മുകളിൽ ചൊകചൊകെയായണിനിരന്നു ന-
ന്മുകിൽമാലകൾ മേന്മേൽത്തെളിഞ്ഞു മിന്നീടവേ,
താണതാം തപനന്റെ തങ്കമിന്നലിലാണ്ടു
ചേണെഴും വിഹായസ്സിൽ നീളെ നീ പാഞ്ഞീടുന്നു.
പാടേ തന്നാലംബമാമാകാരം പരിത്യജി-
ച്ചോടുവാനടുത്താരംഭിച്ചുള്ളൊരാനന്ദം പോൽ!
മങ്ങിയ കടുംചോപ്പുകലർന്ന സായന്തനം
ഭംഗ്യാ നീ പായുന്നതിൻ ചുറ്റുമായുരുകുന്നു.
പരക്കും പകലിന്റെ പാരമ്യപ്രഭയിങ്കൽ
സുരലോകത്തിലുള്ള താരകത്തിനെപ്പോലെ!
നീയദൃശ്യനാണെന്നാലപ്പോഴും നിന്നാനന്ദ-
പീയൂഷമേലും വ്യക്തകളഗാനം ഞാൻ കേൾപ്പൂ
ആ വെള്ളിത്തേജോഗോളത്തിങ്കൽനിന്നുതിരുന്നു
തൂവെള്ളക്കതിരുകൾ വിശിഖങ്ങളെപ്പോലെ!
ആയതിൽ തേജസ്സെല്ലാം പുലർകാലത്തിൽത്തേഞ്ഞു
മായുന്നൂ കാണാനാകാത്തതുപോൽ മന്ദംമന്ദം.
എന്നാലും നമുക്കറിഞ്ഞീടാമതദ്ദിക്കിലു-
ണ്ടെന്നതു --നീയുമേവം ലസിപ്പൂ കാണായ്കിലും!
അന്തരീക്ഷവും ധരാതലവും നിൻഗീതത്താൽ
സന്തതമൊരുപോലെ മറ്റൊലിക്കൊണ്ടീടുന്നു.
ഒരു കാർമുകിൽപോലും നിർമ്മലനിശീഥത്തിൽ
രാകാധിനാഥൻ പെയ്യും ചന്ദ്രികാപൂരത്തിനാൽ
നാകമണ്ഡലം കവിഞ്ഞൊഴുകുന്നതുപോലെ.
എന്താണ് നീയെന്നൊട്ടും ഞങ്ങളിന്നറിവതി-
ല്ലെന്തിനോടുപമിക്കും നിസ്തുലനാകും നിന്നെ?
ചേലിൽ വാർമഴവല്ല്ലു നിഴലിപ്പിക്കും മേഘ-
മാലിക പൊഴിച്ചീടും സൗന്ദര്യകണികകൾ,
കാണുവാനത്രയ്ക്കിമ്പമില്ലല്ലോ തവ ദിവ്യ-
ഗാനത്തിൻ സുധാധാരയാസ്വദിപ്പതിനോളം.
ജയബോധത്താൽ ധരാവലയമനുകമ്പാ-
മയമായ്ത്തീർന്നു ഭീതിയൊഴിയുന്നതുവരെ
തത്ത്വചിന്തനത്തിന്റെ സുപ്രഭാപടലത്തി-
ലെത്രയും നിഗൂഹിതസത്വനായനാരതം.
അർത്ഥനയെന്യേ ദിവ്യമന്ത്രങ്ങൾ പാടിപ്പാടി
മെത്തിടും മുദാ വാണിടുന്നൊരു കവിയെപ്പോൽ.
താൾ:കല്ലോലമാല.djvu/24
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു