സാമാന്യബുദ്ധിക്കു നിരക്കാത്തതും ആയിരുന്നു. ഉദാഹരണത്തിന് ചുവപ്പുനിറം, കയ്പുരുചി, പുരുഷലിംഗം, കരൾ, പിത്താശയം, കിഡ്നി, ഇടതുചെവി, 42 മുതൽ 57 വരെയുള്ള പ്രായം, ചൊവ്വാഴ്ച്ച, വ്യാഴാഴ്ച്ചരാത്രി ഇവയുടെയെല്ലാം കാരകഗ്രഹമാണ് ചൊവ്വയെന്ന് ഗ്രീക്കുകാർ വിശ്വസിച്ചു. ചൊവ്വ ദോഷ സ്ഥാനത്തായിരുന്നാൽ ഇതിനെല്ലാം കുഴപ്പം വരാം. മറ്റു ഗ്രഹങ്ങൾക്കും ഇതുപോലെ കാരത്വങ്ങൾ കൽപിക്കപ്പെട്ടു.
ഈജിപ്തിലേയും ബാബിലോണിയയിലെയും ദൈവങ്ങൾ പൊതുവെ മനുഷ്യരോടു സൗഹൃദം പുലർത്തുന്നവരായിരുന്നു. (ചുരുങ്ങിയത്, ക്ഷേത്രങ്ങൾക്ക് മതിയായ കാണിക്ക കിട്ടിയിടത്തോളം കാലമെങ്കിലും) അവർ മനുഷ്യരെപ്പോലെ വികാരം കൊള്ളുകയും അവശരാവുകയും തമ്മിൽ ശത്രുത്വവും മിത്രത്വവും പുലർത്തുകയും ചെയ്യും. യഹൂദന്മാരുടെ സർവശക്തനായ യഹോവയ്ക്കുപോലും ആറു ദിവസം കൊണ്ട് സകലതും സൃഷ്ടിച്ച ശേഷം ഏഴാംദിവസം വിശ്രമിക്കേണ്ടിവന്നു. അവൻ ഉണർവുനേടി എന്നു ബൈബിൾ പറയുന്നു. ബാബിലോണിലെ പുരോഹിതന്മാർ ക്ഷീണിച്ച ദൈവങ്ങൾക്കു വിശ്രമിക്കാൻ ശ്രീകോവിലുകളിൽ കിടക്ക തയ്യാറാക്കിയിരുന്നു. മെക്സിക്കോയിലെ ആസ്തെക്കുകളുടെ ദൈവത്തിനു ക്ഷീണം തീർക്കാൻ മനുഷ്യരക്തം തന്നെ വേണമായിരുന്നു. ക്രി.മു.307-ൽ അഗസ്തോക്ലിസ് കാർത്തേജ് നഗരം വളഞ്ഞപ്പോൾ ശനിഗ്രഹത്തെ പ്രീതിപ്പെടുത്താനായി ഉന്നത കുടുംബങ്ങളിൽ നിന്നുള്ള 200 ആൺകുട്ടികളെ ആഹൂതി ചെയ്യുകയുണ്ടായത്രെ. എങ്കിലും ദൈവങ്ങളുടെ രക്തദാഹം അത്രയേറെയൊന്നും അന്നുണ്ടായിരുന്നില്ല. |
ഫലഭാഗജ്യോതിഷം ജ്യോതിശാസ്ത്രത്തെ അതിവേഗം കീഴ്പ്പെടുത്തിക്കളഞ്ഞു. ഇതിനുള്ള കാരണങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. അറിവ് ഒരു വിഭാഗം ആളുകളുടെ കൈയിൽ കേന്ദ്രീകരിച്ചു എന്നതാണ് അതിലൊന്ന്. ജ്യോതിശാസ്ത്രം പുരോഹിതരുടെ കുത്തകയായി മാറി. നിരീക്ഷണത്തിനും ഗണനത്തിനും എല്ലാം വേണ്ടത്ര സമയം കിട്ടിയത് അവർക്കുമാത്രമാണ്. സമൂഹത്തിന്റെ ചെലവിൽ സുഖമായി ജീവിച്ചവരാണവർ. സമൂഹത്തിനാവശ്യമായ അറിവുകൾ ഉൽപാദിപ്പിക്കുക അവരുടെ ചുമതലയായിരുന്നു. സമയമളക്കാനും ദിക്കറിയാനും കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി നൽകി കർഷകരെ സഹായിക്കാനും അവർക്കേ കഴിഞ്ഞുള്ളൂ. കുഞ്ഞുങ്ങളുടെ ഗ്രഹനില കുറിച്ചതും, പിന്നീട് ആവശ്യമുള്ളപ്പോൾ, പ്രായം ഗണിച്ചതും അവരാണ് (കേരളം പോലെ ചുരുക്കം ചില സ്ഥലങ്ങളിലേ പുരോഹിതരല്ലാത്ത ഗണകന്മാരുണ്ടായിരുന്നുള്ളൂ; അതും പിൽക്കാലത്ത്). പഞ്ചാംഗങ്ങൾ രചിച്ചു തുടങ്ങിയപ്പോൾ, അതു ഗണിച്ചെടുത്തതും പുരോഹിതർ തന്നെ. അവരെ അത്ഭുത സിദ്ധിയുള്ളവരായും ദൈവജ്ഞരായും സമൂഹം കണക്കാക്കിയതിൽ അത്ഭുതമില്ല. ഗ്രഹണം പോലുള്ള ചില പ്രതിഭാസങ്ങൾ പ്രവചിച്ചു കൊണ്ട് അവർ തങ്ങളുടെ ദൈവജ്ഞതയ്ക്ക് തെളിവും നൽകി. ഗ്രഹങ്ങളുടെ ദേവസങ്കൽപവും ജ്യോതിഷിയുടെ ദൈവജ്ഞതയും കൂടിച്ചേർന്നപ്പോൾ ഫലഭാഗജ്യോതിഷത്തിന് അടിത്തറയായി. ഗ്രഹസ്ഥിതിയും അവയുടെ ബല-ദൗർബല്യങ്ങളും മനുഷ്യജീവിതത്തെ ബാധിക്കുന്നുണ്ടെന്നും 'ദൈവജ്ഞന് ' (ജ്യോത്സ്യന്) അത് പറഞ്ഞു തരാനും ദോഷഫലങ്ങൾക്ക് പ്രതിവിധികൾ (ബലികൾ, പൂജകൾ, തീർഥാടനങ്ങൾ, ദാനധർമങ്ങൾ മുതലായവ) നിർദേശിക്കാനും കഴിയും എന്നുമുള്ള വിശ്വാസം പ്രചരിപ്പിക്കപ്പെട്ടു. പ്രവചനം നടത്തുന്നവരും പരിഹാരവിധികൾ നടപ്പാക്കാൻ സഹായിക്കുന്നവരും (പൂജാരികളും മറ്റും-രണ്ടും പുരോഹിത വിഭാഗങ്ങൾ തന്നെ) തമ്മിലുള്ള കൂട്ടുകച്ചവടം പതുക്കെ വികസിച്ചു വന്നു.
ഒരു ഘട്ടത്തിൽ ജ്യോതിഷികളുടെ നിലനിൽപിന് ഇതാവശ്യവുമായിവന്നു. ചൈനക്കാർ കാന്തം ഉപയോഗിച്ച് വടക്കുനോക്കിയന്ത്രം ഉണ്ടാക്കാൻ പഠിച്ചു. ഈജിപ്തുകാർ 365¼ ദിവസ