Jump to content

താൾ:ഉമാകേരളം.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇണയേറ്റിടുമാന്ധ്യമേകി നിർ-
ഘ്യണമെന്നെപ്പടുകുണ്ടിൽ വീഴ്‌ത്തിയോ ?       68

മലരും തടയുമ്പൊൾ മെത്തമേൽ
കലരും പാടതുമട്ടെഴും തനു
ശില തിങ്ങിടുമൂഴിമേൽ‌പ്പെടും
നില ഞാനെങ്ങനെ കാൻ‌മു ദൈവമേ ?       69

അഴകിൽ‌പ്പുതുപൂക്കൾ ചൂടിടും
കുഴലയ്യോ ബത ! കാളഭോഗിപോൽ
കഴലും വെടിയുന്ന പൂഴിമേ-
ലിഴയുന്നു,ണ്ടിതു കാണ്മതെങ്ങനെ ?       70

കളവറ്റുപചാരമുള്ളഴി-
ഞ്ഞിളതാം തെന്നൽ നിതാന്തമേകിയും
അളകങ്ങളൊഴിഞ്ഞു കുട്ടികൾ-
ക്കിളകുന്നീല ശരീരമേതുമേ       71

സുതരാം ദ്യുതിപൂണ്ടൊരോമന-
സ്സുതർതൻ മേനികളേതുമട്ടിലോ
ബത ! വയ്‌പതു ശങ്കവിട്ടു ഞാൻ
ചിതമേൽ, കള്ളിയടുപ്പിലെന്നപോൽ?       72

വിരുതേറുമിളങ്കിടാങ്ങളോ-
ടൊരുമിച്ചൻപൊടു ഭുക്തി ചെയ്യവേ,
കരുതീലതൊരന്ത്യ ഭുക്തിയായ്
വരുമെന്നിന്നലെ,യിന്നിവണ്ണമായ്.       73

തിലതോയമെനിക്കു നൽകുമെൻ
കുലതന്തുക്കളൊടുക്കമെന്നു ഞാൻ,
അലമോർപ്പളവെന്റെ കൈകളാൽ
ഖലവേധസ്സതവർക്കു നൽകിയോ?       74

നലമേറിടുമിക്കിടാങ്ങളാൽ
വിലസും രാജ്യ;മിവണ്ണമോർത്ത ഞാൻ
ഇലവിൻ പഴമുണ്ണുവാൻ രസം
കലരും ശാരിക തന്റെ തോഴിയായ്.       75

കിതവൻ വിധിയെന്റെയാശയം
ലതതൻ വേരിനു വെച്ചു വെണ്മഴു;
ബത! നെഞ്ചഴലഗ്നി കത്തിടും
ചിതമേലേറ്റി; വരേണ്ടതെന്തിനി?       76

ഇളയിത്സ്സുതനൊന്നു മച്ചികൾ-
ക്കുളവാകാത്തതുകൊണ്ടു സങ്കടം!
മുളയിൽക്കരിയും നിലത്തിലും
വിളവില്ലാത്തരിശെത്ര മേത്തരം ?       77

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/91&oldid=172943" എന്ന താളിൽനിന്ന് ശേഖരിച്ചത്