താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാരതത്തിൽ നമുക്കിന്നു ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ജ്യോതിഷഗ്രന്ഥം ലഗധമുനിയുടെ 'വേദാംഗ ജ്യോതിഷം' ആണ്. ക്രിസ്തുവിന് മുമ്പ് 9-ആം നൂറ്റാണ്ടിനടുത്താണ് അതിന്റെ രചനാ കാലം എന്നാണ് ചരിത്രകാരന്മാർ പറയുന്നത് 'ജ്ഞാനരാശി കൊണ്ട് ജ്ഞേയരാശിയെ അറിയുന്ന' (ദ്യശ്യരാശിയിൽ നിന്ന് അദൃശ്യരാശിയെ ഗണിച്ചെടുക്കുന്ന) ലഗധന്റെ രീതി ഭാരതത്തിൽ ജ്യോതിഷത്തിന്റെ വളർച്ചയെ നന്നായി സഹായിച്ചു.

ലഗധനു മുമ്പുതന്നെ വേദങ്ങളിലും വേദവ്യാഖ്യാനങ്ങളിലും ജ്യോതിഷത്തെ സംബന്ധിച്ച ധാരാളം സൂചനകൾ ഉണ്ട്. ഋഗ്വേദകാലത്തുതന്നെ 27-ഓ 28-ഓ ചാന്ദ്രരാശികളെ (ജന്മനക്ഷത്രങ്ങൾ) തിരിച്ചറിഞ്ഞിരുന്നു. (അഭിജിത്ത് എന്ന നക്ഷത്രത്തെക്കൂടി ജന്മനക്ഷത്രമായി എണ്ണുമ്പോഴാണ് 28 എണ്ണം കിട്ടുക) എന്നാൽ അവയിലൊന്നുംതന്നെ വിശദാംശങ്ങൾ വേണ്ടത്രയില്ല. എങ്കിലും ജ്യോതിഷ പഠനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്. പ്രാചീന ഭാരതത്തിൽ ജ്യോതിഷത്തിന്റെ പ്രധാന ഉദ്ദേശ്യം കാലഗണനയും ദിക്‌ഗണനയുമായിരുന്നു. വേദാംഗ ജ്യോതിഷം പറയുന്നത് ഇപ്രകാരമാണ് "ബലികർമങ്ങൾ അനുഷ്ഠിക്കുന്നതിനാണ് വേദങ്ങൾ കാലക്രമമനുസരിച്ച് ആചാരങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു ആയതിനാൽ കാലഗണനാ ശാസ്ത്രം അറിയുന്നവനേ ബലി കർമങ്ങൾ ആകാവൂ". പുരോഹിതൻ 'നക്ഷത്രപാഠകൻ' ആയിരിക്കണമെന്ന് വേദങ്ങളും അനുശാസിക്കുന്നുണ്ട്.

വേദങ്ങളിലോ വേദാംഗജ്യോതിഷത്തിലോ, ജാതകംവെച്ചുള്ള ഫലഭാഗചിന്ത നാം കാണുന്നില്ല. അന്ന് അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ലഗധൻ അതു സൂചിപ്പിക്കാതിരിക്കില്ല; കാരണം അതു ജ്യോതിഷകാര്യങ്ങളും അനുഷ്ഠാനങ്ങളും മാത്രം ചർച്ച ചെയ്യുന്ന ഒരു കൃതിയാണ്. ഇന്ത്യയിൽ ഫലഭാഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ക്രിസ്തുവർഷാരംഭത്തിനു തൊട്ടുമുമ്പാണ് എന്നതിന് ധാരാളം തെളിവുകളുണ്ട്. അത് വ്യാപകമാകുന്നത് ക്രിസ്തുവർഷം 6-7 നൂറ്റാണ്ടുകളിലും. വരാഹമിഹിരനും ബ്രഹ്മഗുപ്തനുമാണ് അതിൽ പ്രമുഖ പങ്ക് വഹിച്ചത്. ഇക്കാര്യങ്ങൾ നാം കൂടുതൽ വിശദമായി ചർച്ച ചെയ്യും.

ജ്യോതിഷത്തെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും അതിനെ ശരിക്കും മനസ്സിലാക്കിയിട്ടല്ല അങ്ങനെ ചെയ്യുന്നത് എന്നു തോന്നുന്നു. സത്യത്തിൽ ജ്യോതിഷം പൂർണമായും അന്ധവിശ്വാസമല്ല. അതിലെ ഗണിതഭാഗം പ്രാചീന ജ്യോതിശ്ശാസ്ത്രമാണ് നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനങ്ങളും സ്ഥാനചലനങ്ങളും നിരീക്ഷിച്ച് കാലാവസ്ഥ പ്രവചിക്കുകയും പ്രായം ഗണിക്കുകയും ദിക്കുകൾ തിരിച്ചറിയുകയും മറ്റുമായിരുന്നു പ്രാചീന ജ്യോതിശ്ശാസ്ത്രത്തിന്റെ ലക്ഷ്യം. ഇതെ