മാസങ്ങളാണ്, 32 ദിവസത്തോളം വരും. വൃശ്ചികം, ധനു, മകരം ഇവയ്‍ക്കു നീളം കുറവാണ്, 29-30 ദിവസം മാത്രം. എല്ലാ രാശികളും 30 ഡിഗ്രി വീതമാണെങ്കിൽ പിന്നെ എന്താണീ വ്യത്യാസത്തിനു കാരണം? സൂര്യനെ ഭൂമി ചുറ്റുന്നത് ദീർഘവൃത്തത്തിലായതുകൊണ്ടാണിതു സംഭവിക്കുന്നത്. മിഥുനം-കർക്കിടക മാസങ്ങളിൽ ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയാണ് സഞ്ചരിക്കുന്നത്. അപ്പോൾ സഞ്ചരിക്കേണ്ട ദൂരം കൂടുതലും സഞ്ചാരവേഗം അല്പം കുറവും ആയിരിക്കും (ചിത്രം കാണുക) ഈ ചലനമാണ് നാം സൂര്യനിൽ ആരോപിക്കുന്നത്. അതുകൊണ്ട് സൂര്യൻ രാശി കടക്കാൻ കൂടുതൽ ദിവസമെടുക്കും. ധനു - മകര മാസങ്ങളിൽ നേരെ തിരിച്ചും സംഭവിക്കും. മലയാള മാസങ്ങളും ഋതുക്കളുമായുള്ള ബന്ധം വളരെ വ്യക്തമാണ്. ആ അർത്ഥത്തിൽ നമ്മുടെ കലണ്ടർ വളരെ ശാസ്‍ത്രീയമാണെന്നു പറയാം. (കാലാകാലങ്ങളിൽ വരുത്തേണ്ട ചില തിരുത്തലുകൾ വരുത്തിയില്ല എന്നൊരു കുഴപ്പമുണ്ട്. അതു പിന്നീടു പറയാം)
1.9 രാശിക്കൂറും ഞാറ്റുവേലയും
മധ്യാകാശ നക്ഷത്രങ്ങളുടെ 'ദ്രേക്കാണ' വിഭജനം
12 സൗരരാശികളിലൂടെയുള്ള സൂര്യന്റെ ഗതി കണ്ടെത്തും മുമ്പു തന്നെ നക്ഷത്രങ്ങളുടെയും നക്ഷത്ര ഗണങ്ങളുടെയും സ്ഥാനം കണ്ടുപിടിച്ച് സമയവും കാലവും അളക്കുന്ന വിദ്യ ബാബിലോണിയർ വശമാക്കിയിരുന്നു. 'ദശദിന' വ്യവസ്ഥ അഥവാ ദ്രേക്കാണരീതി (Dekanal System) എന്നാണതറിയപ്പെടുന്നത്. ഒരു നിശ്ചിത സമയത്ത് കിഴക്കുദിക്കുന്ന നക്ഷത്രഗണം ഏതെന്നു നോക്കിയാണവർ ഈ രീതി ആവിഷ്‍കരിച്ചത്. ഭൂമിക്കു ചുറ്റും ഖമധ്യരേഖയിൽ വരുന്ന നക്ഷത്രങ്ങളെ അവർ 36 ഗണങ്ങളാക്കി വിഭജിച്ചു. ഓരോ ഭാഗത്തെയും ഓരോ ദ്രേക്കാണം (Decan) എന്നുവിളിച്ചു. (ഡെക്കാൻ എന്ന ഗ്രീക്കു പദത്തിന് വരാഹമിഹിരൻ നൽകിയ തത്സമയ പരിഭാഷയമാണ് ദ്രേക്കാണം. ബാബിലോണിയർ എന്താണതിനെ വിളിച്ചിരുന്നതെന്നറിയില്ല) ഒരു ദ്രേക്കാണം ഖമധ്യരേഖയിലെ 10 ഡിഗ്രിയാണ്
ഒരു ദിവസം രാത്രി 8 മണിക്ക് ഒരു ദ്രേക്കാണം ഉദിക്കുന്നു എന്നിരിക്കട്ടെ. പിന്നീട് ഓരോ ദിവസവും 4 മിനിട്ടു വീതം നേരത്തെയാകുമല്ലോ അതിന്റെ ഉദയം. 10 ദിവസം കഴിയുമ്പോൾ 8 മണി ആവുമ്പോഴേക്കും പ്രസ്തുത ദ്രേക്കാണം 10 ഡിഗ്രി ഉദിച്ചുയർന്നിരിക്കും. അപ്പോൾ മറ്റൊരു ദ്രേക്കാണം കിഴക്കുദിക്കുകയാവും. ഇങ്ങനെ ഓരോ 10 ദിവസം കഴിയുമ്പോഴും ഉദയദ്രേക്കാണം മാറിമാറിവരും. 36 ദ്രേക്കാണങ്ങൾ കഴിയുമ്പോൾ 360 ദിവസമാകും. പിന്നീട് 'എണ്ണപ്പെടാത്ത' (അവഗണിക്കപ്പെടുന്ന) 5 ദിവസമാണ്. അതോടെ വർഷം പൂർത്തിയായി. നമ്മുടെ ഞാറ്റുവേലയും (13-14 ദിവസം) ഈ ദശദിന വ്യവസ്ഥയും തമ്മിലുള്ള സാധർമ്യം ശ്രദ്ധിക്കുമല്ലോ. ഞാറ്റുവേലനക്ഷത്രങ്ങൾ ചാന്ദ്രപഥത്തിലാണ്; ദ്രേക്കാണനക്ഷത്രങ്ങൾ ഖഗോള മധ്യരേഖയിലാണ്; രാശി നക്ഷത്രങ്ങൾ ക്രാന്തിവൃത്തത്തിലാണ് എന്ന കാര്യവും ശ്രദ്ധിക്കുക. കാലാവസ്ഥാ പ്രവചനത്തിനു മാത്രമല്ല, രാത്രിയിൽ സമയം ഗണിക്കാനും ദ്രേക്കാണ നക്ഷത്രങ്ങൾ പ്രയോജനപ്പെട്ടിരുന്നു.
ഓർത്തുനോക്കൂ. ചന്ദ്രൻ 27 ദിവസവും 8 മണിക്കൂറുംകൊണ്ട് ഭൂമിയെ ചുറ്റുന്നു. സൂര്യൻ ഒരു കൊല്ലംകൊണ്ട് ഭൂമിയെ ചുറ്റുന്നതായി അനുഭവപ്പെടുന്നു. രണ്ടും ഏതാണ്ട് ഒരേ വഴിയാണ്. അതാ