താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തിയാണ് പ്രാചീനർ കണ്ടത്. സന്ധ്യയ്ക്കതിനെ ഒരു ദിക്കിൽ (ചക്രവാളത്തിൽ നിന്ന് ഒരു നിശ്ചിത ഉയരത്തിൽ) നല്ല ശോഭയോടെ കാണുന്നുവെന്നിരിക്കട്ടെ. ക്രമേണ ശുക്രൻ അവിടെ നിന്ന് മാറിപ്പോവുകയും കുറെ നാൾക്കുശേഷം അതേ ദിക്കിൽ തന്നെ തിരിച്ചെത്തുകയും ചെയ്യും. പക്ഷേ, അപ്പോൾ അതിനു ശോഭ വളരെ കുറഞ്ഞിരിക്കും. ഒരേ സ്ഥാനത്ത് ശുക്രന് ശോഭ രണ്ടു വിധമാകാനുള്ള കാരണവും പണ്ടത്തെ ജ്യോതിഷികൾക്കു മനസ്സിലായില്ല. ഭൂകേന്ദ്ര സിദ്ധാന്തമനുസരിച്ച് അതിനു കഴിയുകയുമില്ല. ഗ്രഹങ്ങൾ സൂര്യനെയാണ് ചുറ്റുന്നത് എന്നു സങ്കൽപിച്ചാൽ സംഗതി എളുപ്പമാകും(ചിത്രം II നോക്കുക). ശുക്രൻ A എന്ന സ്ഥാനത്തായാലും B എന്ന സ്ഥാനത്തായാലും കാണപ്പെടുക ഒരേ ദിക്കിൽ(ചക്രവാളത്തിൽ നിന്ന് ഒരേ ഉയരത്തിൽ) ആണല്ലോ. പക്ഷേ, ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ വലിയ വ്യത്യാസം വന്നിരിക്കുന്നു; അതുകൊണ്ടു തന്നെ ശോഭയിലും. എന്നാൽ ജ്യോതിഷി ഇതിനെയും ചിത്രീകരിച്ചത് ബലവും ബലക്ഷയവുമായാണ്.
ചൊവ്വയുടെ ശോഭയിലെ വ്യതിയാനം. സന്ധ്യക്ക് ചൊവ്വ ഉദിക്കുന്ന കാലത്ത് (സ്ഥാനം A. ചൊവ്വ ഭൂമിക്കു കിഴക്കും സൂര്യൻ പടിഞ്ഞാറും)അതു ഭൂമിയോട് അടുത്തായിരിക്കും. അപ്പോൾ ശോഭ ഏറ്റവും കൂടിയിരിക്കും. സന്ധ്യക്ക് പടിഞ്ഞാറോ (സ്ഥാനം B) പ്രഭാതത്തിന് മുമ്പു കിഴക്കോ (സ്ഥാനം C) കാണുന്ന കാലത്ത് ഭൂമിയിൽ നിന്ന് വളരെ അകലെയായിരിക്കും. അപ്പോൾ ശോഭ വളരെ കുറഞ്ഞു പോകും. പ്രകാശത്തിന്റെ ഈ ഏറ്റക്കുറവ് കുജന്റെ ബലവും ബലക്ഷയവുമായാണ് ജ്യോതിഷികൾ ചിത്രീകരിച്ചത്.
ശുക്രന്റെ ശോഭാവ്യതിയാനം. ശുക്രൻ A എന്ന സ്ഥാനത്തായാലും B എന്ന സ്ഥാനത്തായാലും ഭൂമിയിൽ നിന്ന് (സൂര്യനെ അപേക്ഷിച്ച്) ഒരേ കോണളവിലാണ് കാണപ്പെടുക. എങ്കിലും ഭൂമിയിൽ നിന്നുള്ള ദൂരവ്യത്യാസം കാരണം ശോഭയിൽ വലിയ അന്തരമുണ്ടാകും.

ഗ്രഹങ്ങളുടെ ദേവസങ്കൽപത്തിന് ഉപോൽബലകമായ മറ്റൊരു നിരീക്ഷണം ഗ്രഹങ്ങളുടെ നിറവ്യത്യാസമായിരുന്നു. ശുക്രൻ വെള്ളിപോലെ വെളുത്തിട്ടാണ്. ചൊവ്വ ചുവപ്പുനിറത്തിലും. ചന്ദ്രനും വ്യാഴവും മഞ്ഞ കലർന്ന വെള്ള നിറമാണ് (കുളിർശോഭ). സൂര്യനാകട്ടെ തീക്ഷ്ണരൂപിയും. സ്വാഭാവികമായും ആ ദേവന്മാരുടെ/ദേവികളുടെ സ്വഭാവ‌വും അതിനനുസരിച്ചായിരിക്കണം. പുരാണകഥാപാത്രങ്ങളെ പ്രതിനിധീകരിക്കാൻ ഗ്രഹങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഇതും പരിഗണിക്കപ്പെട്ടു എന്നു വ്യക്തം. ചൊവ്വയെ യുദ്ധദേവനാക്കിയത് അതിന്റെ ചുവപ്പുനിറം കൊണ്ടാണ്. ഗ്രഹങ്ങളെ ശുഭന്മാരും പാപന്മാരും ആയി വേർതിരിച്ചതിൽ ഇത്തരം പരിഗണനകൾ പ്രധാനമായി ഭവിച്ചിരിക്കും. ചൊവ്വയ്ക്കു ചുവപ്പുനിറം വരാൻ കാരണം അതിന്റെ ഉപരിതലത്തിലുള്ള ഇരുമ്പിന്റെ ഓക്സൈഡാണെന്നും ശുക്രനു വെള്ളശോഭ കൈവന്നത് അതിന്റെ കനത്ത അന്തരീക്ഷത്തിനു മീതെയുള്ള മേഘങ്ങളിൽ തട്ടി സൂര്യപ്രകാശം നന്നായി പ്രതിഫലിക്കുന്നതുകൊണ്ടാണെന്നും അന്നത്തെ ജ്യോതിഷി എങ്ങനെ അറിയാൻ!

എല്ലാം ഇതേപോലെ കാരണം കണ്ടെത്താൻ കഴിയാത്ത അത്ഭുതപ്രതിഭാസങ്ങളായി അവശേഷിച്ചു. അതെല്ലാം അവയുടെ സ്വന്തം ഇച്ഛാശക്തിയുടെയും ശക്തിദൗർബല്യങ്ങളുടെയും ലക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടു. സൂര്യന്റെ അയനചലനവും ഗ്രഹ