താൾ:തപ്തഹൃദയം.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അണിനിരന്നൊപ്പം പുരോഗമിക്കുവി-
 നണയുവിൻ ശീഘ്രമഭീഷ്‌‌ടലക്ഷ്യ‌‌ത്തിൽ .
ഇരിക്കിലും കൊള്ളാം ; മരിക്കിലും കൊള്ളാം ;
 കരുത്തുള്ളോർക്കെന്നും കരസ്ഥം കാമിതം
ഭയമെന്നോതിടും പിശാചിനെ നമ്മൾ
 സ്വയം ജനിപ്പിച്ചോർ; സ്വയം മരിപ്പിക്കാം.
ഒരമ്മതൻ മക്കൾ സഹോദരർ നമ്മൾ
 പരസ്‌‌പരം മല്ലിട്ടൊടുങ്ങിടുന്നല്ലോ!
കൊലയും കൊള്ളിയും കൊടിയ തീവെപ്പും
 പലവിധമെങ്ങും പരത്തിടുന്നല്ലോ!
ഇതിനുതാനോ നാം സ്വതന്ത്രരായത-
 സ്സുധയെയിമ്മട്ടിൽ ഗരളമാക്കുവാൻ?
പടക്കൊടുങ്കാറ്റിൽകരിയിലപോലെ
 പറന്നു നാം താഴെപ്പതിക്കയോ വീണ്ടും?
ഇതേതു ദൈവത്തിന്നഭിമതമാകു-
 മിതാർക്കു മുത്തേകും രിപുക്കൾക്കെന്നിയേ?
ഇതെന്തൊരുന്മാദമിതെന്തൊരുൽപാത-
 മിതോ ഭരതഭൂദശാവിപര്യം?
ഉദയശൈലത്തിൻ മുകളിൽ നിന്നുണ്ണി-
 ക്കതിരവനതാ, കനകം വർഷിപ്പൂ.
തൃണങ്ങൾതൻ കണ്ണീർകരങ്ങളാൽ മാച്ചു-
 മുണർച്ച താണതാം കൃമിക്കുമേകിയും
ഇരുളിൻപറ്റത്തെയകലെപ്പായിച്ചും ,
 ചെറുകാറ്റാൽ മലർമണം പരത്തിച്ചും,
"കടലിലിന്നലെപ്പതിച്ച ഞാനിതാ!
 കടന്നു പിന്നെയും കയറി വാനത്തിൽ.
മതിയിൽ മിന്നിടും വിവേകമാം ദീപ-
 മതിപ്രഭകൊണ്ടെൻ വഴി തെളിക്കവേ,
മറിതിരകണ്ടു കുലുങ്ങിയില്ല ഞാൻ;
 മകരമത്സ്യത്തിന്നശനമായില്ല.
പവിഴവും മുത്തും പെറുക്കാൻ നിന്നില്ല;
 സവിധദീപത്തിലുറങ്ങാൻ ചെന്നില്ല.
എനിക്കെൻ പ്രാപ്യമം പദത്തിലെത്തണം ;
 നിനവിതൊന്നാൻ ഞാനിവിടെപ്പാഞ്ഞെത്തി. "
ഇവണ്ണമോരോരോ പറവകളെക്കൊ-
 ണ്ടവിതഥം നിജചരിതം ചൊല്ലിച്ചും ,
ഇനനതാ! മുന്നിൽപ്പരിലസിക്കുന്നു ,
 തനിക്കുതാൻപോന്ന മനുഷ്യനാദർശം.
ക്ഷിതിയിലെത്തമസ്സശേഷം നമ്മുടെ
 ഹൃദയമാം ഗുഹക്കകത്തു കേറിപ്പോയ്.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/37&oldid=173349" എന്ന താളിൽനിന്ന് ശേഖരിച്ചത്