താൾ:തപ്തഹൃദയം.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിരം സ്വരൂപത്തിൽ
 വാർത്തുതേച്ചെടുത്തെന്നെ-
യായുധീകരിച്ചുകൊ-
 ണ്ടന്യോന്യമങ്കം വെട്ടി‌.
ഞാനെന്തുചെയ്യും, ദീനൻ?
 എൻജന്മം തുലയ്ക്കുന്നൂ
മാനുഷക്രവ്യാദർതൻ
 പങ്കത്തിൽപ്പങ്കാളിയായ്
കോശമാമന്തഃപുരം
 തന്നിൽ നീ മേളിക്കുന്നു
ഘോഷാസ്ത്രീക്കൊപ്പം, ഹന്ത!
 ബന്ദിയായ് പ്രഭാകീടം.
പാകത്തിൽ നിന്നെക്കാത്തു
 നിൽക്കുന്നൂ വെളിക്കു ഞാൻ;
ലോഹമില്ലാഞ്ഞാലാർക്കു
 സുസ്ഥിരം കാർത്തസ്വരം?
കൂരിരുട്ടാകുന്ന ഞാൻ വേല
 ചെയ്യുന്നൂ; ചിത്രം
സൂരബിംബമാം നീയും
 സ്വാപത്തിൽ സുഖിക്കുന്നു.
ഹൃത്തിലെന്നോർക്കൂ തോഴി
 നാം രണ്ടുപേരും ചേർന്നീ-
മർത്ത്യർതൻമാറാദ്ദാസ്യ-
 മെത്രനാൾ ചുമക്കണം?
കൊല്ലുന്നു കൊല്ലുന്നു ഞാ-
 നന്ധനാ,യെന്നെക്കൊണ്ടു
കൊല്ലിച്ചു കൊല്ലിച്ചു നീ
 മൂഢയായ് രസിക്കുന്നു.
കഠിനീഭവിച്ചതാ-
 മെൻകരൾത്തട്ടിൽപ്പോലും
കദനം നിറച്ചീടു-
 മിദ്ദൃശ്യം സുദുസ്സഹം.
ഇമ്മഹാപാപം പോരും:
 ദൈവത്തിൻകരം വീണ്ടും
നമ്മളെബ്ഭൂഗർഭത്തി
 ലാഴ്ത്തുവാൻ പ്രാർത്ഥിക്ക നാം.
എത്രമേൽക്കാമ്യം നമു-
 ക്കാശ്മശാനാന്തർവാസ-
മിത്തരം വ്യാപാരത്താൽ
 ജീവിക്കുന്നതെക്കാളും.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/5&oldid=173359" എന്ന താളിൽനിന്ന് ശേഖരിച്ചത്