താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നക്ഷത്ര സ്ഥാനങ്ങൾ നോക്കി കൃഷിക്കുവേണ്ട ഒരുക്കങ്ങൾ നടത്താൻ ചൈനക്കാർക്ക് വശമുണ്ടായിരുന്നു. രഥത്തിന്റെ (സപ്തർഷികളുടെ) വാൽ താഴേക്കു ചൂണ്ടി നിൽക്കുമ്പോളാണ് കൊല്ലത്തിന്റെ തുടക്കം. സന്ധ്യക്ക് തൃക്കേട്ടയെ നേരെ കുത്തനെ കാണുന്നെങ്കിൽ മധ്യവേനലാണ്. വേട്ടക്കാരനാണ് തെക്ക് എങ്കിൽ ശീതകാലമാണ്. ഓരോ ഋതുവിന്റേയും ആരംഭം ചക്രവർത്തിയെ അറിയിക്കുക കൊട്ടാരജ്യോതിഷിയുടെ ചുമതലയായിരുന്നു. വിത്തിറക്കേണ്ട സമയമായാൽ രാജാവുതന്നെ വയലിൽ പോയി മൂന്ന് ചാൽ ഉഴുത് തുടക്കം കുറിക്കും. തുടർന്ന് മന്ത്രിമാരും ഉഴണം. ഇതോടൊപ്പം ചാന്ദ്രമാസവും ചൈനക്കാർ കാലഗണനക്ക് ഉപയോഗിച്ചു.

പക്ഷേ പണ്ട് അങ്ങനെയല്ല. അന്ന് കലണ്ടറില്ല. മേടവും ഇടവവുമില്ല. അതൊക്കെ വന്നിട്ട് രണ്ടായിരത്തിൽ ചുവടെ കൊല്ലങ്ങളേ ആയിട്ടുള്ളു. കൊല്ലത്തിന്റെ നീളം തന്നെ പണ്ടുകാലത്ത് കൃത്യമായറിയില്ല. കാലാവസ്ഥ ആവർത്തിക്കപ്പെടുന്നുണ്ട് എന്നറിയാം. പക്ഷെ എത്ര ദിവസം കൂടുമ്പോൾ എന്നറിയില്ല. ആകെ കൃത്യമായറിയാവുന്നത് ദിവസവും മാസവുമാണ്. അതുതന്നെ ഇപ്പോഴത്തെ മാസമല്ല. ചാന്ദ്രമാസമാണ്. ഒരു വെളുത്തവാവ് (പൗർണമി) മുതൽ അടുത്ത വെളുത്ത വാവു വരെയാണ് ഭാരതീയരുടെ പണ്ടത്തെ മാസം. ഗ്രീസിലും റോമിലും അറബിനാടുകളിലുമെല്ലാം കറുത്ത വാവു (അമാവാസി) മുതൽ കറുത്ത വാവു വരെയോ നവചന്ദ്രൻ മുതൽ നവചന്ദ്രൻ വരെയോ ആണ് മാസം കണക്കാക്കിയത്. ആദ്യത്തേതിനെ പൂർണിമാന്ത (പൗർണമിയിൽ അവസാനിക്കുന്ന) വ്യവസ്ഥ എന്നും രണ്ടാമത്തേതിനെ അമാന്തവ്യവസ്ഥ എന്നും വിളിക്കും. ഏതു വിധത്തിലായാലും ചാന്ദ്രമാസത്തിന്റെ നീളം 29½ ദിവസമാണ്. (കൃത്യമായിപ്പറഞ്ഞാൽ 29ദി. 12മ. 44മി. 2.9സെ). ഒന്നിടവിട്ട് മാസങ്ങൾക്ക് 29ഉം 30ഉം ദിവസങ്ങൾ നൽകുന്ന രീതിയാണ് അന്ന് പലരും സ്വീകരിച്ചിരുന്നത്. അത്തരം 12മാസങ്ങൾ ചേർന്നതായിരുന്നു പ്രാചീനരുടെ കൊല്ലം. സ്വാഭാവികമായും അതിന് 354 ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഭരണകാര്യങ്ങൾക്കും മറ്റും ഈ കാലഗണന ഉപയോഗിച്ചിരുന്നു. അതിന് ഇന്നു നമ്മളുപയോഗിക്കുന്ന സൗരവർഷവുമായി 11¼ ദിവസത്തിന്റെ വ്യത്യാസമുള്ളതുകൊണ്ട് ഋതുക്കൾ അതനുസരിച്ച് കൃത്യമായി ആവർത്തിക്കപ്പെടില്ല എന്നു തീർച്ച. ചുരുക്കത്തിൽ കൃഷിക്കാരന് കൃഷി ചെയ്യാൻ അതു സഹായകമായില്ല.

അറബി നാടുകൾ ഇപ്പോഴും 12 ചാന്ദ്രമാസങ്ങൾ ചേർന്ന ഇസ്ലാമിക് കലണ്ടർ ആണ് പിന്തുടരുന്നത്. അവർ ജീവിതവ്യത്തിക്ക് കൃഷിയെ ആശ്രയിക്കുന്നില്ല എന്നതാകാം ഇതിനു കാരണം. വർഷത്തിന് 11¼ ദിവസത്തിന്റെ കുറവുള്ളതു കൊണ്ടാണ് റംസാനും പെരുന്നാളുമെല്ലാം ഓരോ വർഷവും നേരത്തെ നേരത്തെ ആവുന്നത്. ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും എല്ലാ മാസങ്ങൾക്കും 30 ദിവസം വീതം കണക്കാക്കുന്ന ഒരു രീതിയും നിലവിലുണ്ടായിരുന്നു. അതാണ് 360 ദിവസം ചേർന്ന സാവന വർഷം.

എന്തായാലും, കൃഷിക്കാർ ഇത്തരം കാലഗണനകളെ ആശ്രയിച്ചല്ല പണ്ടു കാലത്ത് കൃഷി ചെയ്തിരുന്നത്. പകരം പ്രഭാതത്തിലെ നക്ഷത്ര ഉദയവുമായി ബന്ധിപ്പിച്ച് ഋതുപരിവർത്തനങ്ങൾ മുൻകൂട്ടി കണക്കാക്കുന്ന രീതി അവർ വികസിപ്പിച്ചെടുത്തു. 'ഞാറ്റുവേല' എന്ന കാലഗണനാക്രമമാണ് ഭാരതീയർ സ്വീകരിച്ചത്. (ഈജിപ്തുകാർക്കും ബാബിലോണിയർക്കും ഇതിനു