തിരിച്ചുതത്സ്വാമിക്കേകും സ്വമനസ്സാൽ ജേതാവെന്നു
ചരിത്രത്തിലിതിന്മുൻപുകേട്ടതുണ്ടോ നാം?
അതുനമുക്കാർജ്ജിച്ചാനിന്നാതതായികളെപ്പോലു-
മനുചരരാക്കിമാറ്റുമീമഹായോഗി,
അചകിത, നസ്ഖലിത, നഭിനവതഥാഗത-
നസുലഭസിദ്ധിയുക്ത, നഖിലബന്ധു.
അപങ്കിലനവിടത്തേക്കാത്മനിഷ്ഠബലം ബല-
മപരിച്ഛിന്നമാം സത്യമാദിത്യബിംബം.
അവിടത്തേപ്പർണ്ണശാല ഭാരതോർവ്വി, യതിൽപ്പെട്ടാൽ
ഹരിപോലും ഹരിണമായ്ച്ചമഞ്ഞേപറ്റൂ
അതുകൊണ്ടാണജയ്യനാമാംഗലേയകേസരിയും
കൊതിപൂണ്ടതിവിടം വിട്ടൊഴിഞ്ഞുമാറാൻ.
പണിയുവിൻ പാണികൂപ്പിപ്പാവനനഗ്ഗുരുവിനെ-
ജ്ജനനിതൻ ദാസ്യംതീർത്ത ധീരശാന്തനെ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/6&oldid=173360" എന്ന താളിൽനിന്ന് ശേഖരിച്ചത്