താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൽകുന്നു. പൗർണമാസിയോടുകൂടി വെളുത്ത പക്ഷം തീർന്നാൽ കറുത്ത പക്ഷ പ്രഥമയായി.

ചെറിയ കാലദൈർഘ്യം സൂചിപ്പിക്കാൻ ഇന്ന് നാം ഉപയാഗിക്കുന്ന 'ആഴ്ച' ഇന്ത്യയിൽ പണ്ട് ഉണ്ടായിരുന്നില്ല. ബാബിലോണിയയിലെ കാൽദിയയിലാണ് അതിന്റെ ഉദ്ഭവം. ഗ്രീക്കുകാരാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനു മുമ്പ് തിഥി ആയിരുന്നു പ്രധാനം. ദിവസത്തെ സൂചിപ്പിക്കാൻ അന്ന് തിഥി ഉപയോഗിച്ചിരിക്കണം. ഇന്നു നാം ഞായർ എന്നോ വെള്ളി എന്നോ പറയും പോലെ അന്ന് ശുക്ലപക്ഷ പ്രഥമയെന്നോ കൃഷ്ണപക്ഷ പഞ്ചമിയെന്നോ ഒക്കെയാവും പറഞ്ഞിട്ടുണ്ടാവുക. എന്തായാലും ആഴ്ചയേക്കാൾ കൂടുതൽ ജ്യോതിശാസ്ത്ര അടിത്തറ തിഥിക്കുണ്ട്.

രവി മാർഗത്തിൽ നിന്ന് തെക്കോട്ടോ വടക്കോട്ടോ ചന്ദ്രനിലേക്കുള്ള (കോണീയ) ദൂരത്തെ വിക്ഷേപമെന്നു പറയുന്നു. ഏറ്റവും കൂടിയ വിക്ഷേപം 5 ഡിഗ്രി. രാഹു കേതുക്കളിൽ ചന്ദ്രനു വിക്ഷേപം പൂജ്യമായിരിക്കും.

ഒരു ദിവസത്തെ തിഥി സ്ഫുടത്തെ കലയാക്കി 720 കൊണ്ട് ഹരിച്ചാൽ അന്നുവരെ കഴിഞ്ഞുപോയ തിഥിസംഖ്യ കിട്ടും. ശിഷ്ടത്തെ 60 കൊണ്ട് ഗുണിച്ച് 720 കൊണ്ടു ഹരിച്ചാൽ തിഥിയിൽ ചെന്ന നാഴികയും കിട്ടും.

കരണം: തിഥിയിൽ പകുതിയാണ് കരണം. അതായത്, തിഥി സ്ഫുടം 6 ഭാഗയാകാൻ വേണ്ട സമയം. ഒരു ദിവസം രണ്ടു കരണമുണ്ടെന്നർഥം. ഒരു മാസത്തിൽ 60 കരണം. കറുത്ത വാവു കഴിഞ്ഞുള്ള ആദ്യ കരണം പുഴുക്കരണം. പിന്നെ സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി എന്ന ക്രമത്തിൽ 8 പ്രാവശ്യം ആവർത്തിക്കുന്നു (7x8=56). ബാക്കി 3 എണ്ണം പുള്ള്, നാൽക്കാലി, പാമ്പ് എന്നീ കരണങ്ങൾ. ഒരു ദിവസത്തെ തിഥി സ്ഫുടത്തെ 360 കൊണ്ട് ഹരിച്ചാൽ അതുവരെ കഴിഞ്ഞ കരണസംഖ്യ കിട്ടും. ശിഷ്ടത്തെ 30 കൊണ്ട് ഗുണിച്ച് 360 കൊണ്ട് ഹരിച്ചാൽ കരണത്തിൽ ചെന്ന നാഴികയും കിട്ടും.

യോഗം: സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടിയതിനെ രവി ചന്ദ്രയോഗമെന്നും, ചുരുക്കത്തിൽ യോഗമെന്നും പറയുന്നു. നിത്യയോഗമെന്നും പറയാറുണ്ട്. ചന്ദ്രൻ 27.32 ദിവസം കൊണ്ട് രാശിചക്രത്തിലൂടെ ഒന്നു ചുറ്റുന്നതുകൊണ്ട് 27 യോഗങ്ങളാണുള്ളത്. അവയ്ക്കോരോന്നിനും പ്രത്യേകം പേരുകളുണ്ട്. (1) വിഷ്കംഭം (2) പ്രീതി (3) ആയുഷ്മാൻ (4) സൗഭാഗ്യം (5) ശോഭനം (6) അതിഗന്ധം (7) സുകർമം (8) ധുതി (9) ശൂലം (10) ഗണ്ഡം (11) വൃദ്ധി (12) ധ്രുവം (13) വ്യാഘാതം (14) ഹർഷണം (15) വജ്രം (16) സിദ്ധി (17) വ്യതീപാതം (18) വരിയാൻ (19) പരിഘം (20) ശിവം (21) സിദ്ധം (22) സാദ്ധ്യം (23) ശുഭം (24) ശുഭ്രം (25) ബ്രാഹ്മ്യം (26) മഹേന്ദ്രം (27) വൈധ്യതി എന്നിവയാണവ.

ഏതു ദിവസത്തെയും രവിസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടി 800 കൊണ്ട് ഹരിച്ചാൽ അന്നുവരെ കഴിഞ്ഞ യോഗസംഖ്യ കിട്ടും. ശിഷ്ടത്തെ 60 കൊണ്ട് ഗുണിച്ച് 800 കൊണ്ട് ഹരിച്ചാൽ യോഗത്തിൽ ചെന്ന നാഴികയും കിട്ടും. രവി ചന്ദ്രസ്ഫുടങ്ങൾ കൂട്ടിയാൽ 12 രാശിയിലധികം വരുന്നെങ്കിൽ 12 കളഞ്ഞ് ബാക്കി സംഖ്യയെയാണ് മേൽപ്പറഞ്ഞ പ്രകാരം ചെയ്യേണ്ടത്.

നക്ഷത്രം, തിഥി, യോഗം ഇവയ്ക്കെല്ലാം 60 നാഴിക വീതമാണെങ്കിലും ചന്ദ്രഗതിയുടെ ഏറ്റക്കുറവുകൊണ്ട് ഇതിൽ കുറേശ്ശെ മാറ്റങ്ങളുണ്ടാകും.