താൾ:തപ്തഹൃദയം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിനിണങ്ങാത്ത പഴമയൊക്കെയും
 പതിക്കട്ടെ ചെന്നു പടുകുഴിക്കുള്ളിൽ
ഒരു മതം മതിയിനി- പ്പരസ്നേഹ,-
 മൊരുവർഗ്ഗം മതി - മനുഷ്യസംജ്ഞകം;
ഒരു രാഷ്ട്രം മതി - ധരാതലം-നമു-
 ക്കൊരു ദൈവം മതി - ഹൃദിസ്ഥിതം ദീപം.
കിഴക്കു വങ്ഗത്തിൽക്കൊടുമ്പിരിക്കൊണ്ട
 വഴക്കും വാശിയും വധൈകവാഞ്‌ഛയും,
ഭരതഭൂമിയിൽ സ്വതന്ത്രതാസുര-
 സരിത്തൊഴുക്കിന നവഭഗീരഥൻ;
ശുഭവ്രതനസ്മൽഗുരു ദിനങ്ങൾ മൂ-
 ന്നുപവസിക്കവേ മറഞ്ഞുമാഞ്ഞുപോയ്.
അതിന്നുമേലതാ! തിരിക്കയായ് പഞ്ച-
 നദത്തിലേക്കുമശ്ശമപ്രവാചകൻ
അവിടെയും ജയമവിടുന്നാർജ്ജിച്ചു
 ഭവികമൂഴിക്കു പരക്കെ നല്കട്ടെ !

ഇരുമ്പിന്റെ നൈരാശ്യം

പോരുമീഞെളിച്ചിലെൻ
 പൊന്നുടപ്പിറപ്പേ! നീ-
യാരു, ഞാനാരെന്നൊന്നു
 ശാന്തമായ്ച്ചിന്തിക്കുമോ?
സങ്കടം പരർക്കാർക്കു
 മേകാതെ നീണാൾ നമ്മൾ
തങ്കമേ! പുലർന്നീലേ
 പാരിതിൽപ്പണ്ടേക്കാലം?
നമ്മളന്നദൃശ്യരാ-
 യേവർക്കും, വിശാലമാ-
മമ്മതൻ മടിത്തട്ടി-
 ലാനന്ദിച്ചുറങ്ങീലേ?
അത്തവ്വിലെത്തിക്കുറേ-
 ക്കൂട്ടായ്മക്കവർച്ചക്കാർ
സത്വരം നമ്മെക്കൊണ്ടു
 മണ്ടിനാർ മുകൾപ്പാട്ടിൽ.
സ്വോപയോഗാർത്ഥം നമ്മെ-
 സ്സംസ്കരിച്ചെടുത്തപ്പോൾ
ഹാ? പരം നീ മഞ്ഞയായ്,
 ഞാൻ വെറും കറുപ്പുമായ്.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/3&oldid=173341" എന്ന താളിൽനിന്ന് ശേഖരിച്ചത്