എന്നെനീയടുപ്പിച്ചും
ദൂരെനിർത്തിയും വേണം
നിന്നുകൊള്ളുവാൻ നിത്യ,
മല്ലെങ്കിലാപത്തുണ്ടാം..
ദീപികാസമാന ഞാൻ
ധ്വാന്തദുഷ്ടമാം ഭൂവിൽ
നീ പിടിച്ചീടാം കയ്യിൽ;
മാറിൽച്ചേർത്തണയ്‌ക്കാമോ?
തടവിൽപ്പാർപ്പിക്കുവാ-
നോർക്കേണ്ട; വരുമപ്പോൾ
വിടുവിക്കുവാനെന്നെ-
യെന്മകൻ സുമാശുഗൻ.
നിൻമെയ്യിൽക്കുരമ്പെയ്യും
നാലുഭാഗത്തുംനിന്നു;
നിൻമനം പൊളിച്ചീടും
നിൻകണ്ണൂപൊട്ടിച്ചീടും,
അത്തക്കം കണ്ടെത്തീടും
കൂടവേ വലിഞ്ഞേറി,
മത്താർക്കും വളർത്തീടും
വാരുണി മൽസോദരി.
ഒന്നിച്ചുവാഴ്‌വോരല്ല
ഞങ്ങ,ളാശ്ശവം വന്നാ-
ലന്നു ഞാൻ ദൂരപ്പായു-
മത്രയ്‌ക്കുണ്ടതിൻ നറ്റം .
പിറകേവരും താനും
നിനക്കു നൽകാനെന്റെ
തറവാട്ടമ്മ മൂത്ത-
ചേട്ടത്തി പിച്ചച്ചട്ടി
എന്നെനീയിതൊക്കെയും
ചിന്തിച്ചുസേവിച്ചാലു-
മെന്നാൽ നീ സമ്പന്നനാം ;
സമ്പത്തല്ലല്ലോ സുഖം.
നിന്നെ ഞാൻ സൃഷ്ടിച്ചീല,
നിൻമനശ്ശാന്തിക്കു നീ
പിന്നെയും സേവിക്കണം
സ്രഷ്ടാവിൻ ദാരങ്ങളെ
തദ്വാരാമൃതാസ്വാദ-
വേളയിൽത്തത്വജ്ഞൻ നീ
തിക്തകം ഞാനേകുമി-
ച്ചില്ലിയെന്നറിഞ്ഞീടും."
താൾ:തപ്തഹൃദയം.djvu/34
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല