ഗ്രഹണഭയം മുമ്പ് ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നു. ചൈനക്കാരുടെ ഐതിഹ്യമനുസരിച്ച് വ്യാളി (Dragon) ആണ് സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നത്. ഭാരതത്തിൽ നിന്നാണ് ഈ ആശയം കടംകൊണ്ടത് എന്ന് തോന്നുന്നു. 'നവഗ്രഹം' എന്ന ഭാരതീയ പഞ്ചാംഗഗ്രന്ഥത്തിന്റെ ചൈനീസ് പരിഭാഷയായ പ്യൂച്ച്-ൽ ആണ് വ്യാളി കഥ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാലി ദ്വീപുകാർക്ക് സൂര്യനെ വിഴുങ്ങുന്നത് 'കാലരാഹു'വാണ്. ഈജിപ്തുകാർക്ക് 'അപെപി' (Apepi) എന്ന പാമ്പാണ്. ഗ്രഹണം നടക്കുമ്പോൾ അവർ അപെപിയെ തുരത്താൻ വമ്പിച്ച ചടങ്ങുകൾ നടത്തുമായിരുന്നു. ഗ്രഹണഭയം മുതലെടുക്കാൻ ജ്യോതിഷികൾ എല്ലായിടത്തും ശ്രമിച്ചു. ഗ്രഹണം ദൈവകോപത്തിന്റെ സൂചനയാണെന്നും രാജാവിന്റെ ഭരണത്തോടുള്ള അതൃപ്തിയാണത് കാണിക്കുന്നതെന്നും അവർ രാജാക്കന്മാരെ ധരിപ്പിച്ചു. ഗ്രഹണത്തെ തുടർന്ന് രാജാവിന്റെ മരണം, യുദ്ധം, പഞ്ഞം, പകർച്ചവ്യാധി തുടങ്ങിയ ആപത്തുകൾ സംഭവിക്കും. പരിഹാരത്തിനായി രാജാവ് ഉപവാസവും വ്രതവും അനുഷ്ഠിക്കണം, പുരോഹിതർക്ക് ദാനങ്ങൾ നൽകണം. ഭാരതത്തിൽ പശുക്കളും ചൈനയിൽ സ്വർണനാണയങ്ങളുമായിരുന്നു മുഖ്യ ദാനവസ്തു. എല്ലായിടത്തും നേട്ടം പുരോഹിതർക്കായിരുന്നു (അവർ തന്നെയായിരുന്നു ജ്യോതിഷികളും). സറോസ് ചക്രം (Saros cycle) കണ്ടെത്തിയതോടെ ജ്യോതിഷികൾ ഗ്രഹണം പ്രവചിക്കാനുള്ള കഴിവു നേടി. 18 വർഷവും 11 ദിവസവും കൂടുമ്പോൾ ഗ്രഹണപരമ്പര അതേ ഇടവേളയോടെ ആവർത്തിക്കപ്പെടുന്നു എന്നതായിരുന്നു ഈ കണ്ടെത്തൽ. ഗ്രഹണം പ്രവചിച്ചുകൊണ്ട് ജ്യോതിഷികൾ രാജാക്കന്മാരെയും സാധാരണ ജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയും വിശ്വാസത്തിനടിമകളാക്കുകയും ചെയ്തു. ഒരു ശാസ്ത്രവിജ്ഞാനം പോലും എങ്ങനെ അന്ധവിശ്വാസം വർധിപ്പിക്കാൻ ഉപയോഗിക്കാം എന്നതിന്റെ നല്ല ഉദാഹരണമാണിത്. സറോസ് ചക്രം കണ്ടെത്തിയത് ആരോണെന്നോ എന്നാണെന്നോ കൃത്യമായി അറിയില്ല. ഗ്രീക്കു തത്വജ്ഞാനിയും സഞ്ചാരിയുമായിരുന്ന ഥെയിൽസ് ആ തത്വം ഉപയോഗിച്ച് BC 585 മെയ് 25ന് ഒരു സൂര്യഗ്രഹണം പ്രവചിക്കുകയും അതുപ്രകാരം സംഭവിക്കുകയും ചെയ്തു എന്ന് ഗ്രീക്കു ചരിത്രം പറയുന്നു. ലിഡിയയിലേയും മീഡ്സിലെയും സൈന്യങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കവേയാണ് പൊടുന്നനെ ഗ്രഹണം സംഭവിച്ചത്. ഥെയിൽസ് പറഞ്ഞ സമയത്തു തന്നെ ഗ്രഹണം നടക്കുന്നതുകണ്ട് ഭയവിഹ്വലരായ സൈന്യാധിപന്മാർ യുദ്ധം നിർത്തി സന്ധി ചെയ്യാൻ തയ്യാറായി എന്നാണ് കഥ. ഥെയിൽസിന് ഈ വിജ്ഞാനം കിട്ടിയത് ഈജിപ്തിൽ നിന്നാണെന്നു കരുതപ്പെടുന്നു. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ അന്ധവിശ്വാസങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ധാരാളമായി കാണാം. ഗ്രഹണസമയത്ത് സൂര്യനിൽ നിന്ന് വളരെയധികം അൾട്രാവയലറ്റ് രശ്മികൾ വരുന്നുണ്ടെന്നും അത് കണ്ണിന് കേടുവരുത്തുന്നതുകൊണ്ടാണ് ഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്ന് അനുശാസിക്കുന്നതെന്നുമാണ് ഒരു വിശദീകരണം. ഇത് തനി വിവരക്കേടാണ്. ഭൂമിയ്ക്കും സൂര്യനുമിടയ്ക്ക് ചന്ദ്രൻ വന്നു നിന്ന് ഭൂമിയിൽ അൽപം സ്ഥലത്ത് (ഏറിയാൽ 272 കിലോമീറ്റർ വ്യാസാർധം വരുന്ന വൃത്തത്തിൽ) നിഴൽ വീഴ്ത്തുന്നതറിഞ്ഞ് കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പുറത്തു വിടാൻ സൂര്യനു കഴിയുമോ? യഥാർഥത്തിൽ, ചന്ദ്രന്റെ മറവ്കാരണം, അൾട്രാവയലറ്റിന്റെ അംശവും കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഗ്രഹണസമയത്ത് പുറത്തിറങ്ങാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. എങ്കിലും ഗ്രഹണത്തെ നേരിട്ടു നോക്കുമ്പോൾ |
താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/47
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു