14 | കുണ്ടൂർ നാരായണമേനോൻ | |
പണ്ടുള്ള നല്ല പതിനെട്ടടവും തിരിഞ്ഞു
കൊണ്ടുള്ള കൂട്ടരിലവന്റെ കിടയ്ക്കൊരാളെ
കണ്ടില്ലയെന്നവിടെയുള്ളവരോർക്കിലൊന്നു
രണ്ടല്ല കോമനെയറിഞ്ഞവരൊക്കെയോതും. 8
കാളയ്ക്കു കാണുമൊരുതോളു, കരിമ്പനയ്ക്കു
കാളും കുറുമ്പുകളയുന്നുടൽ, മാർവിരിഞ്ഞ്
നീളത്തിലുക്കുടയ കൈകളുമായ് പടയ്ക്കു
കേളിപ്പെടുംപടി വിളഞ്ഞു വിളങ്ങി കോമൻ. 9
വണ്ടാറണിക്കുഴലിമാരൊരു കണ്ണു നോക്കി-
കണ്ടാൽ മയങ്ങുമഴകുണ്ടവനെന്നുമല്ല,
തിണ്ടാടിനേർക്കുമെതിരാളികളെത്രകൂടി-
ക്കൊണ്ടാലുമാമിടുമിടുക്കനു പുല്ലുപോലെ. 10
അങ്ങോർക്കെതിർത്ത തറവാട്ടിലൊരേഴുപേരു-
ണ്ടിങ്ങോർക്കിലീയൊരുവനേ പടയാളിയുള്ളു
മങ്ങാതെയുള്ളുശിരിയന്നൊരവന്നുചേർന്ന
ചങ്ങാതി ചാപ്പനരികിൽ പിരിയാതെയുണ്ടാം. 11
നാട്ടിൽക്കിടന്നു കഴിയേണ്ടുമൊരേതു നായർ-
വീട്ടിങ്കലും മുറപിടിച്ചടിയന്തിരങ്ങൾ
പാട്ടിൽക്കഴിപ്പതിനു മേൽപ്പടിയുള്ള രണ്ടു-
വീട്ടിങ്കലും പറയണം പതിവാണിതത്രേ. 12
എന്നാലുമീയൊരെതിർ വീട്ടുടയോർകൾ തമ്മിൽ
വന്നാലൊരേടവുമിണങ്ങുകയില്ലതാനും
ഒന്നാണിടയ്ക്കിവരിടഞ്ഞു കലമ്പൽകൂട്ടി-
യെന്നാൽ കുഴങ്ങുമതിനാൽ കരുതിപ്പിടിക്കും. 13
വേഴ്ചപ്പടിക്കൊരുവനെത്തുകിൽ മറ്റുകൂട്ടർ
കാഴ്ചയ്ക്കുപോലുമണകില്ലൊഴിവായിരിക്കും
ഈച്ചട്ടമോർത്തൊരിടമുള്ളൊരു താലികെട്ടി-
നായ്ച്ചെന്നു കോമനിണയാകിയ ചാപ്പനോടും. 14
തിണ്ണന്നു കോമനു മുറയ്ക്കൊരു നാടുവാഴി-
യ്ക്കെണ്ണംകുറിക്കുമൊരു കട്ടിൽ കൊടുത്തിരുന്നു
പെണ്ണുങ്ങൾ മോടിയൊടു പണ്ടമണിഞ്ഞു വേണ്ടും-
വണ്ണം തിരക്കൊടുമിടയ്ക്കിടെ വന്നിരുന്നു. 15