Jump to content

താൾ:കണ്ണൻ.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
40 കുണ്ടൂർ നാരായണമേനോൻ


ചെറ്റിപ്പടിയ്ക്കൽനടന്നവളിൽ പയറ്റു
തെറ്റിത്തുടങിയരചനു പരിക്കുപറ്റി
'തോറ്റിട്ടടങ്ങിടുകയില്ലവനെ'ന്നൊരുണ്ട
യേറ്റിട്ടടുത്ത പുലിപോലമർ ചെയ്തു മന്നൻ        94

മാറ്റാർ വിറയ്ക്കുമുശിരാർന്നു പയറ്റു തെറ്റു-
പറ്റാതെ കാട്ടിയടലാടിയ കണ്ണനപ്പോൾ
ചൊറാടലാർന്നുഴലുവോരരചന്റെ മെയ്യിൽ
തെറ്റാതെ വാളു കടയോളമുടൻ കടത്തീ.        95

കുത്തേറ്റുവീഴുമവന,പ്പടയാളിമാരിൽ
മുത്തേതുമേ കരുതിടാതെയടുത്തുനിൽക്കേ,
ഉൾത്തേടുമീറയൊടു കണ്ണനെയപ്പൊളൊപ്പം
വീഴ്ത്തേണമെന്നകൊതിയോടൊരു കുത്തു കുത്തീ.        96

കുത്താലെ ചോരയുമണിഞ്ഞു നിലത്തു വീണു
ചത്താൻ ചതിപ്പണിയതിങ്ങനെ ചെയ്തു മന്നൻ
ചത്താൾകണക്കരിയകണ്ണനുമന്നു വല്ലാ-
തുൾത്താരുഴന്നടൽ നിലത്തു മറിഞ്ഞു വീണു.        97

പന്തിൽക്കവിഞ്ഞൊരഴകുമുള്ളൊരു കൊങ്ക പുൽകാൻ
പന്തിയ്ക്കു കണ്ണനവിടെയ്ക്കണയായ്കയാലേ.
എന്തിക്കണക്കിലൊരമാന്തമിതെന്നുമോർത്ത-
ന്നന്തിയ്ക്കവന്റെ മടവാരഴലാർന്നുഴന്നൂ.        98

'പോരാടവേ ചില പരിക്കുകളേൽക്കകൊണ്ടു
പോരാൻ ഞെരുങ്ങിയവിടെക്കണവൻ കിടന്നാൽ
ആരാളവന്നവിടെ ? ഞാനിവിടത്തിൽ വാണാൽ
പോരാ പുറപ്പെടുവനെ'ന്നവളോർത്തുറച്ചു.        99

നല്ലാരിൽമുത്തരിയൊരാൺവടിവാർന്നുവീട്ടി-
ലെല്ലാവരും മുറികൾപൂക്കു കിടന്നനേരം
വല്ലാത്ത മാലൊടുമിറങ്ങി, യൊരുത്തരോടും
ചൊല്ലാതെ ചെന്നുടനടുത്തിതടൽക്കളത്തിൽ.        100

പാലാഴിചേർന്നുടനുറങ്ങിയ കണ്ണനെന്ന-
പോലാ, നിലാവു നിറയുന്നൊരടൽക്കളത്തിൽ
ചേലാർന്ന കണ്ണിണയടച്ചുകിടന്നിരുന്ന
കോലാട്ടു കണ്ണനെയടുത്തവളന്നു കണ്ടു.        101

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/13&oldid=216573" എന്ന താളിൽനിന്ന് ശേഖരിച്ചത്