താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാണ്. പക്ഷെ, ഇപ്രാവശ്യം അതുണ്ടായില്ല ഇഷ്തർ വൃശ്ചികത്തിന്റെ മാറിടത്തിൽ എത്തിയപ്പോഴേക്കും അവൾ തട്ടിയെടുക്കപ്പെട്ടു. വൃശ്ചികത്തെ സ്പർശിച്ചെങ്കിലും തുളച്ചു കടക്കാൻ കഴിഞ്ഞില്ല“. എന്താണീ തട്ടിയെടുക്കൽ സൂചിപ്പിക്കുന്നത് എന്നല്ലേ. ശുക്രൻ വക്രഗതിയിൽ പ്രവേശിച്ചതാണെന്നു തീർച്ച.

ഈജിപ്തുകാർ പ്രപഞ്ചത്തെ കണ്ടത് ഇങ്ങനെയാണ്. വാനദേവത 'നട്ട്' നക്ഷത്രനിബിഢമായ തന്റെ ശരീരം കൊണ്ട് ഭൂമിക്കു മേൽ ഒരു കമാനം തീർത്തിരുന്നു. അവളുടെ ശരീരത്തിനു മീതെകൂടി ഒരു വഞ്ചിയിൽ സൂര്യൻ യാത്ര ചെയ്യുന്നു. (ഉദയവും അസ്തമയവും കാണിച്ചിട്ടുണ്ട്) രാത്രിയൽ മരിച്ചവരുടെ ലോകമായ പാതാളത്തിലാണ് സൂര്യൻ.
ചൊവ്വ – ജ്യോതിഷ വിശ്വാസികൾ ഏറെ ഭയപ്പെടുന്ന ഗ്രഹം സൂര്യനിൽ നിന്നുള്ള ദൂരം 22.8 കോടി കിലോമീറ്റർ. പിണ്ഡം ഭൂമിയുടെ 10 ശതമാനം. നേർത്ത അന്തരീക്ഷം. ധ്രുവങ്ങളിൽ ഹിമമുണ്ട്. ഉപരിതലത്തിൽ ഇരുമ്പിന്റെ ഓക്സൈഡ് ഉള്ളതിനാൽ ചുവപ്പു നിറമാണ്. യുദ്ധത്തിന്റെ ദേവനാകാൻ ഒരു യോഗ്യതയുമില്ല. സ്വയം ഭ്രമണത്തിന് 687 ദിവസവും വേണം. ആകാശത്തിലെവിടെയും കാണപ്പെടാം. രണ്ടു കൊച്ച് ഉപഗ്രഹങ്ങളുണ്ട്.

മറ്റൊരു ഫലകത്തിൽ ഉള്ളത് മാർഇഷ്തർ എന്ന ജ്യോതിഷി നിരീക്ഷണ നിലയത്തിൽ നിന്ന് ചക്രവർത്തിക്ക് അയച്ച ഒരു കുറിപ്പാണ്. “ചക്രവർത്തിക്ക് മാർ ഇഷ്തർ: മാർദുക്കിനെ സംബന്ധിച്ച റിപ്പോർട്ട് ഞാൻ തന്നിരുന്നല്ലോ. അനുവിന്റെ പഥത്തിലുള്ള അതിന്റെ ഗതിയെ ആസ്പദമാക്കിയാണ് ഞാൻ അങ്ങനെ പ്രവചിച്ചത്. എന്നാൽ മാർദുക് ഗതി മന്ദമാക്കിയെന്നു മാത്രമല്ല പിറകോട്ടു പോവുക കൂടി ചെയ്തിരിക്കുന്നു. എന്റെ പ്രവചനം തെറ്റിയിരിക്കുന്നു. കുറ്റം എന്റേതല്ല എന്ന് അങ്ങ് മനസ്സിലാക്കുമല്ലോ?“.

അതെ, വ്യാഴവും പണി പറ്റിച്ചിരിക്കുന്നു. അനുവിന്റെ പഥത്തിലൂടെ (ഖഗോളമധ്യരേഖയിലൂടെ) മുമ്പോട്ടു പോയ്ക്കൊണ്ടിരിക്കുന്ന വ്യാഴം ഗതി മാറ്റി, തിരിച്ചു യാത്രയായിരിക്കുന്നു. ഈ കുറിപ്പിൽ ശ്രദ്ധേയമായിട്ടുള്ള ഒരു കാര്യം അതിന്റെ സൗഹൃദസ്വരമാണ്. ജ്യോതിഷി രാജാവിനോട് പെരുമാറുന്നത് മേലധികാരിയോടെന്ന പോലെയല്ല. സുഹൃത്തിനോടെന്നപോലെയാണ്.

ചൈനക്കാരും വ്യാഴത്തിന്റെ ഈ അത്ഭുത വിദ്യ കണ്ട് അന്ധാളിക്കുന്നത് അവരുടെ രേഖകളിൽ കാണാം. വ്യാഴം അവർക്ക് സമൃദ്ധിയുടെ ദേവനായിരുന്നു. അതിന്റെ വക്രഗതിയെ അവർ ക്ഷാമത്തിന്റെ സൂചനയായാണ് കരുതിയത്. ബാബിലോണിയരെപ്പോലെ ചൈനക്കാർക്കും ആകാശം ദൈവങ്ങളുടെ ഇരിപ്പിടമായിരുന്നു. എങ്കിലും ഇരുകൂട്ടരുടെയും സമീപനങ്ങൾ തമ്മിൽ കാതലായ വ്യത്യാസം കാണാം. ചൈനക്കാർ അവരുടെ പ്രാകൃത ദൈവങ്ങളെ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ആരോപിക്കുകയും എന്നിട്ട് ഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. ദൈവങ്ങൾക്ക് ഇങ്ങനെ 'കാണപ്പെടുന്ന രൂപങ്ങൾ' കൈവന്നതോടെ ഫലഭാഗ ജ്യോതിക്ഷത്തിലേക്കും മറ്റ് ആചാര വൈകൃതങ്ങളിലേക്കുമുള്ള നീക്കം അനിവാര്യവും സുഗമവുമായി. ചൈനക്കാർ ഗ്രഹസ്ഥാപനങ്ങളെ ഭാഗ്യ നിർഭാഗ്യങ്ങളുടെ സൂചകമായി കണക്കാക്കിയെങ്കിലും ജനനസമയത്തെ ഗ്രഹനില വെച്ച് വ്യക്തികളുടെ ഭാവി പ്രവചിക്കാം എന്ന അബദ്ധത്തിലേക്ക് എടുത്തു ചാടിയില്ല. എന്നാൽ ബാബിലോണിയർ, പ്രത്യേകിച്ച് കാൽദിയർ, എത്തിച്ചേർന്നത് ആ വിശ്വാസത്തിലാണ്.

ശ്രദ്ധയോടെയുള്ള വാനനിരീക്ഷണവും നിരീക്ഷണം വഴി കണ്ടെത്തിയ പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം