Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിഷുവം വൈദിക കാലത്ത്

വൈദിക ജ്യോതിഷികളുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ ഒന്നായിരുന്നു വിഷുവം. ഐതരേയ ബ്രാഹ്മണം പറയുന്നതു നോക്കൂ: "ആണ്ടിന്റെ മധ്യത്തിൽ അവർ (പുരോഹിതർ) ഏകവിംശദിനം(വിഷുവം) ആചരിക്കുന്നു. അന്നാണ് ദേവന്മാർ സൂര്യനെ സ്വർഗലോകത്തേക്ക് (ഉച്ചസ്ഥാനത്തേക്ക്) ഉയർത്തുന്നത്. അതുകൊണ്ട് അന്ന് സൂര്യന് ഏകവിംശൻ എന്ന പേർ ലഭിക്കുന്നു. അതിന് പത്ത് ദിവസം മുമ്പേ ഏകവിംശനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ഉരുവിട്ടു തുടങ്ങണം. അത് പത്ത് ദിവസം കൂടി തുടരുകയും വേണം.

ഇന്ദ്രനും വരുണനും അഗ്നിയും കഴിഞ്ഞാൽപ്പിന്നെ ആര്യന്മാരുടെ പ്രധാന ആരാധനാപാത്രം സൂര്യനായിരുന്നു. വിഷ്ണു ഒരു രണ്ടാംനിര ദേവനും.

ഹേമന്ത സംക്രമത്തിന്റെ പ്രാധാന്യവും അതിനോടനുബന്ധിച്ചുള്ള മഹാവ്രത ചടങ്ങുകളും സാമവേദ വ്യാഖ്യാനങ്ങളിൽ ഉൾപ്പെടുന്നു. 10,800 ഇഷ്ടികകൾ കൊണ്ടുവേണം ബലിപീഠങ്ങൾ തീർക്കാൻ എന്ന് അനുശാസിക്കപ്പെട്ടിരിക്കുന്നു. യുഗദൈർഘ്യവുമായി ഈ സംഖ്യക്കുള്ള ബന്ധം ശ്രദ്ധിക്കുമല്ലോ.

അഥർവ വേദകാലമായപ്പോഴേക്കും രാഹുവിനെക്കുറിച്ചുള്ള പരാമർശം, 354 ദിവസം ചേർന്ന ചാന്ദ്രവർഷം, പതിമൂന്നാം മാസത്തിന്റെ വിന്യാസം തുടങ്ങിയ കാര്യങ്ങളും ജ്യോതിഷചർച്ചകളിൽ പ്രത്യക്ഷപ്പെടുന്നു.

യജുർവേദകാലത്തുതന്നെ വർഷത്തിന്റെ നീളം 365 ദിവസത്തിൽ അല്പം കൂടുതലാണെന്ന ധാരണ ഉണ്ടായിരുന്നതായി കാണാം.തൈത്തിരീയ സംഹിതയിൽ (കൃഷ്ണയജുർവേദം) 12 ചാന്ദ്രമാസങ്ങൾക്കു പുറമേയുള്ള 11 അധിക ദിവസങ്ങളെക്കുറിച്ച് പറയുന്നുണ്ട് ( നക്ഷത്രങ്ങളെ ഉപപാദിച്ചുള്ള പുരാണകഥകളുടെ ഒരു ശേഖരം തന്നെയാണ് യജുർവേദ വ്യാഖ്യാനങ്ങൾ).

5.2 വേദാംഗ ജ്യോതിഷം

ഭാരതത്തിൽ കണ്ടെത്താൻ കഴിഞ്ഞ ഏറ്റവും പഴക്കമുള്ള ജ്യോതിഷ ഗ്രന്ഥം ലഗധ മുനിയുടെ 'വേദാംഗ ജ്യോതിഷം' ആണെന്ന് മുമ്പ് പറഞ്ഞല്ലോ. രണ്ടു രൂപത്തിൽ ഇവ ലഭ്യമാണ്. 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും 44 ശ്ലോകങ്ങളുള്ള യജുർവേദ ജ്യോതിഷവും. രണ്ടിലും പറയുന്ന കാര്യങ്ങൾ തമ്മിൽ വലിയ അന്തരമില്ല. എഴുതപ്പെടും മുമ്പ്, രണ്ടു സരണികളിലൂടെ, ഒരേ കാര്യങ്ങൾ വാമൊഴിയായി പിന്തുടർന്നു എന്നേ കരുതേണ്ടൂ. അതിന്റെ രചനാകാലത്ത് ദക്ഷിണായനാന്ത ബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്ത ബിന്ദു ആയില്യത്തിന്റെ മധ്യത്തിലും ആയിരുന്നെന്ന് കൃതിയിൽ പറയുന്നുണ്ട്. ക്രിസ്തുവർഷം 505 ൽ അവ യഥാക്രമം, ഉത്രട്ടാതിയുടെ ഒന്നാം പാദത്തിന്റെ ഒടുവിലും പുണർതത്തിന്റെ മൂന്നാം പാദത്തിന്റെ ഒടുവിലും ആണെന്ന് വരാഹമിഹിരനും രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ലഗധനു ശേഷം വിഷുവസ്ഥാനങ്ങൾക്കു 1 ¾ നാളിന്റെ (23 ഡിഗ്രിയിലധികം) പുരസ്സരണം സംഭവിച്ചിരിക്കുന്നു!. അഥവാ 1600-1700 വർഷം കഴിഞ്ഞിരിക്കുന്നു. അതിനർഥം വേദാംഗ ജ്യോതിഷത്തിന്റെ രചനാകാലം ക്രിസ്തുവിനു മുമ്പ് 11-12 നൂറ്റാണ്ടുകളാണെന്നാണല്ലോ. ഒരു പക്ഷേ അതിനു ശേഷമാകാനും മതി. നേരിട്ടുള്ള നിരീക്ഷണത്തിനു പകരം നിലനിന്നിരുന്ന ചില അറിവുകൾ ലഗധൻ ക്രോഡീകരിച്ചതാകാം. ലഗധന്റെ കാലം ക്രിസ്തുവിനു മുമ്പ് 8-9 നൂറ്റാണ്ടുകളാണെന്നാണ് ചില ചരിത്രകാരന്മാർ കണക്കാക്കുന്നത്.