താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങനെ പിൽക്കാലത്ത് ഫലഭാഗജ്യോതിഷത്തിൽ എത്തിച്ചേർന്നു എന്നതാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം. ഒപ്പം, ഫലഭാഗത്തിന്റെ ചില അടിസ്ഥാനപ്രമാണങ്ങളെ ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കാനും ഉദ്ദേശിക്കുന്നു.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് പ്രാചീന ജ്യോതിശ്ശാസ്ത്രത്തിന്റെ വികാസചരിത്രവും മുഖ്യ കണ്ടെത്തലുകളും ചർച്ച ചെയ്യും. ജ്യോതിശാസ്ത്രം ആദ്യം വികാസം പ്രാപിച്ച രാജ്യമോ, ഏറ്റവും വളർച്ച പ്രാപിച്ച രാജ്യമോ ഇന്ത്യയായിരുന്നു എന്നു കരുതാൻ ഒരു ന്യായവും കാണുന്നില്ല. ബാബിലോണിയയിലേയും ചൈനയിലേയും ഗ്രീസിലേയും അതിന്റെ വളർച്ച ചർച്ച ചെയ്യാതെ ശരിയായ ഒരു ചിത്രം നമുക്കു കിട്ടുമെന്നും തോന്നുന്നില്ല. സഞ്ചാരികളും വ്യാപാരികളും വഴി ആദ്യകാലം മുതൽക്കേ ഭാരതത്തിന് ബാബിലോണിയയുമായി ബന്ധമുണ്ടായിരുന്നു. അലക്സാണ്ടറുടെ വരവിനു ശേഷം ഗ്രീസുമായും നമുക്കു നല്ല സാംസ്കാരിക ബന്ധമുണ്ടായി. ജ്യോതിഷത്തിലും ഈ രാജ്യങ്ങളുമായി കൊള്ളക്കൊടുക്കകൾ നടന്നിരുന്നു എന്നു വ്യക്തം. പിന്നീട് ഭാരതീയ ജ്യോതിഷം സ്വന്തം നിലക്ക് ഒട്ടേറെ മുന്നോട്ടു പോയി - ഗണിതഭാഗത്തിലും ഫലഭാഗത്തിലും. ആര്യഭടനെപ്പോലുള്ളവർ ഗണിതഭാഗത്തിൽ മാത്രം സംഭാവനകൾ നൽകിയവതാണ്. കോപ്പർനിക്കസ്സിനും പത്തു നൂറ്റാണ്ടുമുമ്പ് ഭൂമിയുടെ ഭ്രമണം മൂലമാണ് ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഉദയാസ്തമയങ്ങൾ ഉണ്ടാകുന്നത് എന്ന് പറയാൻ ആര്യഭടന് കഴിഞ്ഞത് അത്ഭുതകരമായ ഉൾക്കാഴ്ചയും നിരീക്ഷണ പാടവവും ഒത്തുചേർന്നതുകൊണ്ടാണ്. എങ്കിലും ഭാരതത്തിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്ന ഫലഭാഗജ്യോതിഷം ഇത്തരം ശാസ്ത്രചിന്തകളെയെല്ലാം പിന്നീട് ഞെരിച്ചുകൊന്നുകളഞ്ഞു. അതിന്റെ നാമ്പുകൾ പിന്നീടു പ്രത്യക്ഷപ്പെട്ടത് അറബിനാടുകളിലാണ്. അവരുടെ സംഭാവന സാമാന്യം വിശദമായിത്തന്നെ നാം ചർച്ചചെയ്യും.

ജ്യോതിഷത്തെ ഒരു ശാസ്ത്രവിഷയമായംഗീകരിക്കണമെന്നും സർവകലാശാലകളിൽ ഒരു പാഠ്യവിഷയമാക്കണമെന്നും ഉള്ള അഭിപ്രായം അടുത്ത കാലത്തായി ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്. യു ജി സി പോലും അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുകയുണ്ടായി. 'ശാസ്ത്രം' എന്ന പദം സംബന്ധിച്ച തെറ്റിദ്ധാരണ ഇവിടെ സ്പഷ്ടമാണ്. 'സയൻസ്' എന്ന ഇംഗ്ലീഷ് പദത്തിനു പകരമാണ് നാമിപ്പോൾ 'ശാസ്ത്രം' എന്ന പദം ഉപയോഗിക്കുന്നത്. എന്നാൽ പ്രാചീനകാലത്ത് 'ശാസിക്കപ്പെട്ടത്' ആയിരുന്നു 'ശാസ്ത്രം'. അതായത്, വിജ്ഞന്മാർ അനുശാസിച്ച കാര്യങ്ങൾ എന്നർഥം. അതിനു സയൻസിന്റെ യുക്തിഭദ്രതയോ നിരീക്ഷ