ആമുഖം
"യോ നരഃ ശാസ്ത്രമജ്ഞാത്വാ ജ്യോതിഷം ഖലുനിന്ദതി
രൗരവം നരകം ഭുക്ത്വാ സോന്ധത്വം ചാന്യജന്മനി"
അജ്ഞതകൊണ്ട് ജ്യോതിഷത്തെ നിന്ദിക്കുന്നവൻ ആരായാലും രൗരവം നരകം ഭുജിച്ചു അടുത്ത ജന്മത്തിൽ അന്ധരായി ജനിക്കും എന്നാണ് പരാശര മുനി താക്കീതു നൽകുന്നത്. എന്തായാലും ഈ പുസ്തകത്തിൽ ജ്യോതിഷനിന്ദ അശേഷം ഉണ്ടാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതു പരാശരമുനിയുടെ താക്കീതു കേട്ടു ഭയന്നിട്ടല്ല, മറിച്ച് പ്രാചീന ജ്യോതിഷത്തോടു കലശലായ ആദരവ് ഉള്ളതുകൊണ്ടാണ്.
ഇതിനർഥം ജ്യോതിഷത്തെ വിമർശിക്കില്ല എന്നല്ല. ജ്യോതിഷത്തിന്റെ ഫലഭാഗത്തോട് (ജോത്സ്യത്തോട്) കടുത്ത വിയോജിപ്പും അനാദരവും എനിക്കുണ്ട്. അതു തുറന്നു പറയുകയും ചെയ്യും.
ഒത്തിരി തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു പ്രാചീന വിജ്ഞാന ശാഖയാണ് ജ്യോതിഷം. ചിലർ അതിനെ വെറും അന്ധവിശ്വാസം മാത്രമായി കാണുന്നു. ശാസ്ത്രബോധമില്ലാത്ത പാവങ്ങളെ ചൂഷണം ചെയ്യാൻ ചില സൂത്രശാലികൾ കണ്ടെത്തിയ വിദ്യയായി മാത്രം.
മറ്റു ചിലർ അതിനെ ആരാധനയോടെ വീക്ഷിക്കുന്നു. ഭാരതത്തിന്റെ മഹത്തായ പൈതൃകമായതിനെ കരുതുന്നു. നമ്മുടെ മുനികൾ അവരുടെ ദിവ്യദൃഷ്ടികൊണ്ടു കണ്ടെത്തിയ പരമസത്യങ്ങളാണതിലുള്ളത്. അതിനെ ചോദ്യം ചെയ്യുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തോടുള്ള അനാദരവും ദൈവനിന്ദയുമാണ്. ശിവപുത്രനായ സുബ്രഹ്മണ്യനാണ് ജ്യോതിഷത്തിന്റെ ഉപജ്ഞാതാവ് എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ 'സ്കന്ദഹോര'യാണത്രെ ആദ്യത്തെ ജ്യോതിഷഗ്രന്ഥം. പിന്നീട് മറ്റനേകം മഹർഷിമാർ ആ ശാസ്ത്രത്തെ സമ്പുഷ്ടമാക്കി. പിതാമഹൻ, വസിഷ്ഠൻ, അത്രി, മനു, പുലസ്ത്യൻ, രൗമശൻ, മരീചി, അംഗിരസ്, വ്യാസൻ, നാരദൻ, ശൗനകൻ, ഭൃഗു, ച്യവനൻ, ഗാർഗ്ഗൻ, പരാശരൻ, യവനൻ എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. പക്ഷേ, ഇവർ രചിച്ചു എന്നു പറയുന്ന ഹോരാശാസ്ത്ര ഗ്രന്ഥങ്ങളിലേറെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചിലതിന്റെ വ്യാഖ്യാനങ്ങളും വരാഹമിഹിരനെപ്പോലുള്ളവരുടെ കൃതികളിൽനിന്നു ലഭിച്ച വിവരണങ്ങളും മാത്രമാണാശ്രയം. മിക്കതും (സ്കന്ദഹോര ഉൾപ്പെടെയുള്ളവ) ഒരിക്കലും രചിക്കപ്പെടാത്ത, വെറും ഐതിഹ്യങ്ങൾ മാത്രവുമാകാം.