താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അധ്യായം 3


ഗ്രഹങ്ങളുടെ ദേവ സങ്കൽപവും ഫലഭാഗത്തിന്റെ ആവിർഭാവവും
ബുധൻ: സൂര്യനോട് ഏറ്റവും അടുത്ത പഥമുള്ള ഗ്രഹം. സൂര്യനിൽ നിന്നുള്ള ഏകദേശം ദൂരം 5.8 കോടി കിലോമീറ്റർ. പിണ്ഡം ഭൂമിയുടെ 6 ശതമാനത്തിനടുത്ത് . ഉയർന്ന താപനിലയും കുറഞ്ഞ ഗുരുത്വാകർഷണവും മൂലം അന്തരീക്ഷത്തെ നിലനിർത്താൻ കഴിഞ്ഞില്ല. ഉൽക്കകൾ പതിച്ച ഗർത്തങ്ങളാണ് ബുധന്റെ ഉപരിതലം നിറയെ. ബുദ്ധിയുടെയും അറിവിന്റെയും ദേവനാകാൻ ഒരു യോഗ്യതയും ഇല്ല. സ്വയം ഭ്രമണത്തിന് 58.65 ദിവസവും സൂര്യനെ ചുറ്റാൻ 88 ദിവസവും എടുക്കുന്നു. ചിലകാലത്ത് പ്രഭാതത്തിൽ കിഴക്കെ ചക്രവാളത്തിനടുത്തും മറ്റു ചില കാലത്ത് സന്ധ്യക്ക് പടിഞ്ഞാറേ ചക്രവാളത്തിനടുത്തും കാണാം. അധികകാലവും മൗഢ്യത്തിലായിരിക്കും.


3.1 ഗ്രഹങ്ങളുടെ ദേവസങ്കൽപം

ഫലഭാഗ ജ്യോതിഷത്തിന്റെ അടിസ്ഥാനം ഗ്രഹങ്ങളുടെ ദേവസങ്കൽപമാണ്. ജ്യോതിഷത്തിന്റെ ആരംഭകാലം തൊട്ടേ ഈ സങ്കൽപത്തിന്റെ അംശം അതിലുണ്ട്. ലോകത്തെല്ലായിടത്തും സൂര്യചന്ദ്രന്മാരെ ദേവന്മാരായാണ് കരുതിപ്പോന്നത്. ജീവന്റെ ദാതാവും സംരക്ഷകനുമായിരുന്നു സൂര്യൻ. ഇത്ര 'ചെറിയ' ഒരു വസ്തു ഇത്ര വിശാലമായ ഭൂമിക്കു മുഴുവനും വെളിച്ചവും ചൂടും നൽകുന്നത് പ്രാചീനരെ അത്ഭുതപ്പെടുത്തി. ഉദയാസ്തമയങ്ങളുടെ കൃത്യതയും അയന ചലനങ്ങൾക്ക് ഋതുക്കളുമായുള്ള ബന്ധവും അവർക്കു മനസ്സിലാക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു. അതുപോലെ വീടും വിളക്കുമില്ലാതെ കഴിഞ്ഞ കാലത്ത് ചന്ദ്രനും എന്തൊരുപകാരിയായിരുന്നു എന്ന് നമുക്കിന്ന് മനസ്സിലാക്കുക എളുപ്പമല്ല. വേലിയേറ്റം വഴി ചന്ദ്രൻ തന്റെ പ്രതാപവും വെളിവാക്കി. സ്ത്രീകളുടെ ആർത്തവവും വാവും തമ്മിലുള്ള ബന്ധം നിമിത്തമാകാം, ചന്ദ്രൻ ലോകത്തെല്ലായിടത്തും ഉൽപാദനത്തിന്റെയും (സന്താന ഉൽപാദനവും കാർഷിക ഉൽപാദനവും ഇതിൽ പെടും) സമൃദ്ധിയുടെയും ദേവിയോ ദേവനോ ആയി ആരാധിക്കപ്പെട്ടു. പല പ്രാചീന സമൂഹങ്ങളിലും ചന്ദ്രന് സൂര്യനേക്കാൾ പോലും പ്രാധാന്യം കൈവന്നു. അമാവാസിക്കു ശേഷമുള്ള ചന്ദ്രന്റെ പിറവിയെ ഭക്തിയോടെയും ആഘോഷത്തോടെയും ആണ് അവർ എതിരേറ്റത്.

ആദിത്യന്റെയും ചന്ദ്രന്റെയും താരഗണങ്ങളുടെയും ചലനവിശേഷങ്ങൾ ശരിയായി മനസ്സിലാക്കിയ ഒരാൾ, മരണശേഷം അവയുടെ ലോകത്ത് ചെന്നു ചേരുമെന്നും അയാൾക്ക് ഭൂമിയിൽ