താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സ്വർഭാനുവും സൂര്യനെ വിഴുങ്ങുന്ന പാമ്പും

ആദികാലം മുതൽക്കേ മനുഷ്യനെ അന്ധാളിപ്പിച്ച ഒരു പ്രതിഭാസമായിരുന്നു സൂര്യഗ്രഹണം. ജ്വലിച്ചു നിൽക്കുന്ന സൂര്യബിംബത്തിന്റെ ഒരറ്റം പതുക്കെ കറുത്തുതുടങ്ങുന്നു. കറുപ്പ് ക്രമേണ വ്യാപിച്ച് സൂര്യനെ മുഴുവൻ മറയ്ക്കുന്നു. ചുറ്റും ഇരുട്ട് വ്യാപിക്കുന്നതോടെ പക്ഷിമൃഗാദികൾ അസ്വസ്ഥരാകുകയും കരഞ്ഞ് ബഹളം കൂട്ടുകയും കൂടണയാൻ ബദ്ധപ്പെടുകയും ചെയ്യുന്നു. അപൂർവമായേ ഈ പ്രതിഭാസം സംഭവിക്കുന്നുള്ളുവെങ്കിലും അതിന്റെകാരണം കണ്ടത്താൻ പ്രാചീന മനുഷ്യന് കഴിഞ്ഞില്ല. ശാസ്ത്രം പരാജയപ്പെട്ടിടത്ത് ഭൂതപ്രേതാദികൾ കടന്നുവന്നു. ഋഗ്വേദം പറയുന്നു "സ്വർഭാനു എന്ന അസുരൻ അന്ധകാരം കൊണ്ട് ആദിത്യനെ ഗ്രസിക്കുകയും ഭൂവാസികൾക്ക് തങ്ങൾ നിൽക്കുന്നതെവിടെയാണെന്ന് നിശ്ചയമില്ലാതാവുകയും ചെയ്തു. അപ്പോഴാണ് അത്രി മഹർഷി തന്റെ മന്ത്രശക്തികൊണ്ട് സ്വർഭാനുവിന്റെ മാന്ത്രികശക്തിയെ അവസാനിപ്പിച്ച് സൂര്യന് പഴയ ചൈതന്യം നേടിക്കൊടുത്തത്". (അത്രിഗോത്രക്കാർ അക്കാലത്തെ പ്രമുഖ ജ്യോതിഷികളാണ്)

പിന്നീടെന്നോ ആണ് രാഹു-കേതു കഥ വരുന്നത്. ദുർവാസാവ് മഹർഷി ഇന്ദ്രന് സമ്മാനിച്ച പൂമാല ഇന്ദ്രവാഹനമായ ഐരാവതം എന്ന ആന നിലത്തെറിഞ്ഞു നശിപ്പിച്ചുകളഞ്ഞു. രോഷം പൂണ്ട മഹർഷി ദേവന്മാരെ ശപിച്ചു. അവർക്ക് ജരാനരകൾ ബാധിച്ചു. രക്ഷക്കായി അവർ വിഷ്ണുവിനെ സമീപിച്ചു. പാലാഴി കടഞ്ഞുകിട്ടുന്ന അമൃത് കഴിച്ചാൽ ദേവന്മാർ വീണ്ടും അമൃതരാകുമെന്നും അതിന് അസുരന്മാരുടെ സഹായത്തോടെ മന്ഥര പർവതത്തെ കടകോലും വാസുകി സർപ്പത്തെ കയറുമാക്കി കടയണമെന്നും വിഷ്ണു ഉപദേശിച്ചു. ദേവന്മാർ അസുരസഹായം തേടി. പാലാഴി മഥനം തുടങ്ങി; ദീർഘകാലത്തെ കഠിനയയത്നത്തിന്റെ ഒടുവിൽ ധന്വന്തരി അമൃതകുംഭവുമായി പൊങ്ങിവന്നു. അസുരന്മാർ അതു തട്ടിപ്പറിച്ചോടി. വിഷ്ണു, മോഹിനിയുടെ വേഷം ധരിച്ച്, അസുരലോകത്തെത്തി അമൃത് വിളമ്പാൻ സന്നദ്ധയായി. വിളമ്പുമ്പോൾ എല്ലാവരും കണ്ണടച്ച് ഇരിക്കണമെന്നും ഏറ്റവും ഒടുവിൽ കണ്ണ് തുറക്കുന്നയാളെ താൻ വരിക്കുമെന്നും പറഞ്ഞു. അവർ കണ്ണടച്ച തക്കത്തിന് അമൃതകുംഭവുമായി മോഹിനി സ്ഥലം വിട്ടു. ചതി മനസ്സിലാക്കിയ അസുരന്മാർ പിന്നാലെയും. അമൃത് വിളമ്പുന്ന ദേവന്മാരുടെ പന്തിയിൽ വേഷപ്രച്ഛന്നനായി പ്രവേശിച്ച ദൈത്യപുത്രനായ കേതുവിനെ കാവൽക്കാരായിനിന്ന സൂര്യ ചന്ദ്രന്മാർ തിരിച്ചറിഞ്ഞു. വിഷ്ണു തന്റെ വജ്രായുധം കൊണ്ട് അയാളുടെ കഴുത്തറുത്തു. അല്പം അമൃത് ഭുജിച്ചിരുന്നതിനാൽ അയാൾ മരിച്ചില്ല. വേർപെട്ട ശരീരഭാഗങ്ങൾ രണ്ടു പാമ്പുകളായി മാറി. അതാണ് രാഹുവും കേതുവും. അവർ സൂര്യചന്ദ്രന്മാരോടുള്ള പ്രതികാരം മൂലം ഇടക്കിടെ അവരെ വിഴുങ്ങും. പക്ഷെ, ശരീരം ഛേദിക്കപ്പെട്ടതിനാൽ മറുവശത്തുകൂടി പുറത്തുപോകും. അതാണ് ഗ്രഹണം എന്നാണ് കഥ.

സൂര്യനെ വിഴുങ്ങുന്ന വ്യാളി. രാഹുകേതു സങ്കല്പത്തിന്റെ ചൈനിസ് രൂപം.

പ്രഥമദൃഷ്ട്യാ തന്നെ പരിഹാസ്യമായ ഈ കഥയുടെ പിൻബലത്തിലാണ് ഗ്രഹണവുമായി ബന്ധപ്പെട്ട ഇത്രയധികം അന്ധവിശ്വാസങ്ങൾ നിലനിന്നത് എന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തുന്നു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഗ്രഹണം കഴിഞ്ഞാൽ കുളിച്ച് ശുദ്ധിവരുത്തണം, ഗ്രഹണദോഷം പോക്കാൻ പ്രത്യേക പൂജകളും ബലികളും വേണം, ഗ്രഹണ സമയത്ത് പാമ്പിന് ഉഗ്രവിഷമായിരിക്കും. ഇങ്ങനെ പോകുന്നു വിശ്വാസങ്ങൾ. 1995 ഒക്ടോബറിലെ ഗ്രഹണസമയത്ത് വിദ്യാസമ്പന്നരായ കേരളീയർ വാതിലും ജനലും അടച്ച് അകത്തിരുന്നതും ചിലർ (സർപ്പവിഷം വീണാലോ എന്ന് കരുതി?), കിണർ പോലും മൂടിയിട്ടതും നാണക്കേടുണ്ടാക്കിയ സംഭവമാണല്ലോ.