കടലിൽക്കളിയാടിടുന്ന വിചീ-
മടവാർമുത്തിനു നട്ടുവൻ മൃഗാങ്കൻ. 63
പതിവാം കുടിലത്വമറ്റു രാത്രീ-
പാതി നൽകാന്തിയെഴും കലാകലാപം
പതിനാറുമണിഞ്ഞ തന്നിലുള്ളം
പതിയും ദ്യോവിനെ മേൽക്കുമേൽ പുണർന്നു. 64
വിലസൽസിതദീധിതിച്ഛ്ലത്താ-
ലലർബാണപ്രഭുവിൻ യശ:പ്രകാശം
നലമോടു പരത്തി നാട്ടിലെങ്ങും
ബലവാൻ തൽ ഭടനായകൻ ശശാങ്കൻ. 65
അമിതദ്യുതി ചന്ദ്രഹസമേന്തി-
ത്തിമിരത്തെക്കൊലചെയ്തൂ പർവരാത്രി,
സമിതിപ്രിയ ഭദ്രകാളി മുന്നം
നിമിഷത്താൽ മഹിഷാസുരേന്ദ്രനെപ്പോൽ . 66
തരുണർക്കു മനോഭവന്റെ നേർക്കു-
ള്ളോരു ഭക്തിസ്ഥിതി നോക്കി നിർണ്ണയിപ്പാൻ
വരുമിന്ദുമയൂഖചാരർ ജാലം
വിരുതിൽ ത്തേടിയകത്തണഞ്ഞു മന്ദം. 67
വിലയേറിന ചന്ദ്രകാന്തശയ്യാ -
തലമേറിക്കളിയാടിടും യുവാക്കൾ
ജലകേളി കൊതിച്ചു പോയിടായ്വാൻ
നലമോടായതു ചന്ദ്രനാർദ്രമാക്കി. 68
അവനീതനുവിന്നുദിച്ച ഭാസ്വൽ -
ഭാവമാമാതപതാപമോഷധീശൻ
ജവമോടു നിജാംശൂനാമമേന്തും
നവനീതം തടവി ക്ഷണത്തിൽ മാറ്റി. 69
വളരെദ്ദിനമായ്പ്പിരിഞ്ഞിരുന്നോ -
രിളയെശ്ശാരദപർവചന്ദ്രികാളി
അളവറ്റരികത്തണഞ്ഞു പുൽകൂ -
ന്നളവമ്മാനിനിതൻ മുഖം തെളിഞ്ഞു. 70
ഇനിയും വിവരിപ്പതില്ല ; മന്നിൽ -
ജ്ജനിയാർന്നുള്ള ജനത്തെയാകമാനം
കനിവാർന്നൊരു ചന്ദ്രനന്നു സൗഖ്യ -
പ്പനിനീർപ്പൊയ്കയിൽ മുക്കി നിന്നിരുന്നു. 71
ഉലകിന്ദുമയൂഖവാപിയിങ്കൽ -
ജ്ജലകേളിസ്പൃഹ കോലുമാക്ഷണത്തിൽ
ലലനാമണി വഞ്ചിറാണിതന്ന -
ഞ്ചലർമെയ്ക്കുട്ടികളായതിൽക്കളിച്ചു. 72
താൾ:ഉമാകേരളം.djvu/74
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല