ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വിജയപ്രാർത്ഥന*
കുടുംബത്തെ രണ്ടായ്‌പ്പിരിക്കിലിശ്‌ശല്ല്യ-
- മൊടുങ്ങുമെന്നല്ലീ നിനച്ചിരുന്നു നാം ?
ജനനി തൻ പൂമെയ് പിളർക്കിലും കൂടി-
- യിണങ്ങുമെന്നല്ലി കരുതിവാണു നാം ?
പകുത്തിട്ടെന്തായി ഫലം ? പിരിഞ്ഞോർതൻ
- പകച്ചെന്തീ വീണ്ടും പടർന്നു കത്തുന്നു.
മറകൾകണ്ടൊരു മഹർഷിമാരിരു-
- ന്നരുളിന പഞ്ചനദത്തിലിദ്ദിനം
ഇടതടവറ്റു നടന്നീടുന്നല്ലോ
- ചുടലകാട്ടിലെപ്പിശാചതാണ്ഡവം!
എവിടെയും കൂട്ടക്കൊലയും, കൊള്ളയു-
- മെവിടെയും ബലാദ്രതവും തീവെയ്പും.
ജനിച്ച ദേശവും, ഗൃഹവും, സമ്പത്തും,
- തനിക്കു വാച്ചിടും സമസ്തബന്ധവും,
ത്യജിച്ചുയിർമാത്രം പുലർത്തുവാൻ കൊതി-
- ച്ചജസ്രമൊട്ടുപേർ പരക്കം പായുന്നു.
അശാന്തമാഞ്ഞെത്തിപ്പിടിച്ചവരെയും
- കശാപ്പുചെയ്യുന്നു പരർ മതഭ്രാന്തർ!
പ്രപഞ്ചധാതാവേ! വളരെ നീണ്ടുപോയ്
- സ്വപ്നമങ്ങേയ്ക്കൊന്നുണരണേ വേഗം!
ഇവിടുത്തെ സ്ഥിതിഗതികൾ നോക്കണേ
- രിവുയമിന്ദുവും മിഴികളാവോനേ!
ഭുവനങ്ങളങ്ങു ചമച്ചതാണെങ്കി-
- ലവനിയുമതിൽപ്പെടുകയില്ലയോ?
ജനയിതാവിന്നു തനതപത്യത്തെ-
- ക്കനിഞ്ഞു കാക്കേണ്ടും കടമയില്ലയോ?
അതോ ധരണിയെച്ചെകുത്താനായ് ശല്യ-
- മൊതുങ്ങുവാനങ്ങുമുഴിഞ്ഞുതള്ളിയോ?
ഹൃദയവും കണ്ണുമുടയോരെ! കേൾപ്പി-
- നുദയംചെയ്തുപോയ് നവീനമാം യുഗം.
- മഹാത്മജി പഞ്ചാബിലേക്കു പുറപ്പെടുവാൻ ഒരുങ്ങിയപ്പൊൾ